Breaking News
ഖത്തര്‍ ലോകകപ്പിലെ ആദ്യ നോക്കൗട്ടില്‍ അമേരിക്ക ഔട്ട്
റഷാദ് മുബാറക്
ദോഹ. ഖത്തര്‍ ലോകകപ്പിലെ ആദ്യ നോക്കൗട്ടില്‍ അമേരിക്ക ഔട്ട് . ഇന്ന് വൈകുന്നേരം 6 മണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നെതര്‍ലാന്‍ഡ്‌സാണ് അമേരിക്കയെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയത്.
കളിയിലുടനീളം മേധാവിത്തം പുലര്‍ത്തിയ നെതര്‍ലാന്‍ഡ്‌സിന്റെ മെംഫിസ് ഡെപേ കളിയുടെ പത്താം മിനിറ്റില്‍ തന്നെ ഗോളടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗാരി ബ്‌ളിന്‍ഡും എണ്‍പത്തിയൊന്നാം മിനിറ്റില്‍ ഡെന്‍സല്‍ ഡംഫ്രൈസും അമേരിക്കയുടെ വല കുലുക്കി.
അമേരിക്കക്ക് വേണ്ടി ഹജി റൈറ്റാണ് ഗോള്‍ നേടിയത്.
അടുത്ത ഫിഫ ലോകകപ്പിന്റെ സംഘാടക രാജ്യങ്ങളില്‍പ്പെട്ട അമേരിക്ക ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്തായതോടെ കോണ്‍കകാഫ് മേഖലയില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രാതിനിധ്യമുണ്ടാവില്ല.