സുസ്ഥിര വികസനത്തില്‍ യുവജനങ്ങളുടെ പങ്ക് – ശ്രദ്ധേയമായി യൂത്ത് ഫോറം സെമിനാര്‍

അമാനുല്ല വടക്കാങ്ങര
ദോഹ : അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച സെമിനാര്‍ പ്രമേയം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഖത്തര്‍ ചാരിറ്റിക്ക് കീഴിലുള്ള ഇസ്ദിഹാര്‍ ഇനീഷ്യേറ്റിവുമായി സഹകരിച്ചാണ് യൂത്ത് ഫോറം സെമിനാര്‍ ഒരുക്കിയത്. ലുസൈലിലെ ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജന പ്രതിനിധികള്‍ പങ്കെടുത്തു.
പ്രമോട്ടിംഗ് ഗ്രീന്‍ സ്‌കില്‍സ് എന്ന വിഷയത്തില്‍ ഖത്തര്‍ വികസന ഫണ്ടിലെ സ്ട്രാറ്റജറ്റിക് പാര്‍ട്ട്ണര്‍ഷിപ് വകുപ്പ് മാനേജര്‍ റൗദ അല്‍ നുഐമി സംവദിച്ചു. സുസ്ഥിര വികസനം ലക്ഷ്യം വെച്ച് ഖത്തര്‍ വികസന ഫണ്ട് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതികളുടെ മാതൃകകള്‍ സദസ്സുമായി പങ്കുവെച്ചു.
‘ഗ്രീന്‍ എക്കോണമി : സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിലാണ് ടെറ എനര്‍ജി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അല്‍ഹാജ് (സുഡാന്‍) വിഷയമവതരിപ്പിച്ചത്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത മേഖലകളില്‍ പരീക്ഷിക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളും സംരംഭങ്ങളും അദ്ദേഹം പരിചയപ്പെടുത്തി. ചോദ്യോത്തര സെഷനില്‍ റൗദ നുഐമിയും ഡോ. മുഹമ്മദ് അല്‍ഹാജും സദസ്സുമായി സംവദിച്ചു.
യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം അബ്ദുറഹീം ആമുഖ ഭാഷണം നടത്തി. സുസ്ഥിര ലോകത്തിന് യുവാക്കളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് നടത്തുന്ന കാമ്പയിനിന്റെ ഭാഗമാണ് സെമിനാറെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മാസം നീണ്ട് നില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി കൂടുതല്‍ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് ഫോറം കേന്ദ്ര നിര്‍വാഹക സമിതിയംഗം അഹമദ് അന്‍വര്‍ സ്വാഗതം പറഞ്ഞു. ഇസ്ദിഹാര്‍ ഇനിഷ്യേറ്റീവ് കോഡിനേറ്റര്‍ അഹ്‌മദ് മുതഹര്‍ അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഷഫീഖ് അലി സെമിനാറില്‍ മോഡറേറ്ററായിരുന്നു.
യുവജന സമൂഹത്തിന്റെ വിഷയങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തിക്കാനും അവരുടെ കഴിവുകളെ ആഗോള സാമൂഹിക നിര്‍മിതിയില്‍ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ആഗസ്റ്റ് 12 അന്താരാഷ്ട്ര യുവജനദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കാറുണ്ട്. ഗ്രീന്‍ സ്‌കില്‍സ് ഫോര്‍ യൂത്ത് ടുവേര്‍ഡ്‌സ് എ സസ്റ്റയിനബിള്‍ വേള്‍ഡ് എ എന്നതാണ് ഈ വര്‍ഷത്തെ യുവജനദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്