IM SpecialUncategorized

ചരിത്രമുറങ്ങുന്ന അല്‍ അഹ്‌സ താഴ് വരയിലൂടെ


അബ്ദുല്ല പൊയില്‍

ഖത്തറുമായുള്ള അയല്‍ ജിസിസി രാജ്യങ്ങളുടെ ഉപരോധം അവസാനിക്കുകയും, സൗദിയുടെ പുതിയ സന്ദര്‍ശക വിസാ നിയമം ലളിതമാവുകയും ചെയ്തപ്പോള്‍ ഖത്തറില്‍ നിന്ന് അബുസംറ ബോര്‍ഡര്‍ വഴി സൗദിയിലേക് പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഈ വര്‍ഷത്തിലെ റമദാനിലും – ഈദ് അവധി ദിനങ്ങളിലും സൗദി അതിര്‍ത്തി കടന്ന് കാഴ്ചകള്‍ നമ്മള്‍ നേരിട്ട് അനുഭവിച്ചവരാണ്. ഇതില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ച ഒരു പ്രദേശമാണ് സൗദിയിലെ അല്‍ അഹ്സ. ചരിത്രമുറങ്ങുന്ന അല്‍ അഹ്‌സ താഴ് വരയിലൂടെ നടത്തിയ ഓട്ട പ്രദക്ഷിണത്തിന്റെ ചില കാര്യങ്ങള്‍ പങ്കുവെക്കുന്നത് വായനക്കാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു.

സൗദി ബോര്‍ഡര്‍ കടന്നു ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നവരും, സൗദി,യു എ ഇ ,ബഹ്റൈന്‍ ,ഒമാന്‍ സന്ദര്‍ശനത്തിന് പോകുന്നവരും ആദ്യം തന്നെ എത്തിച്ചേരുന്ന പ്രദേശമാണ് അല്‍ അഹ്‌സ.

അല്‍ അഹ്‌സയിലെ സുഹൃത്ത് അഷ്റഫ് ആമയൂരിന്റെ സഹായത്തോടെയാണ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായത്.

പുരാതനകാലം മുതല്‍ ജനവാസം രേഖപ്പെടുത്തിയ സ്ഥലമാണ് അല്‍ അഹ്സ. ഭൂമി കുടിച്ച ജലകണങ്ങള്‍ എന്നര്‍ത്ഥം വരുന്ന മരുഭൂമിയില്‍ ജലാംശം ഉള്ള സ്ഥലം എന്ന നിലക്കാണ് ഹിസിയ്യ് എന്ന അറബി പദത്തില്‍ നിന്ന് അല്‍ അഹ്സ എന്ന നാമം ഉണ്ടായത് എന്ന് പറയപ്പെടുന്ന. ധാരാളം ജല സ്രോതസ്സുകള്‍ നിറഞ്ഞ അല്‍ അഹ്സ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പന തോട്ടങ്ങള്‍ നിറഞ്ഞ മരുപ്പച്ചയാണ്. 2.5 ദശലക്ഷത്തിലധികം ഈന്തപ്പനകള്‍ ഈ പ്രദേശത്തുണ്ടെന്നാണ് കരുതപ്പെടുന്നത്. സൗദിയിലെ മരുപ്പച്ച എന്നാണ് അല്‍ അഹ്സ അറിയപ്പെടുന്നത്.

2019-ല്‍ അറബ് ടൂറിസം തലസ്ഥാനമായി അല്‍-അഹ്സ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹുഫൂഫ് , മുബാസ്, ഉയൂണ്‍, ജാഫര്‍, ഇമ്രാന്‍ എന്നീ അഞ്ച് പ്രധാന പട്ടണങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ഇന്നത്തെ അല്‍ അഹ്സ.

ഖത്തറില്‍ നിന്ന് പോകുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ അറിയുന്നത് ഹുഫൂഫ് പ്രദേശമാണ്. പൊടിക്കാറ്റ് കൊണ്ട് നിറയുന്ന ഒരു പ്രദേശം എന്ന നിലയിലുള്ള അറബിക് പദത്തില്‍ നിന്നാണ് ഹുഫൂഫ് എന്ന പേര് വന്നതത്രേ. പുരാതനമായ പല ചരിത്ര സ്മാരകങ്ങളും മുന്‍പ് മണല്‍ കാറ്റുകൊണ്ട് മൂടിപ്പോയിരുന്നതായി ചരിത്രം അന്വേഷിച്ചപ്പോള്‍ രേഖപ്പെടുത്തിയതായി കണ്ടിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ കാലഘട്ടത്തിനു മുമ്പ് ഈ പ്രദേശം പേര്‍ഷ്യന്‍ ഭരണകൂടത്തിന്റെ കീഴില്‍ ആയിരിന്നു. മുഹമ്മദ് നബി (സ) യുടെ പ്രബോധന കാലത്തു തന്നെ അല്‍ അഹ്‌സയില്‍ ഇസ്ലാം മതം എത്തിയിരുന്നു. ജൂവാസ ഗ്രാമത്തിലെ അബ്ദുല്‍ ഖൈസ് ഗോത്രത്തില്‍ ഉള്ളവരാണ് ആദ്യമായി ഇസ് ലാം സ്വീകരിച്ചത്. മറ്റാരുടെയും പ്രേരണയോ, സമ്മര്‍ദ്ധമോ ഇല്ലാതെ സ്വമേധയാ ഇസ് ലാം മതം പുല്‍കിയവര്‍ എന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ) ഇവരെ പ്രശംസിപ്പിച്ചത്. മുഹമ്മദ് നബി (സ) യുടെ പിതാമഹന്മാരില്‍പെട്ട നിസാര്‍ ബിന്‍ മുഅദ്ധ് എന്നവരുടെ പരമ്പരയില്‍ പെട്ടവരാണ് അബ്ദുല്‍ ഖൈസ് ഗോത്രം.

താഴെ പറയുന്ന 10 സ്ഥലങ്ങള്‍/ കാര്യങ്ങള്‍ അല്‍ അഹ്‌സയെ ടൂറിസം പ്രധാനമാക്കുന്നു. ഇതില്‍ പരാമര്‍ശിക്കാത്ത മറ്റു പല സ്ഥലങ്ങളും പ്രത്യേകതകളൂം അല്‍ അഹ്‌സയ്കും പരിസര പ്രദേശങ്ങള്‍ക്കുമുണ്ട്.

1- ജബല്‍ ഖാര
2- മസ്ജിദ് ജൂവാസ
3- ഖൈസരിയ സൂക്ക്
4- സ്‌ട്രോബെറി ഫാം
5- മിനി മൃഗശാല & തടാകം
6- ഈത്തപ്പഴ തോട്ടങ്ങള്‍
7- അല്‍ ഉഖൈര്‍ ബീച്ച്/ തുറമുഖം
8- ജബ്രി മസ്ജിദ്
9- ഇബ്രാഹിം പാലസ്
10- റെയില്‍വേ സ്റ്റേഷന്‍

ജബല്‍ ഖാര :

ഹുഫൂഫ് ടൗണില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പര്‍വ്വത കൂട്ടങ്ങളാണ് ജബല്‍ ഖാര. ചുണ്ണാമ്പു കല്ലുകള്‍ നിറഞ്ഞ ഇവിടെയുള്ള ഗുഹകള്‍ പ്രത്യേക ആകര്‍ഷണമുള്ളതും വ്യത്യസ്ത രൂപ ഭംഗിയുള്ളതുമാണ്. പ്രവേശന കവാടത്തില്‍ ടിക്കറ്റ് കൗണ്ടറിന് സമീപം നിരവധി കഫേകളും റസ്റ്റോറന്റുകളും ഉണ്ട്. പ്രവേശന ഫീസ് (50 റിയാല്‍) അടച്ചുകഴിഞ്ഞാല്‍ ഒരു മ്യൂസിയത്തില്‍ പ്രവേശിക്കുന്നു. മ്യൂസിയം കഴിഞ്ഞാല്‍ ഉള്ളതാണ് ഗുഹ. കുന്നിന് താഴെയുള്ളതിനാല്‍ ഗുഹയുടെ ഉള്ളില്‍ നല്ല തണുപ്പ് അനുഭൂതിയുള്ളതും, നല്ല വെളിച്ചമുള്ളതുമാണ് . ഗുഹയിലേക്കുള്ള പാതയില്‍ പ്രദേശവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളും, ചില ചരിത്ര പ്രദര്‍ശനങ്ങളും, കൊത്തുപണികളും വിവരിക്കുന്ന ഫലകങ്ങളുമുണ്ട്. മനോഹരമായ ഫോട്ടോകള്‍ എടുക്കാനുള്ള നിരവധി സ്‌പോട്ടുകള്‍ ഇവിടെ ഉണ്ട്.

മസ്ജിദ് ജൂവാസ :

ഹുഫൂഫ് ടൗണില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ ദൂരെയുള്ള കിലാബിയ്യയോട് ചേര്‍ന്നു കിടക്കുന്ന പുരാതന പള്ളിയാണ് മസ്ജിദ് ജൂവാസ , മദീനക് പുറത്തു ആദ്യമായി ജുമുഅ നമസ്‌കാരവും ഖുതുബയും നടന്ന പള്ളി എന്നതാണ് മസ്ജിദ് ജൂവാസയുടെ പ്രത്യേകത . സൗദി ടൂറിസത്തിന്റെ ഭാഗമായി ഇപ്പോള്‍ പള്ളിയുടെ അറ്റകുറ്റ പണികള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്.

ഖൈസരിയ മാര്‍ക്കറ്റ് :

ചരിത്രാതീതമായ ഭൂതകാലവും പ്രദേശത്തിന്റെ സമ്പന്നമായ വ്യാപാര പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന അറേബ്യയിലെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റുകളിലൊന്നാണ് സൂഖ് അല്‍ ഖൈസരിയ. മബ്ഖാര എന്നറിയപ്പെടുന്ന പരമ്പരാഗത സുഗന്ധപുക സൂഖിന്റെ സുഗന്ധമുള്ള അന്തരീക്ഷം എന്നും മനസ്സില്‍ ഒരു ഓര്‍മയായി നില നിര്‍ത്തും.

നൂറുകണക്കിന് അബായകളും, വസ്ത്രങ്ങളും സൂഖ് ഭിത്തികളില്‍ തൂങ്ങിക്കിടക്കുന്നു, അതേസമയം കൈകൊണ്ട് നിര്‍മ്മിച്ച തുകല്‍ ഷൂകളും ചെരിപ്പുകളും ബ്രാന്‍ഡഡ് സണ്‍ഗ്ലാസുകളും വാച്ചുകളും പല ഭാഗത്തും വില്പനക്കു വെച്ചതും കാണാം.

സൂഖില്‍ ഉടനീളം വര്‍ണ്ണാഭമായ ചായപ്പാത്രങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍, കപ്പുകള്‍ മുതലായവയും കാണാം. സൂക്കിന്റെ ഉള്ളില്‍കൂടെയുള്ള ചെറിയ ഒരു നടത്തം പുരാതന വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്ക് നല്ല ഒരു അനുഭവമായിരിക്കും .ഖത്തറിലെ സൂഖ് വാഖിഫിന്റെ വേറെ ഒരു രൂപം എന്നു വേണമെങ്കില്‍ നമുക്ക് ഈ മാര്‍ക്കറ്റിനെ വിലയിരുത്താം.
സൂഖ് അല്‍ ഖൈസരിയ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്ക് തുറക്കുന്നു. പ്രാര്‍ത്ഥനാ സമയങ്ങളില്‍ സ്റ്റാളുകള്‍ ഏകദേശം 30 മിനിറ്റ് അടച്ചിടും. രാത്രിയായതിന് ശേഷം മാര്‍ക്കറ്റ് കാണാന്‍ പോകുന്നത് കുറച്ചു കൂടി നല്ല അനുഭവം ആയിരിക്കും. ഏകദേശം പുലര്‍ച്ചെ 1 മണി വരെ ഇത് തുറന്നിരിക്കും.

സ്‌ട്രോബെറി ഫാം:

ഹുഫൂഫിന്റെ അടുത്തു തന്നെ ഉള്ള അല്‍ ജാഫര്‍ പ്രദേശത്തു നല്ല രീതിയില്‍ സ്‌ട്രോബെറി കൃഷി നടത്തുന്ന ഒരു ഫാം ഉണ്ട്. പ്രവേശനത്തിന് 10 സൗദി റിയാല്‍ നല്‍കണം. നല്ല മധുരമുള്ളതും ഗുണമേറിയതുമായ സ്‌ട്രോബെറി നമുക്ക് അവിടെ നിന്നും അവര്‍ തരുന്ന ഒരു പാത്രത്തില്‍ പറിച്ചെടുക്കാം. അതിനു ഒരു കപ്പിന് 10 സൗദി റിയാല്‍ ആണ് ചാര്‍ജ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്ല ഒരു അനുഭവം ആയിരിക്കും. ഇതിന്റെ പുറകില്‍ തന്നെ ബോട്ട് സവാരി നടത്താനുള്ള സൗകര്യവുമുണ്ട്. വൈകുന്നേരം നാല് മണി മുതല്‍ രാത്രി 2 മണി വരെ ആണ് പ്രവേശനം.

മിനി മൃഗശാല;

സ്‌ട്രോബെറി ഫാമിന്റെ തൊട്ടടുത്ത് തന്നെ പാരമ്പര്യ രീതിയിലുള്ള ഒരു റെസ്റ്റോറന്റും ഒരു മൃഗശാലയും ഉണ്ട്. റെസ്റ്റോറന്റിന്റെ ഉള്ളിലൂടെയാണ് മൃഗശാലയിലേക്ക് പ്രവേശിക്കേണ്ടത്. കുട്ടികള്‍ക്കു കളിക്കാനുള്ള വലിയ ഒരു പ്ലേ ഏരിയ എന്‍ട്രന്‍സില്‍ തന്നെ ഉണ്ട്. ഒരു പാട് വ്യത്യസ്തങ്ങളായ മൃഗങ്ങളെയും പക്ഷികളെയും ഇവിടെ കാണാന്‍ സാധിക്കും. 10 സൗദി റിയാല്‍ ആണ് എന്‍ട്രന്‍സ് ഫീ.

ഈത്തപ്പഴ തോട്ടങ്ങള്‍ :

ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന വ്യത്യസ്തമായ ഈന്തപ്പനതോട്ടങ്ങളാണ് അല്‍ അഹ്‌സയിലെ ഏറ്റവും വലിയ പ്രത്യേകത. പല തോട്ടങ്ങളിലും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ചെറിയ ചിലവില്‍ തന്നെ തോട്ടത്തിന്റെ ഉള്ളില്‍ കുടുംബ സമേതം താമസിക്കാനും കളിക്കാനും കുളിക്കാനും ഭക്ഷണം സ്വന്തമായി തയ്യാറാക്കി കഴിക്കാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. കനാലുകളിലൂടെയുള്ള ജല വിതരണവും ജലസേചന സംവിധാനവും നേരിട്ട് കാണാനും സാധിക്കും. ഈന്തപ്പന തോട്ടങ്ങള്‍ക്കിടയില്‍ ഇടനില കൃഷികളായി പലതരം പഴങ്ങളും പച്ചക്കറികളും വ്യത്യസ്തമായ രീതിയില്‍ കൃഷി ചെയ്യുന്നതും കാണാം.
അല്‍ ഉഖൈര്‍ ബീച്ച്/ തുറമുഖം :

അല്‍ അഹ്‌സയുടെ ചരിത്രത്തില്‍ മുഖ്യസ്ഥാനം വഹിക്കുന്ന തുറമുഖമാണ് അല്‍ ഉഖൈര്‍. പണ്ട് കാലത്തു അല്‍ അഹ്‌സയുടെ പ്രധാന തുറമുഖമായും , അറേബ്യന്‍ രാജ്യങ്ങളുടെ കേന്ദ്ര തുറമുഖമായും അല്‍ ഉഖൈര്‍ മുനമ്പായിരുന്നു ഉപയോഗിച്ചിരുന്നത്. ഓട്ടോമന്‍ ഭരണ കാലത്തു പേര്‍ഷ്യ ഇന്ത്യ ചൈന തുടങ്ങിയ രാജ്യങ്ങളിലേക് സൈനിക സഞ്ചാരം നടത്തിയതും ഈ കപ്പല്‍ തുറമുഖം വഴിയാണ്. അല്‍ അഹ്‌സയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ആയാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത് . ബീച്ച് ഭാഗത്തു പോകുമ്പോള്‍ 4 വീല്‍ ഡ്രൈവ് ആണ് ഉത്തമം. മനോഹരമായ തെളിഞ്ഞ വെള്ളം ഉള്ള ബീച്ച് ആണ്, എന്നാല്‍ പല ഭാഗത്തും മൂര്‍ച്ചയുള്ള കല്ലുകള്‍ ഉള്ളത് കൊണ്ട് തന്നെ നീന്തുമ്പോഴും വെള്ളത്തില്‍ ഇറങ്ങുമ്പോഴും ശ്രദ്ധിക്കണം.

ജബ്രി മസ്ജിദ് :

ഹുഫൂഫ് ടൗണിന്റെ അടുത്ത് തന്നെയാണ് നൂറ്റാണ്ടുകള്‍ പഴക്കവും പാരമ്പര്യവും ഉള്ള മസ്ജിദുല്‍ ജബ്രി സ്ഥിതി ചെയ്യുന്നത്, 600 വര്‍ഷങ്ങള്‍ക് മുമ്പ് തന്നെ വാസ്തു ശില്പകലയില്‍ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഇതിന്റെ മേല്‍ക്കൂരയും ചുറ്റു കോണുകളുമെല്ലാം നിര്‍മ്മിച്ചിട്ടുള്ളത്. ജാഫരി കുടുംബക്കാരാണ് തുടക്കം മുതല്‍ ഇന്ന് വരെ എല്ലാ കാര്യങ്ങള്‍ക്കും കാര്‍മികത്വം വഹിക്കുന്നത്.

ഇബ്രാഹിം പാലസ്;

ഇബ്രാഹിം പാലസ് അഥവാ ഖസ്ര്‍ ഇബ്രാഹിം ഹുഫൂഫ് ടുണിന്റെ പ്രാന്ത പ്രദേശത്തു തന്നെ നിലകൊള്ളുന്നു. ഓട്ടോമന്‍ (ഉസ്മാനിയ) കാലഘട്ടത്തില്‍ ഭരണ നിര്‍വഹണത്തിന്റെ ഉപ കേന്ദ്രമായിരുന്ന അല്‍ഹസയുടെ ഭരണകാര്യ നിര്‍വഹണത്തിനും സംരക്ഷണത്തിനുമായാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. സൈനിക താവളം, ജയില്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, ഇസ്ലാമിക മസ്ജിദുകളുടെ ഭാഗങ്ങള്‍ എന്നിവ അടങ്ങിയിട്ടുള്ളതാണ് ഖസ്ര്‍ ഇബ്രാഹിം. നിര്‍ഭാഗ്യവശാല്‍, നവീകരണത്തിലായിരുന്നതിനാല്‍ ഉള്‍ഭാഗം കാണാന്‍ കഴിഞ്ഞില്ല.

റെയില്‍വേ സ്റ്റേഷന്‍ :

ഹുഫുഫില്‍ നിന്ന് ദമ്മാമിലേക്കും, റിയാദിലേക്കും ട്രെയിന്‍ സര്‍വീസ് ഉള്ളതിനാല്‍ പെട്ടെന്ന് തന്നെ ഈ രണ്ട് പ്രദേശങ്ങളിലും ഖത്തറില്‍ നിന്ന് പോകുന്നവര്‍ക്ക് എത്തി ചേരാന്‍ സാധിക്കും. ഒന്നര മണിക്കൂര്‍ കൊണ്ട് 30 സൗദി റിയാല്‍ കൊടുത്തു മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ദമ്മാമിലേക്കും രണ്ടര മണിക്കൂര്‍ കൊണ്ട് 75 സൗദി റിയല്‍ കൊടുത്തു മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ റിയാദിലേക്കും എത്തി ചേരാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. നാട്ടിലെ റയില്‍പാളങ്ങളുടെയും സ്റ്റേഷനുകളുടെയും ഒരു സാമ്യത സൗദി റയില്‍വേയിലും നമുക്കു അനുഭവിക്കാം. www.sar.com.sa എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

സൗദി അറേബ്യയുടെ ഭാഗമാണെങ്കിലും ദോഹയില്‍ നിന്ന് വളരെ അടുത്ത പ്രദേശവും അബുസംറ ബോര്‍ഡറില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരം (ഒന്നര മണിക്കൂര്‍ യാത്ര) മാത്രമുള്ളതും, ചരിത്രപ്രാധാന്യമുള്ളതും, ഒരുപാട് സഹാബികളും പ്രശസ്തരായ മുസ്ലിം പണ്ഡിതരും ജീവിച്ച, പ്രകൃതിരമണീയമായ അല്‍ അഹ്‌സ സന്ദര്‍ശിക്കുകയും ഭക്ഷണപ്രിയരുടെ അല്‍ ബൈക്ക് ബ്രോസ്റ്റും,അല്‍ റൊമാന്‍സിയ സ്‌പെഷ്യല്‍ മന്തിയുടെ രുചിയും നുകരുന്നത് നല്ല ഒരു അനുഭവമായിരിക്കും.

Related Articles

Back to top button
error: Content is protected !!