ഈദുല്‍ അദ്ഹ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഈദുല്‍ അദ്ഹ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി ഖത്തര്‍. രാവിലെ 5.01 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ച 610 പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തോടെയാണ് ഈദാഘോഷങ്ങള്‍ക്ക് തുടക്കമായത്. പ്രതികൂലമായ കാലാവസ്ഥയിലും കോര്‍ണിഷിലെ മിന ഡിസ്ട്രിക്റ്റും കതാറയും സൂഖ് വാഖിഫും അല്‍ വക്ര സൂഖും ലുസൈല്‍ ബോളിവാര്‍ഡുമൊക്കെ ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്താല്‍ നിറഞ്ഞപ്പോള്‍ ആഘോഷഷത്തിന് മാറ്റു കൂടി.
വിവിധ പള്ളികളില്‍ ഒത്തുകൂടിയ മലയാളികള്‍ പരസ്പരം കെട്ടിപ്പിടിച്ചും ഈദാശംസകള്‍ നേര്‍ന്നും ആഘോഷം സാര്‍ഥകമാക്കി. അലി ബിന്‍ അലി പള്ളിയില്‍ നിരവധി സി.ഐ,സി പ്രവര്‍ത്തകരാണ് ഈദാശംസകള്‍ കൈമാറിയത്.
പെരുന്നാല്‍ നമസ്‌കാരത്തിന്റെ പല വേദികളിലും ഇസ് ലാമിക കാര്യ മന്ത്രാലയം കുട്ടികള്‍ക്ക് സമ്മാനം നല്‍കി ആഘോഷത്തിന്റെ വികാരം പങ്കുവെച്ചു.
കതാറയിലെത്തിയ കുട്ടികളെ ഈദിയ്യ ( പെരുന്നാള്‍ സമ്മാനം) നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്. അറേബ്യന്‍ സംസ്‌കാരവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന വിനോദപരിപാടികളും കലാപ്രകടനങ്ങളുമൊക്കെ ആഘോഷാന്തരീക്ഷത്തെ പൊലിപ്പിച്ചു. വിവിധ തരം മല്‍സരങ്ങളും കലാവൈജ്ഞാനിക പരിപാടികളും കത്താറയിലെ ഈദാഘോഷം സവിശേഷമാക്കി .
കൂട്ടുകാരും കുടുംബങ്ങളുമൊത്ത മരൂഭൂ യാത്രകളും ക്യാമ്പുകളും ആസ്വദിക്കുന്നവരും കുറവായിരുന്നില്ല.
ഹയ്യാ കാര്‍ഡിന്റെ ആനുകൂല്യത്തില്‍ കുറേയധികം പേര്‍ക്ക് കുടുംബത്തെ ഖത്തറിലെത്തിക്കാനായത് ആഘോഷത്തിന് ഇരട്ടിമധുരം നല്‍കി.
നിരവധി പേരാണ് ഈദാഘോഷത്തിനായി അയല്‍ രാജ്യങ്ങളിലേക്ക് പോയത്. ബഹറൈനിലേക്കുള്ള യാത്രാ മധ്യേ രണ്ട് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചത് ഖത്തറിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി