ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ പലിശ നിരക്ക് വര്‍ദ്ധന ബാധകമാകാത്തവരാരെല്ലാം
ദോഹ. ഖത്തര്‍ ബാങ്കുകളില്‍ നിലവിലുള്ള വായ്പാ സൗകര്യങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധന ബാധകമാകാത്തവരാരെല്ലാം എന്നത് സംബന്ധിച്ച പട്ടിക ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി.
ഇതനുസരിച്ച് പലിശ വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കപ്പെട്ട മേഖലകളില്‍ ഖത്തറികള്‍ക്കുള്ള ഉപഭോക്തൃ വായ്പകളും (സ്വകാര്യ ഭവന, ഉപഭോക്തൃ വായ്പകളും കരാര്‍ മേഖലയും ഉള്‍പ്പെടെ), ടൂറിസം, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വിനോദം, കരകൗശലവസ്തുക്കള്‍, ആര്‍ട്ട് വര്‍ക്ക്‌ഷോപ്പുകള്‍, പ്രദര്‍ശനങ്ങള്‍, ഉപകരണങ്ങള്‍ റിപ്പയര്‍ സേവനങ്ങളും ഉള്‍പ്പെടുന്ന സേവന മേഖലയും ഉള്‍പ്പെടുന്നു. കൂടാതെ ഭക്ഷണം, വസ്ത്രം, തുകല്‍, ഫര്‍ണിച്ചര്‍, പാക്കേജുചെയ്തതും ടിന്നിലടച്ചതുമായ ശീതളപാനീയങ്ങള്‍, സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന നിര്‍മ്മാണ മേഖലക്കും ഈ ആനുകൂല്യം ലഭിക്കും.
വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം, ഇളവുകളില്‍ കൃഷിയും അതിന്റെ ഉല്‍പ്പന്നങ്ങളും, മത്സ്യബന്ധനം, ഭക്ഷണം, വസ്ത്രം, തുകല്‍, ഫര്‍ണിച്ചര്‍, ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സഹകരണ സ്ഥാപനങ്ങളും പലചരക്ക് കടകളും, സ്റ്റേഷനറികളും അനുബന്ധ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നുവെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ പട്ടിക വ്യക്തമാക്കുന്നു.