Breaking NewsUncategorized

കര്‍ണാടക: വംശീയതയുടെയും വെറുപ്പിന്റെയും ശക്തികള്‍ക്കെതിരെയുള്ള വിധിയെഴുത്ത്: കള്‍ച്ചറല്‍ ഫോറം

ദോഹ. വംശീയതയുടെയും വെറുപ്പിന്റെയും ശക്തികള്‍ക്കെതിരെയുള്ള വിധിയെഴുത്താണ് കര്‍ണാടകയില്‍ നടന്നിരിക്കുന്നതെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഈ വിധി രാജ്യത്തിന്റെ മതേതര ചേരിക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. വ്യാജകഥകളെ തിരിച്ചറിഞ്ഞ് ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ക്കും നാടിന്റെ സമാധാനത്തിനും സൗഹൃദത്തിനും മുന്‍ഗണന കൊടുത്ത കര്‍ണ്ണാടകയിലെ വോട്ടര്‍മാരെ കമ്മിറ്റി അഭിനന്ദിച്ചു.

മുസ്ലിം – ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ അപരവത്കരിച്ച്, സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാമെന്നായിരുന്നു വെറുപ്പിന്റെ ശക്തികള്‍ പ്രതീക്ഷിച്ചിരുന്നത്. ഹിജാബ് നിരോധനം, ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍, സംവരണ നിഷേധങ്ങള്‍ തുടങ്ങിയവ ഈ ഉദ്ദേശാര്‍ത്ഥത്തില്‍ നടപ്പിലാക്കിയ പദ്ധതികളാണ്. ഇത്തരം ധ്രുവീകരണ പദ്ധതികളെയാണ് കര്‍ണാടകയിലെ വോട്ടര്‍മാര്‍ നിരാകരിച്ചത്.

ഈ വിജയം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുന്നതാണ്. ദേശീയ തലത്തില്‍ മതേതര ചേരിയുടെ വിജയത്തിന് യോജിച്ച പ്രതിപക്ഷ മുന്നേറ്റങ്ങള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷ കൂടുതല്‍ ശക്തിപ്പെടുകയാണ്.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വംശീയതക്കെതിരെയും ജനങ്ങള്‍ പുലര്‍ത്തുന്ന വിയോജിപ്പുകളെ രാഷ്ട്രീയമായി ഏകോപിപ്പിച്ച് ആശയതലത്തിലും പ്രായോഗിക തലത്തിലും ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ കെട്ടിപ്പടുക്കണം. കഴിഞ്ഞ കാല അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടും പൊതുസമൂഹത്തിന്റെ അഭിലാഷങ്ങള്‍ തിരിച്ചറിഞ്ഞും ശക്തമായ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കണം എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!