Breaking News

ഖത്തര്‍ കപ്പ് കിരീടം അല്‍ ദുഹൈലിന്


അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്നലെ തിങ്ങിനിറഞ്ഞ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ ദ്ദിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്് തോല്‍പ്പിച്ച് അല്‍ ദുഹൈല്‍ ഖത്തര്‍ കപ്പ് കിരീടം തിരിച്ചുപിടിച്ചു. കളിയുടെ ആദ്യന്തം മേധാവിത്തം പുലര്‍ത്തിയ അല്‍ ദുഹൈല്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ കളിയാവേശം വാനോളമുയര്‍ന്നു. നിറഞ്ഞ ഗാലറി നല്‍കിയ പിന്തുണയോടെ രണ്ട് ടീമുകളും പൊരുതിയപ്പോള്‍ ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയിലെ ദുഹൈലിന്റെ പടക്കുതിരകളെ പിടിച്ചുകെട്ടാന്‍ അല്‍ സദ്ദിനായില്ല. രണ്ട് തവണ ഗോള്‍വല കുലുക്കിയാണ് അല്‍ ദുഹൈല്‍ ഖത്തര്‍ കപ്പ് സ്വന്തമാക്കിയത്.

ഹെര്‍ണാന്‍ ക്രെസ്പോ പരിശീലിപ്പിച്ച റെഡ് നൈറ്റ്സ്, ജുവാന്‍ മാനുവല്‍ ലില്ലോയുടെ വോള്‍വ്സിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2018 ന് ശേഷം ആദ്യമായാണ് അല്‍ ദുഹൈല്‍ കിരീടം ചൂടുന്നത്.
കളിയുടെ 48-ാം മിനിറ്റില്‍ കെനിയന്‍ സ്ട്രൈക്കര്‍ മൈക്കല്‍ ഒലുംഗ അല്‍ ദുഹൈലിനെ മുന്നിലെത്തിച്ചപ്പോള്‍ 2020, 2021 എഡിഷനുകളിലെ ഫൈനലുകളില്‍ അല്‍ സദ്ദിനെതിരായ പരാജയത്തിന് അല്‍ ദുഹൈല്‍ മധുരപ്രതികാരം തീര്‍ത്തു, ആറ് മിനിറ്റിനുശേഷം ടുണീഷ്യന്‍ മിഡ്ഫീല്‍ഡര്‍ ഫെര്‍ജാനി സാസി വിജയം ഉറപ്പിച്ചു.
ടൂര്‍ണമെന്റിന് ശേഷം നടന്ന ചടങ്ങില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍താനി ട്രോഫി അല്‍ ദുഹൈല്‍ ക്യാപ്റ്റന്‍ അല്‍ മോയീസ് അലിക്ക് കൈമാറുകയും ഇരു ടീമുകളിലെയും കളിക്കാരെയും ഉദ്യോഗസ്ഥരെയും അനുമോദിക്കുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!