ഹീറ്റ് സ്‌ട്രെസ് അവബോധ കാമ്പയിനുമായി ദേശീയ മനുഷ്യാവകാശ സമിതി
അമാനുല്ല വടക്കാങ്ങര
ദോഹ. വേനല്‍ ചൂട് കനക്കുകയും ജീവിതത്തേയും തൊഴില്‍ സാഹചര്യങ്ങളേയും ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്മേലുള്ള ചൂട് സമ്മര്‍ദ്ദത്തിന്റെ ആഘാതത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള കാമ്പയിനുമായി ദേശീയ മനുഷ്യാവകാശ സമിതി രംഗത്ത്.
എല്ലാ പങ്കാളികളുടെയും യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്, അതില്‍ പ്രധാനം ഉയര്‍ന്ന താപനിലയുള്ള സ്ഥലങ്ങളിലെ ജോലി തടയുന്നതിനും നിരോധിക്കുന്നതിനും രാജ്യം അംഗീകരിച്ച വ്യവസ്ഥകള്‍ പാലിക്കാനുള്ള തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രതിബദ്ധതയാണ്. ഇത് അമിതമായ ചൂടില്‍ നിന്ന് പ്രത്യേകിച്ച് നിര്‍മ്മാണ വ്യവസായത്തിലെ തൊഴിലാളികളെ സംരക്ഷിക്കുന്നു.
സ്വാതന്ത്ര്യം, നീതി, സമത്വം, സഹിഷ്ണുത എന്നിവയുടെ അടിത്തറയില്‍ അധിഷ്ഠിതമായ മനുഷ്യന്റെ അന്തസ്സും മാന്യമായ ജീവിതത്തിനുള്ള അവകാശത്തിന്റെ ആസ്വാദനവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഖത്തറിന് കഴിഞ്ഞതായി എന്‍എച്ച്ആര്‍സി ചെയര്‍പേഴ്സണ്‍ മറിയം ബിന്‍ത് അബ്ദുല്ല അല്‍ അത്തിയ പറഞ്ഞു. ഖത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അറബ്, ഇസ്ലാമിക മൂല്യങ്ങള്‍, സാമൂഹികവും മാനുഷികവുമായ പാരമ്പര്യങ്ങള്‍, നിയമവാഴ്ചയിലുള്ള വിശ്വാസം, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അതിന്റെ പങ്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ്, ദേശീയ നിയമനിര്‍മ്മാണവും നയങ്ങളും രൂപീകരിക്കുന്നത്.
ഖത്തറില്‍ വ്യത്യസ്തമായ കാലാവസ്ഥയുള്ള 195 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ജോലി ചെയ്യുന്നതിനാല്‍, മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുക, സംരക്ഷിക്കുക, നിറവേറ്റുക എന്നിവ എന്‍എച്ച്ആര്‍സിയുടെ മുന്‍ഗണനകളിലൊന്നാണ് എന്നതില്‍ സംശയമില്ലെന്ന് അവര്‍ പറഞ്ഞു.