Uncategorized

ടിക്കറ്റ് നിരക്ക് വര്‍ദ്ദന, യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് കള്‍ച്ചറല്‍ ഫോറം പ്രവാസി സഭ


മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : ഗള്‍ഫ് പ്രവാസം അമ്പതാണ്ട് പിന്നിട്ടിട്ടും പ്രവാസിയുടെ യാത്ര പ്രശ്‌നം ഇന്നും പരിഹരിക്കപ്പെടാതെ കൂടുതല്‍ രൂക്ഷമായി തുടരുകയാണെന്നും ഇത് പരിഹരിക്കാന്‍ പ്രവാസി സംഘടനകളുടെ ഒന്നിച്ചുള്ള മുന്നേറ്റം ഉണ്ടാവണമെന്നും കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസി സഭ അഭിപ്രായപ്പെട്ടു. വിമാന ചാര്‍ജ് നിയന്ത്രിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇപ്പോള്‍ യാതൊരു നിയന്ത്രണവും ഇല്ലെന്നും ചാര്‍ജ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്ന രീതിയില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും പ്രവാസി സഭ ആവശ്യപ്പെട്ടു.

അവധിക്കാലങ്ങളില്‍ നാട്ടില്‍ പോകുകയെന്നത് ഒരു സാധാരണക്കാരന് സ്വപ്നമായി മാറുകയാണ്. കൂടുതല്‍ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് ചെറിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതും അയാട്ടക്ക് കീഴിലെ ട്രാവല്‍ ഏജന്‍സികള്‍ അമിത വിലക്ക് വില്‍ക്കാനായി സീസണുകളില്‍ നേരത്തെ തന്നെ ഗ്രൂപ്പ് ടിക്കറ്റുകള്‍ എടുക്കുന്നതും നേരത്തെയുണ്ടായിരുന്ന ബൂക്കിംഗ് സംവിധാനം എടുത്ത് കളഞ്ഞതും ദുരിതത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചൂഷണത്തിന് സൗകര്യമൊരുക്കുകയും ചെയ്യുന്നുവെന്നും ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് നാടുകളിലെ മറ്റ് രാജ്യക്കാര്‍ക്ക് അവധിക്കാലങ്ങളില്‍ ആശ്വസമേകുന്നത് അവരുടെ ദേശീയ വിമാനക്കമ്പനികളാണ്. എന്നാല്‍ സ്വന്തം രാജ്യത്തിന്റെതായ ദേശീയ വിമാനക്കമ്പനി പോലും ഇല്ലാത്ത പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍ മാറിയിരിക്കുന്നു. പതിവ് മെമ്മോറാണ്ടങ്ങള്‍ക്കുപരി നിരന്തര സമ്മര്‍ദ്ദത്തിലൂടെയും ശക്തമായ സോഷ്യല്‍ മീഡീയ കാമ്പയിനിലൂടെ അന്താരാഷ്ട്രാ തലത്തില്‍ തന്നെ ഈ വിഷയം ഉയര്‍ത്തി കൊണ്ട് വരേണ്ടതുണ്ട്.

രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളുടെ യാത്രാപ്രശ്‌നം മറ്റ് കാര്യങ്ങളിലെന്ന പോലെ അവര്‍ തന്നെ പിരിവെടുത്ത് പരിഹരിക്കപ്പെടേണ്ട ഒന്നല്ല. എല്ലാ വര്‍ഷവും അവധിക്കാലത്തേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്താനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണം. ടിക്കറ്റ് നിരക്കിന് പരിധി നിര്‍ണയിക്കണം. ഇതിനായി റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുകയും വേണം. ഇന്ത്യന്‍ എമ്പസികളും കേരള സര്‍ക്കാരും ഈ വിഷയത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്തണെമെന്നും അതിനായി യോജിച്ച് മുന്നോട്ട് പോകാമെന്നും പ്രവാസി സഭയില്‍ സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

‘വിമാന യാത്ര നിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക’ എന്ന ശീര്‍ഷകത്തില്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമാണ് പ്രവാസി സഭ സംഘടിപ്പിച്ചത്.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍ പ്രവാസി സഭ നിയന്ത്രിച്ചു. സംസ്ഥാന കമ്മറ്റിയംഗം സാദിഖ് ചെന്നാടന്‍ വിഷയം അവതരിപ്പിച്ചു. കെ. എം.സി.സി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഗപാക് ജാനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, ലോക കേരള സബ അംഗവും സമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, തിരുവന്തപുരം എയര്‍പോര്‍ട്ട് യൂസേര്‍സ് ഫോറം കണ്‍വീനര്‍ തോമസ് കുര്യന്‍, യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് അസ്ലം തൗഫീഖ്, ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ്, നോര്‍വ്വ ജനറല്‍ സെക്രട്ടറി സിമിന്‍ ചന്ദ്രന്‍, നിഖില്‍ ശശിധരന്‍, യുനിഖ് വൈസ് പ്രസിഡന്റ് സ്മിത ദീപു, സലീന കൂലത്ത്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് പ്രതിനിധി ഷിജു ആര്‍, പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിനിധി സിദ്ദീഖ് , റഷീദ് ഐ.സി.എഫ്, കള്‍ച്ചറല്‍ ഫോറം സെക്രട്ടറി കെ.ടി മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി സമാപന പ്രസംഗം നടത്തി.

Related Articles

Back to top button
error: Content is protected !!