2022ല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്തത് 80 ലക്ഷം മെഡിസിന്‍ അഭ്യര്‍ത്ഥനകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലുടനീളമുള്ള 30 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 2022-ല്‍ 80 ലക്ഷം ആളുകള്‍ മരുന്നുകള്‍ക്കായി അപേക്ഷിച്ചതായി
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) ഫാര്‍മസി ആന്‍ഡ് തെറാപ്പിറ്റിക്സ് സപ്ലൈ മേധാവി ഡോ മഹ്മൂദ് അല്‍ മഹ്മൂദിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2022ല്‍ 925 തരം മരുന്നുകളാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തത്. 2021ല്‍ ഇത് 900 തരം മരുന്നുകളായിരുന്നു. പുതുതായി ചേര്‍ത്ത ഇനങ്ങളില്‍ പ്രമേഹം, പീഡിയാട്രിക്‌സ്, സൈക്യാട്രി എന്നിവയ്ക്കുള്ള മരുന്നുകള്‍ ഉള്‍പ്പെടുന്നു.
ആരോഗ്യ കേന്ദ്രങ്ങളിലെ മരുന്നുകളുടെ ആവശ്യം 2021 നെ അപേക്ഷിച്ച് 2022 ല്‍ 10% വര്‍ദ്ധിച്ചതായും
2022ല്‍ വിതരണം ചെയ്ത മരുന്നുകള്‍ക്കുമുള്ള ആകെ ചെലവ് 330 മില്യണ്‍ റിയാലായിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നിന്ന് റഫര്‍ ചെയ്തവരെ കൂടാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതാണ് മരുന്നുകളുടെ ആവശ്യം വര്‍ധിക്കാന്‍ കാരണമെന്ന് ഡോ അല്‍ മഹ്മൂദ് പറഞ്ഞു.
ആരോഗ്യ കേന്ദ്രങ്ങളില്‍ മുന്നൂറോളം ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി മരുന്ന് വാങ്ങുന്നതിന് പുറമെ ഖത്തര്‍ പോസ്റ്റ് മുഖേന 30 റിയാല്‍ നിരക്കില്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ മരുന്നുകളുടെ ഹോം ഡെലിവറി സേവനം ലഭ്യമാണ്.
ഹെല്‍ത്ത് കാര്‍ഡുള്ള രോഗികള്‍ക്ക് നാമമാത്രമായ നിരക്കിലാണ് മരുന്നുകള്‍ നല്‍കുന്നത്.