പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തര പരിചരണ സേവനങ്ങള്‍ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) നല്‍കുന്ന അടിയന്തര പരിചരണ സേവനങ്ങള്‍ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കുന്ന അടിയന്തര പരിചരണ സേവനങ്ങളില്‍ 74% വര്‍ധനയുണ്ടായി. 2021ല്‍ ആകെ 81,500 പേരാണ് അടിയന്തര പരിചരണ സേവനങ്ങള്‍ തേടിയത്. എന്നാല്‍ 2022ല്‍ അത് 142,415 ആയി ഉയര്‍ന്നു.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഖത്തറിലുടനീളം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒമ്പത് അടിയന്തര പരിചരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. റൗദത്ത് അല്‍ ഖൈല്‍, ഗരാഫത്ത് അല്‍ റയ്യാന്‍, അല്‍ കഅബാന്‍, അല്‍ ഷഹാനിയ, അല്‍ റുവൈസ്, മുഐതര്‍, അബൂബക്കര്‍ അല്‍ സിദ്ദിഖ്, ഉം സലാല്‍, അല്‍ മഷാഫ് എന്നിവിടങ്ങളിലാണ് പിഎച്ച്‌സിസിയുടെ അടിയന്തര പരിചരണ കേന്ദ്രങ്ങള്‍.
ചെറിയ പൊള്ളല്‍, ഉളുക്ക്, കഠിനമായ തലവേദന അല്ലെങ്കില്‍ ചെവിവേദന, കടുത്ത പനി, നിര്‍ജ്ജലീകരണം, തലകറക്കം തുടങ്ങിയ പ്രാഥമിക പരിചരണ പരിധിയില്‍ അപകടകരമല്ലാത്ത മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്ള രോഗികള്‍ക്ക് അടിയന്തിര പരിചരണ കേന്ദ്രങ്ങള്‍ സേവനം നല്‍കുന്നു.
