Uncategorized

പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം ഗ്‌ളോബല്‍ അവാര്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ. 2002 മുതല്‍ തുടര്‍ച്ചയായി 21 വര്‍ഷം പ്രവാസി ഭാരതീയ ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ച
പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം ഗ്‌ളോബല്‍ അവാര്‍ഡ്. 21 വര്‍ഷത്തെ നിരന്തരമായ പരിശ്രമങ്ങളിലൂടെ ലോക ചരിത്രത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ച ഡോ. എസ്. അഹ് മദിന് ഈ മാസം 14 ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം ചീഫ് എഡിറ്റര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ് , യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം ഏഷ്യ ജൂറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, ഡോ.ജസ്റ്റിസ് കെ.നാരായണ കുറുപ്പ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

പ്രവാസി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും സാധ്യമായ പരിഹാരങ്ങള്‍ക്കായി നിരന്തരം പോരാടുകയും ചെയ്യുന്ന പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദ് മികച്ച സംഘാടകനും മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക നേതാവുമാണ് .

മൂന്ന് പതിറ്റാണ്ട് കാലം പ്രവാസിയാരുന്ന ഡോ. അഹ്‌മദിന്റെ പ്രവര്‍ത്തനങ്ങള്‍ വിശിഷ്യ പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങള്‍ മാതൃകാപരമാണ് .

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ ഡോ.എസ്. അഹമ്മദ് പുരാതന പത്രപ്രവര്‍ത്തക കുടുംബാംഗമാണ്. 30 വര്‍ഷം പ്രവാസ ജീവിതം നയിച്ച അദ്ദേഹം ഇന്ത്യയിലാദ്യമായി 1988 ല്‍ പ്രവാസി സംഘടനക്കു രൂപം നല്‍കുകയും പ്രവാസികള്‍ക്കു സംഘടിതാ ബോധം പകരാന്‍ പരിശ്രമിക്കുകയും ചെയ്തു.

1996 ല്‍ കേരളത്തില്‍ നോര്‍ക്കാവകുപ്പും 2002 ല്‍ കേന്ദ്ര സര്‍ക്കാരില്‍ വകുപ്പും രൂപീകരിക്കുന്നതിന് പിന്നില്‍ എസ്. അഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച പ്രവാസി ഭാരതീയ ദിനാഘോഷം കഴിഞ്ഞ 21 വര്‍ഷവും കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് .
ഇന്ത്യന്‍ പ്രസിഡണ്ടില്‍ നിന്നും പ്രവാസി ബന്ധു നാമകരണപത്രിക സ്വീകരിച്ച അദ്ദേഹത്തിന്റെ സപ്തതിയോടനുബന്ധിച്ച് തപാല്‍ വകുപ്പ് സപ്തതി സ്റ്റാമ്പ് ഫോട്ടോ ആലേഖനം ചെയ്ത് പുറത്തിറക്കിയിരുന്നു

കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.

ദേശീയവും അന്തര്‍ ദേശീയവുമായ 200 ല്‍ പരം പുരസ്‌ക്കാരങ്ങള്‍ നേടിയ അദ്ദേഹത്തിന്റെ സാമൂഹ്യ രംഗങ്ങളിലെ സേവന അംഗീകാരമായി ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.

17 വര്‍ഷമായി ഇന്ത്യയിലെ ആദ്യ പ്രവാസി മുഖപത്രമായ പ്രവാസി ഭാരതി നടത്തി വരുന്നു. നാടക നടന്‍ , ചലച്ചിത്ര നിര്‍മ്മാതാവ്, പത്രപ്രവര്‍ത്തകന്‍ പ്രസംഗകന്‍ എന്നിവക്ക് പുറമേ കനല്‍ ചില്ലകള്‍ എന്ന പുസ്തകത്തിന്റെ ഗ്രന്ഥ കര്‍ത്താവ് കൂടിയാണ് ഡോ. അഹ് മദ്

 

Related Articles

Back to top button
error: Content is protected !!