വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ പ്രസിഡണ്ടിന് ഖത്തറില്‍ സ്വീകരണം
ദോഹ. മിഡില്‍ ഈസ്റ്റ് റീജിയണിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രോവിന്‍സുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെത്തിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ പ്രസിഡണ്ട് തോമസ് മോട്ടക്കലിന് സ്വീകരണം നല്‍കി.
ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തോമസ് മൊട്ടക്കലിനെ ഖത്തര്‍ പ്രോവിന്‍സ് ചെയര്‍മാന്‍ വി എസ് നാരായണന്‍, പ്രസിഡണ്ട് സുരേഷ് കരിയാട്, വൈസ് ചെയര്‍മാന്‍മാരായ സിയാദ് ഉസ്മാന്‍, സിദ്ധീഖ് പുറായില്‍, മുന്‍ റീജ്യണല്‍ വൈസ് പ്രസിഡണ്ട് അഡ്വ. സുനില്‍കുമാര്‍, എന്‍ആര്‍ഐ ഫോറം കണ്‍വീനര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, വിമന്‍സ് ഫോറം ജന. സെക്രട്ടറി സിമി, യൂത്ത് ഫോറം പ്രസിഡണ്ട് ഫാസില്‍, സോഷ്യല്‍ സര്‍വ്വീസ് മെമ്പര്‍ സിമിചന്ദ്ര, ഡിസാസ്റ്റര്‍ ടാസ്‌ക്‌ഫോര്‍സ് മെമ്പര്‍ ഷംസുദ്ധീന്‍, ജിജി ജോണ്‍, ഫയാസ്, എന്നിവരുടെ നേതൃത്വത്തില്‍ മലയാളി കൗണ്‍സില്‍ നേതാക്കള്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
വൈകുന്നേരം ഐ സി സി മുംബെ ഹാളില്‍ നടന്ന മീറ്റ് വിത്ത് ഗ്‌ളോബല്‍ പ്രസിഡണ്ട് എന്ന പിപാടിയില്‍ തോമസ് മോട്ടക്കല്‍ സംസാരിച്ചു. ഡബ്ല്യുഎംസി ഖത്തര്‍ പ്രസിഡണ്ട് സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വി എസ് നാരായണന്‍ ഭാരവാഹികളെ പരിചയപ്പെടുത്തി ഖത്തര്‍ പ്രോവിന്‍സിന്റെ ഭാവി പ്രവര്‍ത്തനങ്ങളെകുറിച്ച് സംസാരിച്ചു.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകാപരവും, ശ്ലാഘനീയവുമാണെന്ന് ഗ്‌ളോബല്‍ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
അംഗങ്ങളും പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള ഐക്യത്തിലധിഷ്ടിതമായ കൂട്ടായ്മയാണ് സംഘടനയുടെ ശക്തിയെന്നും ആ ശക്തിയുടെ ഗുണഫലങ്ങള്‍ പൊതു സമൂഹത്തിന് പ്രയോജനപ്പെടുന്ന സത്ഫലങ്ങള്‍ സൃഷ്ടിക്കുമെന്നും തനിക്ക് നല്കിയ സ്വീകരണത്തിന് നന്ദി അറിയിച്ചു കൊണ്ട് തോമസ് മോട്ടക്കല്‍ പറഞ്ഞു. ഡബ്ല്യുഎംസിയുടെ ഓരോ അംഗവും പ്രസ്ഥാനത്തിന്റെ അംബാസഡര്‍മാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ ഗ്ലോബല്‍ എന്‍ആര്‍ഐ ഫോറം ചെയര്‍മാന്‍ ജോസ് കോലത്ത്, ഖത്തര്‍ പ്രൊവിന്‍സിന്റെ പ്രവര്‍ത്തനങ്ങളെ മുക്തകണ്‍ഠം പ്രശംസിച്ചു. ഗ്ലോബല്‍ പ്രസിഡണ്ടിന്റെ ദോഹ സന്ദര്‍ശനം ഒരു പുത്തന്‍ ഉണര്‍വാണ് ഡബ്ല്യുഎംസി ഖത്തറിന് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെയര്‍മാന്‍ വിഎസ് നാരായണന്‍, പ്രസിഡണ്ട് സുരേഷ് കരിയാട്, ജനറല്‍ സെക്രട്ടറി കാജല്‍ മൂസ്സ എന്നിവര്‍ ചേര്‍ന്ന് ഗ്ലോബല്‍ പ്രസിസണ്ടിന് ഖത്തര്‍ പ്രൊവിന്‍സിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു. ജന. സെക്രട്ടറി കാജല്‍ മൂസ്സ സ്വാഗതവും വൈസ് പ്രസിഡണ്ട് സാം കുരുവിള നന്ദിയും പറഞ്ഞു.