സ്‌നേഹവും കരുതലും കൊണ്ട് ജനമനസ്സില്‍ എക്കാലവും ജ്വലിച്ച് നിന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി: ജെ.കെ. മേനോന്‍
ദോഹ: ജനമനസ്സുകളില്‍ ജീവിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. സ്‌നേഹവും കരുതലും കൊണ്ട് ജനമനസ്സില്‍ എക്കാലവും ജ്വലിച്ച് നിന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഉമ്മന്‍ചാണ്ടിയെന്നും എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ. മേനോന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രഥമ പരിഗണന ജനങ്ങള്‍ക്കായിരുന്നു. എന്റെ പിതാവ് സി.കെ. മേനോനുമായിട്ടായിരുന്നു ഞങ്ങളിലെ ബന്ധത്തിന് തുടക്കം. പിന്നീട് ഞാനുമായും നല്ലൊരു ഹൃദയബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. പരിചയപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും പേരെടുത്ത് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്ന സിദ്ധി ഉമ്മന്‍ചാണ്ടിയെന്ന മഹത് വ്യക്തിയുടെ പ്രത്യേകതകളില്‍ ഒന്നായിരുന്നു. ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടുചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതെന്ന് ജെ.കെ. മേനോന്‍ അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തില്‍ നികത്താനാവാത്ത വിടവാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും ജെ.കെ.മേനോന്‍ അനുസ്മരണകുറിപ്പില്‍ വ്യക്തമാക്കി.