Breaking News

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ദര്‍ബ് അല്‍ സായിയിലെ ആക്ടിവിറ്റികള്‍ നാളെ തുടങ്ങും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ദര്‍ബ് അല്‍ സായിയിലെ ആക്ടിവിറ്റികള്‍ നാളെ തുടങ്ങും .ഉമ്മുസലാല്‍ മുഹമ്മദിലെ സ്ഥിരം വേദിയിലാണ് ആഘോഷപരിപാടികള്‍ തുടങ്ങുക. ഡിസംബര്‍ 18-നാണ് ഖത്തര്‍ ദേശീയ ദിനം. ‘നമ്മുടെ ഐക്യമാണ് നമ്മുടെ ശക്തിയുടെ ഉറവിടം’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ദിന മുദ്രാവാക്യം.
24 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഖത്തറി സംസ്‌കാരവും പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന സെമിനാറുകള്‍, കവിതാ സായാഹ്നങ്ങള്‍, നാടകാവതരണങ്ങള്‍, ദൃശ്യകലകള്‍ എന്നിവയ്ക്കൊപ്പം സാംസ്‌കാരിക, പൈതൃക, കലാപരമായ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞുനില്‍ക്കും. ഫിഫ 2022 ലോകകപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഖത്തറിലെത്തുന്ന ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകരെ കൂടി പരിഗണിച്ചാണ് ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

191-ലധികം പ്രധാന പരിപാടികള്‍ക്ക് കീഴില്‍ സാംസ്‌കാരിക മന്ത്രാലയം 4,500 സാംസ്‌കാരിക പൈതൃക പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 18 വരെ 24 സെമിനാറുകള്‍, ആറ് കവിയരങ്ങുകള്‍, ഒമ്പത് നാടക പ്രദര്‍ശനങ്ങള്‍ എന്നിവയുള്‍പ്പെടെ 96-ലധികം ദൈനംദിന സാംസ്‌കാരിക-കലാ പരിപാടികള്‍ നടക്കും.

തിയേറ്റര്‍ അഫയേഴ്‌സ് സെന്റര്‍, മ്യൂസിക് അഫയേഴ്‌സ് സെന്റര്‍, വിഷ്വല്‍ ആര്‍ട്ട് സെന്റര്‍, ഖത്തര്‍ പോയട്രി സെന്റര്‍ ‘ദിവാന്‍ അല്‍ അറബ്’, ഖത്തര്‍ മീഡിയ സെന്റര്‍, ഖത്തര്‍ ഫോറം ഫോര്‍ ഓതേഴ്‌സ്, ഖത്തര്‍ ഫോട്ടോഗ്രാഫി സെന്റര്‍, മന്ത്രാലയവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങള്‍ എന്നിവ പരിപാടിയില്‍ പങ്കെടുക്കും.

ദേശീയ ദിനാഘോഷങ്ങളില്‍ ഖത്തറിലെ എല്ലാ സൊസൈറ്റി അംഗങ്ങളുടെയും സന്ദര്‍ശകരുടെയും അതിഥികളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ കാഴ്ചപ്പാടിന് അനുസൃതമായാണ് സാംസ്‌കാരിക, പൈതൃക പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള സംഘാടക സമിതി പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും ഉയര്‍ത്തിക്കാട്ടുന്നവയായിരിക്കും എല്ലാ പരിപാടികളും.

ഖത്തറി സമുദ്ര പൈതൃകം രേഖപ്പെടുത്തുന്ന തിയേറ്റര്‍ അഫയേഴ്സ് സെന്ററിന്റെ ആദ്യ നാടകം നവംബര്‍ 25, 26, 27 തീയതികളില്‍ ദര്‍ബ് അല്‍ സായിയിലെ അല്‍ ബിദാ ഏരിയയില്‍ നടക്കും. ഡിസംബര്‍ 12-14 തീയതികളില്‍ ഖത്തറി പരമ്പരാഗത വീടുകളുടെ പൈതൃകത്തിന്റെ വശങ്ങള്‍ രേഖപ്പെടുത്തുന്ന ഓപ്പറയും കേന്ദ്രം അവതരിപ്പിക്കും. ഡിസംബര്‍ 15-17 തീയതികളില്‍ ദര്‍ബ് അല്‍ സായ് തിയേറ്ററില്‍ മറ്റ് രണ്ട് ഓപ്പറകളും അവതരിപ്പിക്കും.

എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ദിവസേനയുള്ള പാവ നിര്‍മ്മാണ ശില്‍പശാലകള്‍ക്ക് പുറമേ, ഒരു പപ്പറ്റ് തിയേറ്ററില്‍ രണ്ട് നാടകങ്ങളും ഉണ്ടായിരിക്കും. വീട്ടില്‍ ലഭിക്കുന്ന ലളിതമായ സാമഗ്രികള്‍ ഉപയോഗിച്ച് പാവ നിര്‍മാണം, കളറിംഗ്, അലങ്കരിക്കല്‍ എന്നിവ ശില്‍പശാലകള്‍ കുട്ടികളെ പഠിപ്പിക്കുന്നു. അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും പങ്കെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കും.

ഉം സലാല്‍ മുഹമ്മദില്‍ 150,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ദര്‍ബ് അല്‍ സായി സ്ഥിരം വേദി സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും വിശ്രമവും സുരക്ഷയും പ്രദാനം ചെയ്യുന്നതും അവരുടെ അനുഭവം വര്‍ധിപ്പിക്കുന്നതുമായ സേവനങ്ങളും പൊതു സൗകര്യങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. മൂന്ന് പ്രധാന റോഡുകളില്‍ നിന്നും ദോഹ മെട്രോയുടെ ഗ്രീന്‍ ലൈന്‍സ് ഓള്‍ഡ് റയ്യാന്‍ സ്റ്റേഷനിലൂടെ പുതിയ ലൊക്കേഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും, കൂടാതെ ഏകദേശം 3,500 കാറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് പ്രധാന ഗേറ്റുകളുമായും പ്രവേശനത്തിനായി അഞ്ച് സര്‍വീസ് ഗേറ്റുകളുമായും പാര്‍ക്കിംഗ് ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ട്രാഫിക് ഫ്‌ളോ സുഗമമാക്കുവാന്‍ സഹായകമാകും.

Related Articles

Back to top button
error: Content is protected !!