പെരുന്നാളവധിക്കാലത്ത് ഖത്തറിലെ ഹോട്ടല്‍ ബുക്കിംഗില്‍ ഗണ്യമായ വര്‍ദ്ധനവ്
അമാനുല്ല വടക്കാങ്ങര
ദോഹ: പെരുന്നാളവധിക്കാലത്ത് ഖത്തറിലെ ഹോട്ടല്‍ ബുക്കിംഗില്‍ ഗണ്യമായ വര്‍ദ്ധനവ് . വിവിധ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തിയവരുടെ എണ്ണം കൂടിയതും നിരവധി ഹോട്ടലുകള്‍ പ്രഖ്യാപിച്ച പ്രത്യേക സ്റ്റേക്കേഷന്‍ ഓഫറുകള്‍ പ്രയോജനപ്പെടുത്തി വിദേശികളും സ്വദേശികളും രംഗത്തു വന്നതുമാണ് ഖത്തറിലെ ഹോട്ടല്‍ ബുക്കിംഗില്‍ ഗണ്യമായ വര്‍ദ്ധനവിന് വഴിയൊരുക്കിയത്.
സേവന മികവിന്റെ ആഗോള ലക്ഷ്യസ്ഥാനമായി ഖത്തറിന്റെ സ്ഥാനം ഉയര്‍ത്താന്‍ നിരന്തരമായ ശ്രമങ്ങളാണ് നടക്കുന്നത്. ദോഹയെ 2023 ലെ അറബ് ടൂറിസം തലസ്ഥാനമായി അറബ് മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ ടൂറിസം തിരഞ്ഞെടുത്തത് ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ഒരു അധിക ചുവടുവെപ്പാണ്. ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ ടൂറിസവുമൊക്കെ ശ്രദ്ധേയമായ ചുവടുകളിലൂടെ രാജ്യത്തെ ടൂറിസം വികസിപ്പിക്കുന്നതിനുള്ള നൂതനമായ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്.