ശരാശരി വേതനത്തില്‍ ഖത്തര്‍ അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്
അമാനുല്ല വടക്കാങ്ങര
ദോഹ: ഓണ്‍ലൈന്‍ ഡാറ്റാബേസ് സ്റ്റാറ്റിസ്റ്റിക്സ് വെബ്സൈറ്റായ നംബിയോ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ശരാശരി വേതനത്തിന്റെ കാര്യത്തില്‍ ഖത്തര്‍ അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതും ലോകാടിസ്ഥാനത്തില്‍ ആറാം സ്ഥാനവും നേടി.
12 അറബ് രാജ്യങ്ങള്‍ കൂടി നികുതിയിളവുകള്‍ക്ക് ശേഷം ജീവനക്കാര്‍ ഏറ്റവും ഉയര്‍ന്ന ശരാശരി പ്രതിമാസ വേതനം അനുഭവിക്കുന്ന രാജ്യങ്ങളുടെ ആദ്യ 100 ന്റെ പട്ടികയില്‍ ഇടം നേടി.
ലോകാടിസ്ഥാനത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ശരാശരി ശമ്പളം (6,186.01 ഡോളര്‍) നേടിയപ്പോള്‍, ലക്‌സംബര്‍ഗ് (5,180.70 ഡോളര്‍) ശരാശരി ശമ്പളവുമായി രണ്ടാം സ്ഥാനത്തെത്തി. സിംഗപ്പൂര്‍ 5,032.35 ഡോളര്‍ ശരാശരി ശമ്പളവുമായി മൂന്നാം സ്ഥാനത്തും യുണൈറ്റഡ് സ്റ്റേറ്റ്‌സ് 5,032.35 ഡോളര്‍ ശരാശരി ശമ്പളവുമായി നാലാം സ്ഥാനത്തും എത്തി. 4,658.96 ഡോളര്‍ ശരാശരി ശമ്പളത്തില്‍ ഐസ്ലാന്‍ഡ് അഞ്ചാം സ്ഥാനത്താണ്.
4,130.45 ഡോളര്‍ ശരാശരി ശമ്പളവുമായി ഖത്തര്‍ ലോകാടിസ്ഥാനത്തില്‍ ആറാം സ്ഥാനത്താണ്. 3,581.87 ഡോളര്‍ ശരാശരി ശമ്പളവുമായി യുഎഇ ഏഴാം സ്ഥാനത്തും, 3,539.42 ഡോളര്‍ ശരാശരി ശമ്പളവുമായി ഡെന്മാര്‍ക്ക് 8-ാം സ്ഥാനത്തും 3,539.42 ഡോളര്‍ ശരാശരി ശമ്പളവുമായി നെതര്‍ലാന്‍ഡ്സ് 9-ാം സ്ഥാനത്തും 3,362.47 ഡോളര്‍ ശരാശരി ശമ്പളവുമായി ഓസ്ട്രേലിയ പത്താം സ്ഥാനത്തുമാണുള്ളത്.