രാജ്യത്തെ മുഴുവന്‍ വുഖൂദ് പെട്രോള്‍ സ്റ്റേഷനുകളിലും ഇവി ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കഹറാമ
അമാനുല്ല വടക്കാങ്ങര
ദോഹ. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) രാജ്യത്തെ മുഴുവന്‍ വുഖൂദ് പെട്രോള്‍ സ്റ്റേഷനുകളിലും ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് ശൃംഖല വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ടുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഹ്റാമയും വുഖൂദും തമ്മിലുള്ള കരാറിനെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തിനകം രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ വുഖൂദ് സ്റ്റേഷനുകളിലും ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് കഹ്റാമയിലെ സുസ്ഥിര ഗതാഗത വിഭാഗം മേധാവി മുഹമ്മദ് അല്‍ ഷര്‍ഷാനി പറഞ്ഞു.
അബു സംറയിലെ വുഖൂദ്് പെട്രോള്‍ സ്റ്റേഷനില്‍ കഹ്റാമ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതായി അടുത്തിടെ ഖത്തര്‍ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വുഖൂദ് സ്റ്റേഷനുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി (ഇവി) 37 ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് യൂണിറ്റുകള്‍ വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള കരാറില്‍ 2022 നവംബര്‍ 30 ന് കഹ്റാമയും വുഖൂദും ഒപ്പുവെച്ചതായി അദ്ദേഹം പറഞ്ഞു.
ക്രമേണ, എല്ലാ വുഖൂദ് സ്റ്റേഷനുകളിലേക്കും ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വിപുലീകരിക്കും, അവിടെ വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ കാറുകളില്‍ ഇന്ധനം നിറയ്ക്കുന്നത് പോലെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും,” അല്‍ ഷര്‍ഷാനി പറഞ്ഞു.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ സുസ്ഥിര ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്ന് രാജ്യത്തുടനീളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നല്‍കാന്‍ കഹ്റാമ പ്രതിജ്ഞാബദ്ധമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.