യാത്രക്കാരുടെ പണവും രേഖകളും നഷ്ടപ്പെട്ടത് അന്വേഷിക്കണം. ഗപാഖ്
ദോഹ.കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്ര നടത്തുന്നവരുടെ ബഗേജില്‍ നിന്നും പണവും ഖത്തര്‍ ഐ.ഡി, ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ രേഖകളും നഷ്ടപ്പെട്ടതിന്മേല്‍ വിശദമായി അന്വേഷണം നടത്തി ഉചിത നടപടികള്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഡയരക്ടര്‍, മറ്റു ബന്ധപ്പെട്ടവരോടും ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ് ) ആവശ്യപ്പെട്ടു. വിഷയം ഗൗരവത്തില്‍ പരിഗണിച്ച് വേണ്ട നടപടികള്‍ കൈ കൊള്ളുമെന്ന് ഗപാഖ് ഭാരവാഹികള്‍ക്ക് ഉറപ്പ് ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ഖത്തര്‍ പ്രവാസിയും പാറക്കടവ് സ്വദേശിയുമായ അബൂബക്കര്‍ കല്ലു കൊത്തിയില്‍ എന്നയാള്‍ കരിപ്പൂര്‍ വിമാത്താവളം വഴി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐ.എക്‌സ് 399 വഴി ഉംറ യാത്ര നിര്‍വഹിക്കാനായി യാത്ര ചെയ്തിരുന്നു. ജിദ്ദ എയര്‍പോര്‍ട്ടില്‍ വെച്ച് ബഗേജ് സ്വീകരിച്ചപ്പോള്‍ തുറന്ന നിലയില്‍ കാണപ്പെടുകയും അതിലുണ്ടായിരുന്ന സഊദി റിയാല്‍ അയ്യായിരവും ഖത്തര്‍ റിയാല്‍ ആയിരവും എഴുനൂറ്റി അമ്പത് യുഎസ് ഡോളറും ഏതാനും ഒമാന്‍ കറന്‍സിയും യു.എ.ഇ ദിര്‍ഹവും ഖത്തര്‍ ഐ.ഡി. ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. സമാനമായ രീതിയില്‍ ഈ അടുത്ത ദിവസങ്ങളില്‍ മറ്റു യാത്രക്കാര്‍ക്കും അനുഭവമുള്ളതായി അറിയുകയും
ഇക്കാര്യത്തില്‍ കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍പോര്‍ട്ട് അധികൃതര്‍, എന്നിവിടങ്ങളിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍ കീഴിലെ എയര്‍ സേവാ ആപ്പ് വഴിയും ആവശ്യമായ പരാതി കള്‍ നല്‍കാന്‍ യാത്രക്കാരെ സഹായിക്കുകയും സംഘടന സ്വന്തം നിലയില്‍ പരാതി നല്‍കുകയുമാണ് ചെയ്തത്.
ഉചിതമായ അന്വേഷണം നടത്തുന്നതില്‍ സംഘടന സംതൃപ്തി അറിയിച്ചു.
സംഘടനക്ക് വേണ്ടി പ്രസിഡന്റ്, കെ.കെ. ഉസ്മാന്‍, ജന: സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവരാണ് നടപടികളുമായി മുന്നോട്ട് പോവുന്നത്.