‘ഊദ് ‘ നോവല്‍ പ്രകാശനവും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: തലമുറകളെ മാനവികമായ ഔന്നത്യത്തിലേക്ക് നവീകരിക്കുന്നതില്‍ എഴുത്തുകാര്‍ക്കും പുസ്തകങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും വാക്ക് ഏതുകാലത്തും ഒരു സമരായുധം കൂടിയാണെന്നും ഐസിസി പ്രസിഡണ്ട് എ.പി. മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.
യുവഎഴുത്തുകാരിയും ഖത്തര്‍ പ്രവാസിയുമായ ഷമിന ഹിഷാമിന്റെ പ്രഥമ നോവല്‍ ‘ഊദ്’ ന്റെ ഖത്തറിലെ പ്രകാശനവും സാംസ്‌കാരിക സദസ്സും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാരായ പ്രവാസികള്‍ക്കിടയില്‍ സാഹിത്യാഭിരുചി വളര്‍ത്താനും സാഹിത്യപ്രര്‍ത്തനങ്ങളെ പിന്തുണക്കുന്നതിനുമായി ഐസിസിക്കു കീഴില്‍ വിവിധ ഭാഷകളില്‍ ലിറ്ററേച്ചര്‍ ക്ലബുകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം തുമാമ ഐ.ഐ.സി.സി. കാഞ്ചാനി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ പ്രകാശനം ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവയും പ്രമുഖ സാമൂഹ്യ-സാസ്‌കാരിക പ്രവര്‍ത്തകനും വ്യവസായിയുമായ എ.കെ. ഉസ്മാനും ചേര്‍ന്ന് നിര്‍വഹിച്ചു.
ഡി സി നോവല്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടികയില്‍ അവസാന മൂന്നില്‍ ഇടം നേടിയ ‘ഊദ്’ ന്റെ പ്രസാധകര്‍ ഡി.സി. ബുക്‌സ് തന്നെയാണ്.
ഫോറം എക്‌സിക്യുട്ടീവ് സമിതിയംഗം ഷംന ആസ്മി പുസ്തകം പരിചയപ്പെടുത്തി.
റേഡിയോ മലയാളം 98.6 എഫ്.എം. സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍, എഫ് സി സി ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി, കലാ-സാംസ്‌കാരിക പ്രവര്‍ത്തകരായ പ്രതിഭ രതീഷ്, ആര്‍.ജെ. രതീഷ്, ചിത്ര ശിവന്‍, അക്ബര്‍ അലി അറക്കല്‍, ബിജു പി മംഗലം, സുബൈര്‍ വെള്ളിയോട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ അലുംനിയുടെ ഭാഗമായ സ്‌ട്രൈക്കേഴ്‌സ് ഖത്തറിന്റെ ഉപഹാരം മിന്‍ഹാസ് അബ്ദുട്ടിയും ടീ ടൈമിന്റെ ഉപഹാരം സുരേഷ് കുവാട്ടും ഷമിന ഹിഷാമിനു സമ്മാനിച്ചു.
ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ഷമിന ഹിഷാം സദസ്സുമായി സംവദിച്ചു. ശ്രീകല ഗോപിനാഥും അന്‍സാര്‍ അരിമ്പ്രയും ചേര്‍ന്ന് തയ്യാറാക്കിയ ഷമിനയെ കുറിച്ച ഡോക്യുമെന്ററിയും ശബ്ദാവിഷ്‌ക്കാരവും സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ഓതേര്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം അഷ്റഫ് മടിയാരി നന്ദിയും പറഞ്ഞു.
അബ്ദുല്‍ മജീദ് ടി, ഹുസ്സൈന്‍ വാണിമേല്‍, അന്‍സാര്‍ അരിമ്പ്ര, ഹിഷാം ഹംസ, ഷാഫി പിസി പാലം എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. തന്‍സീം കുറ്റ്യാടിയായിരുന്നു പരിപാടിയുടെ അവതാരകന്‍