രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം കളിക്കളങ്ങള്‍ വീണ്ടും സജീവമാകുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ.രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം കളിക്കളങ്ങള്‍ വീണ്ടും സജീവമാകുന്നു . ഫിഫ 2022 ലോകകപ്പ് ഖത്തറിലേക്ക് യോഗ്യത നേടിയ 32 മത്സരാര്‍ത്ഥികളില്‍ 24 പേര് പുറത്താവുകയും ബാക്കിയുള്ളവര്‍ ഇന്ന് മുതല്‍ ഖത്തര്‍ 2022 സെമിഫൈനലില്‍ സ്ഥാനം നേടാനുള്ള അവരുടെ ഡു-ഓര്-ഡൈ പോരാട്ടം ആരംഭിക്കാന്‍ ഒരുങ്ങുകയും ചെയ്യുമ്പോള്‍ കളിയാവേശം അലയടിക്കുകയാണ് .
അസ്വസ്ഥതകളും ആവേശവും വികാരങ്ങളും കണ്ട ആവേശകരമായ റൗണ്ട് 16 ന് ശേഷം അവസാന എട്ടിന്റെ റൗണ്ട് ഇന്ന് ആരംഭിക്കും.
ഏഷ്യന്‍, നോര്‍ത്ത് അമേരിക്കന്‍ ടീമുകള്‍ ഇതിനകം തന്നെ മത്സരത്തില്‍ നിന്ന് പുറത്തായതിനാല്‍, ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ടീമുകളാണഉള്ളത്.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, യുവേഫയുടെ സഹ മത്സരാര്‍ത്ഥികളായ ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ്സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കൊപ്പം അവസാന എട്ടില്‍ ഇടംനേടിയിട്ടുണ്ട് എങ്കിലും കളിയാരാധകരുടെ ഏറ്റവും മികച്ച പ്രതീക്ഷകള്‍ അഞ്ച് തവണ ജേതാക്കളായ ബ്രസീലിലും രണ്ട് തവണ ജേതാക്കളായ അര്‍ജന്റീനയിലും തന്നെയാണെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് ടീമായ മൊറോക്കോയിലാണ് കാഫ് തങ്ങളുടെ പ്രതീക്ഷകള്‍ നെയ്യുന്നത്.
ഇന്ന് വൈകുന്നേരം 6 മണിക്ക് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ സ്റ്റേജിന്റെ ഉദ്ഘാടന മത്സരത്തില്‍ റഷ്യ 2018 ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ബ്രസീലിനെ നേരിടും.
1991-ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷം ഈ യൂറോപ്യന്‍ രാജ്യം അവരുടെ ആറാമത്തെ ലോകകപ്പ് ഫൈനലില്‍ പങ്കെടുക്കു്ന്നത് നാല് വര്‍ഷം മുമ്പുള്ള വീരകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിച്ചുകൊണ്ടാണ് . കഴിഞ്ഞ തവണ ലോകകപ്പ് കിരീടം നേടുന്നതിന്റെ അകലത്തില്‍ അവര്‍ എത്തിയെങ്കിലും ഫ്രാന്‍സിനോട് 2-4 ന് പരാജയപ്പെട്ടു.
അവസാന എട്ടിലെത്താന്‍ ആവേശകരമായ ഷൂട്ടൗട്ടില്‍ ജപ്പാനെ പുറത്താക്കിയ ക്രൊയേഷ്യക്കാര്‍ ഇന്നത്തെ ക്രഞ്ച് ടൈയില്‍ അവരുടെ പരിചയസമ്പന്നനായ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിനെയാണ് ആശ്രയിക്കുന്നത്.
അതേസമയം, ഇത്തവണ കിരീടം ചൂടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ബ്രസീലുകാര്‍ 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു കിരീട നേട്ടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 2002ല്‍ ജര്‍മ്മനിയെ 2-0ന് തോല്‍പ്പിച്ചതാണ് അവരുടെ അവസാന വിജയം.നിലവില്‍ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ 1930-ല്‍ ആരംഭിച്ചതിന് ശേഷം എല്ലാ ലോകകപ്പ് ഫൈനല്‍ എഡിഷനുകളിലും കളിച്ചിട്ടുള്ള ഒരേയൊരു ടീമാണ്.
ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്.
അതേസമയം, ഇന്നത്തെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറ്റുമുട്ടലില്‍ നെതര്‍ലന്‍ഡ്സ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരു ടീമായ അര്‍ജന്റീനയെ നേരിടും.
2018 പതിപ്പ് നഷ്ടമായതിന് ശേഷം, യുഎസ്എയ്ക്കെതിരായ 3-1 വിജയത്തോടെ അവസാന എട്ടില്‍ ഇടം നേടിയതിന് ശേഷം ഡച്ചുകാര്‍ അവരുടെ അസാധാരണമായ ഫോമിലാണ് കയറാന്‍ ശ്രമിക്കുന്നത്.
മൂന്ന് തവണ (1974, 1978, 2010) ഫൈനലിലെത്തിയ ഡച്ചുകാര്‍ ഇത്തവണ കിരീടം തകര്‍ക്കാന്‍ ശ്രമിക്കും. എന്നാല്‍ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനക്കാര്‍ തങ്ങളുടെ പാത തടയാന്‍ അവരുടെ ആയുധപ്പുരയിലുള്ള മുഴുവന്‍ തന്ത്രങ്ങളും പുറത്തെടുക്കും. 1978ലും 1986ലും രണ്ട് തവണ ലോകകപ്പ് നേടിയ അര്‍ജന്റീന, 1930, 1990, 2014 വര്‍ഷങ്ങളില്‍ മൂന്ന് തവണ റണ്ണേഴ്സ് അപ്പായിരുന്നു.
36 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായി ഖത്തറിലെത്തിയ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയെങ്കിലും മെക്സിക്കോയ്ക്കെതിരെയും പോളണ്ടിനെതിരെയും തുടര്‍ച്ചയായി വിജയിച്ച് മുന്നേറി. തുടര്‍ന്ന് ഓസ്ട്രേലിയയെ 2-1ന് തോല്‍പ്പിച്ച് അവര്‍ അവസാന എട്ടില്‍ ഇടം നേടിയത്.