പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുലുമായി കൂടിക്കാഴ്ച നടത്തി

ദോഹ : ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ഖത്തര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
നിരപരാധികളായ പ്രവാസികള്‍ മയക്കുമരുന്ന് ലോബിയുടെ ചതിയില്‍ പെട്ട് ഖത്തറിലെ ജയിലില്‍ കഴിയുന്ന വിഷയം അംബാസഡറുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഇതിനൊരു പരിഹാരമായി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ ബാഗേജുകള്‍ കര്‍ശനമായ ശാസ്ത്രീയ പരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി മയക്കുമരുന്ന് ദുരുപയോഗത്തിനും അതുമൂലം ഉണ്ടാവുന്ന നിയമപരമായ പ്രശ്നങ്ങളും സംബന്ധിച്ചു അവബോധം നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും അതിനായി ഖത്തറിലെ പ്രവാസിസംഘടനകളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ പിസിസി യുടെ പിന്തുണ അറിയിക്കുകയും ചെയ്തു.
പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രതിനിധികള്‍ വിശദീകരിക്കുകയും എംബസ്സിയുടെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു .
ചെയര്മാന് അഡ്വ. (ഡോ)നിസാര്‍ കോച്ചേരി, മഷ്ഹൂദ് വി.സി (ജനറല്‍ കണ്‍വീനര്‍), കെ.സി. അബ്ദുള്‍ ലത്തീഫ് (വൈസ് ചെയര്മാന്), ഖലീല്‍ എ.പി (കണ്‍വീനര്‍), സമീല്‍ അബ്ദുള്‍ വാഹിദ് (ചെയര്മാന്-ഐ.ടി) എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.