നിനച്ചിരിക്കാതെ കവിയായി മാറിയ പി.എസ്.ഹമീദ്
അമാനുല്ല വടക്കാങ്ങര
നിനച്ചിരിക്കാതെ കവിയായി മാറിയ വ്യക്തിയാണ് ഉത്തരകേരളത്തില്‍ നിന്നുള്ള പി.എസ്.ഹമീദ് . മഹാകവി ടി ഉബൈദിന് ശേഷം ഉത്തരകേരളം മലയാളത്തിന് സമ്മാനിച്ച സിദ്ധിമാനായ കവി. ഉബൈദിന്റെ കുടുംബത്തില്‍പ്പെട്ട ഹമീദിന്റെ സിരകളിലും ചെറുപ്പം മുതലേ കവിതയുണ്ടായിരുന്നു. അധ്യാപകനും ഗായകനും കവിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമൊക്കെയായിരുന്ന പി.സീതിക്കുഞ്ഞിന്റെ മകനായ ഹമീദ് കുട്ടിക്കാലം തൊട്ടേ സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും തലോടലേറ്റാണ് വളര്‍ന്നത്.
വാദ്യസംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലുമൊക്കെ നിപുണനായിരുന്ന പിതാവിന്റെ ആലാപനങ്ങളും വായനയും കുട്ടിയായിരിക്കെ ഹമീദിനെ സ്വാധീനിച്ചിരിക്കണം. സ്വാഭാവികമായും സ്‌കൂള്‍ കോളേജ് കാലങ്ങളില്‍ പാട്ടരങ്ങുകളിലും സാഹിത്യവേദികളുമൊക്കെ നിറഞ്ഞാടാന്‍ ഹമീദിന് യോഗമുണ്ടായി.
കവിതയിലും മാപ്പിളപ്പാട്ടിലും ആര്‍ഥം കൊണ്ടും ആശയം കൊണ്ടും ഉള്‍ക്കനമാര്‍ന്ന രചനകളിലൂടെ സഹൃദയ മനം കവരുന്ന കവിയാണ് പി.എസ്. ഹമീദ്.
ഏകദേശം ഇരുപത് വയസുള്ളപ്പോഴാണ് മാപ്പിള സാഹിത്യത്തിലെ ശ്രദ്ധേയരായ പി.കെ.മുഹമ്മദ് കുഞ്ഞി, പ്രൊഫസര്‍ മൊയ്തീന്‍ ഷാ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള തൃശൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് വിവിധ അക്കാദമികളുമായി സഹകരിച്ച് മാപ്പിളപ്പാട്ടില്‍ കവിതയുണ്ടോ എന്ന വിഷയത്തില്‍ കവിത മല്‍സരം സംഘടിപ്പിക്കുന്ന വിവരമറിഞ്ഞത്. കവിത അയക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ലൈവ് മല്‍സരത്തില്‍ പങ്കെടുപ്പിക്കുമെന്നായിരുന്നു അറിയിപ്പ് .
ആവേശത്തോടെ മല്‍സരത്തിന് കവിതയയച്ച ഹമീദിനെ ഫൈനല്‍ മല്‍സരത്തിന് തെരഞ്ഞെടുത്തു. കൂട്ടുകാകനേയും കൂട്ടി തൃശൂര്‍ സാഹിത്യ അക്കാദമിയിലേക്ക് വണ്ടി കയറുമ്പോള്‍ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. കാസര്‍ക്കോട് നിന്നും തൃശൂരിലേക്കുള്ള ട്രെയിന്‍ അര മണിക്കൂര്‍ വൈകിയതിനാല്‍ മല്‍സരം തുടങ്ങിയ ശേഷമാണ് ഹമീദ് ഹാളിലെത്തിയത്. മാപ്പിളപ്പാട്ട് രംഗത്തെ കുലപതികളായ നിരവധി പേരാണ് മല്‍സരത്തിനുണ്ടായിരുന്നത്. ഗ്രന്ഥകാരന്മാരും കവികളും അറിയപ്പെടുന്ന പ്രതിഭകളുമൊക്കെ മാറ്റുരച്ച മല്‍സരത്തില്‍ തുടക്കക്കാരനായ ഹമീദ് ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് പങ്കെടുത്തത്. മഹാകവി അക്കിത്തം, വൈലോപ്പിള്ളി, ഗുപ്തന്‍നായര്‍, ഡോ. സുകുമാര്‍ അഴീക്കോട് തുടങ്ങിയ പ്രമുഖരാണ് മല്‍സരത്തിന് വിധികര്‍ത്താക്കളായി എത്തിയിരുന്നത്.
ഓര്‍മയിലെ കുട്ടിക്കാലം എന്ന വിഷയത്തെ അധികരിച്ചാണ് കവിതയെഴുതേണ്ടിയിരുന്നത്. സാഹിത്യ സാംസ്‌കാരിക സമ്പന്നമായ തന്റെ കുട്ടിക്കാലം മനോഹരമായി വരച്ചുവെച്ച ഹമീദിന് മോയിന്‍ കുട്ടി വൈദ്യരുടെ പേരിലുള്ള സ്വര്‍ണമെഡല്‍ ലഭിച്ചത് ഇന്നും അദ്ദേഹത്തിന് അവിസ്മരണീയമായ ഓര്‍മയാണ്.
മലയാള സാഹിത്യത്തിലെ ലബ്ധ പ്രതിഷ്ടരായ വിധികര്‍ത്താക്കള്‍ ഹമീദിന്റെ കവിതയെ പ്രത്യേകം പ്രശംസിക്കുകയും മാപ്പിള പ്പാട്ടില്‍ കവിതയും സാഹിത്യവുമുണ്ടെന്ന കാര്യത്തില്‍ യാതൈാരു സന്ദേഹത്തിനും പ്രസക്തിയില്ലെന്നാണ് ഈ ചെറുപ്പക്കാരന്‍ തെളിയിക്കുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ പുരസ്‌കാരത്തെ വഴി തെറ്റി വന്ന സമ്മാനമാണെന്നും തനിക്ക് അതെങ്ങനെ കിട്ടിയെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നുമാണ് ഹമീദ് പറയുന്നത്. 1983 ല്‍ മുഖ്യ മന്ത്രി സി. അച്ച്യുതമേനോനില്‍ നിന്നും ആ സ്വര്‍ണ മെഡല്‍ സ്വീകരിച്ചതിന്റെ ആവേശം ഈ കവിയില്‍ ഇന്നും നിലനില്‍ക്കുന്നു. 1984 ലും 1987 ലും ഈ മല്‍സരങ്ങളില്‍ സ്വര്‍ണമെഡല്‍ നേടി മാപ്പിളകവിയായും മലയാള കവിയായും ഹമീദ് തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിച്ചു. ഹമീദിന്റെ രചനകളെ കവിതയുടെ കസവണിഞ്ഞ മാപ്പിളപ്പാട്ടുകള്‍ എന്ന് വൈലോപ്പിള്ളി വിശേഷിപ്പിച്ചതാകും അന്ന് ലഭിച്ച സ്വര്‍ണമെഡലിനേക്കാളും വലിയ അംഗീകാരം.
കവിത പോലെ തന്നെ സംഗീതവും ഹമീദിന് അനന്തരം കിട്ടിയതാണെന്ന് വേണം കരുതാന്‍.
നിരവധി പ്രസിദ്ധീകരണങ്ങളിലായി മുന്നൂറിലധികം കവിതകള്‍ പ്രസിദ്ധീകരിച്ച ഹമീദ് ഗായകനായും പല വേദികളിലും തിളങ്ങിയിട്ടുണ്ട്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച ഹമീദിന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ക്‌ളബ്ബ് കോഴിക്കോട് ആകാശ വാണി നിലയത്തില്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളായതിനാല്‍ അവരുടെ സൗകര്യം പരിഗണിച്ച് കോഴിക്കോട് നിന്നും മൊബൈല്‍ റിക്കോര്‍ഡിംഗ് വാന്‍ തളങ്കരയിലെത്തിയിരുന്നു.
സമ്മാനങ്ങള്‍ നേടുന്നതില്‍ മാത്രമല്ല, തന്റെ പാട്ടുകള്‍ പ്രഗല്‍ഭരായ ഗായകര്‍ പാടുന്നതിലും ഹമീദ് ഭാഗ്യവാനായിരുന്നു. എസ്.പി. ബാല സുബ്രമണ്യം, വാണി ജയറാം, ഡോ. കെ.ജെ.യേശുദാസ്, മാര്‍ക്കോസ് തുടങ്ങിയവരൊക്കെ ഹമീദിന്റെ പാട്ടുകള്‍ പാടിയിട്ടുണെന്നറിയുമ്പോഴാണ് ഈ കവിയുടെ മഹത്വം നാം തിരിച്ചറിയുന്നത്.
എല്ലാ ഞായറാഴ്ചകളിലും ഇശല്‍ പ്രഭാതമെന്ന ശ്രദ്ധേയമായ പോഡ്കാസ്റ്റിലൂടെ ഈ കവി നമ്മെ ചിന്തിപ്പിക്കുകയും ആസ്വാദനത്തിന്റേയും ആലോചനയുടേയും പുതിയ തലങ്ങളിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്യുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടേയും സോഷ്യല്‍ മീഡിയകളിലൂടേയും ആയിരങ്ങള്‍ പങ്കുവെക്കുന്ന ഇശല്‍ പ്രഭാതം മാപ്പിളപ്പാട്ടിന്റെ മനോഹരമായ ചരിത്ര പ്രയാണം അടയാളപ്പെടുത്തുന്നതാണ് .
ജില്ല, സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവങ്ങളില്‍ വര്‍ഷങ്ങളായി വിധികര്‍ത്താവായി എത്താറുള്ള ഹമീദ് നിരവധി ചാനലുകളിലും റേഡിയോകളിലും വിവിധ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കവിയും സാഹിത്യകാരനുമായ ഹമീദിന് മാപ്പിളപ്പാട്ടിനെകക്കുറിച്ചും കവിതയെക്കുറിച്ചുമൊക്കെ വ്യക്തമായ കാഴ്ചപ്പാടുണ്ട്. മകളെ സന്ദര്‍ശിക്കാനായി ദോഹയിലെത്തിയ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗം.
ഇന്നത്തെ മാപ്പിളപ്പാട്ടുകളില്‍ നിന്ന് സാഹിത്യാംശവും ഗാനാത്മകതയും ചോര്‍ന്നുപോകുന്നു എന്ന വിമര്‍ശനത്തെക്കുറിച്ച് താങ്കളുടെ പ്രതികരണം ?
വളരെ പ്രസക്തമായ ചോദ്യമാണിത് . ഇപ്പോഴത്തെ മാപ്പിളപ്പാട്ടുകളില്‍ മാപ്പിളയുമില്ല പാട്ടുമില്ല എന്ന് പറഞ്ഞാലും തെറ്റാവില്ല . എന്താണ് യഥാര്‍ത്ഥ മാപ്പിളപ്പാട്ടെന്നും എന്തെല്ലാം ചേരുവകളാണ് പാട്ടിലുണ്ടാകേണ്ടതെന്നും അതെന്തിന് വേണ്ടിയാണെന്നും മറ്റും അറിഞ്ഞവരല്ല ഈ രംഗത്ത് അധികമുള്ളത് . വരികള്‍ക്കിടയില്‍ കുറേ അറബിപദങ്ങള്‍ തിരുകിക്കയറ്റി ഈണത്തുണ്ടുകള്‍ കൊണ്ട് ഒട്ടിച്ച് വെച്ചാല്‍ പാട്ടായി എന്നാണ് ചിലരുടെ വിചാരം . അനുവദനീയമാണെങ്കിലും ഒന്നും അസ്ഥാനത്താകരുതെന്നാണ് പ്രമാണം . ചന്തം കെടുത്തുന്ന പദക്കൂട്ടുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടാകണം . സൗന്ദര്യാരാധനയില്‍ കവികള്‍തന്നെയാണ് മുന്നില്‍ . എഴുത്തില്‍ വിശേഷിച്ച് പാട്ടിലും കവിതയിലും സൗന്ദര്യാംശത്തിന് വലിയ പ്രാധാന്യമുണ്ട് . ആശയത്തിനും അര്‍ത്ഥത്തിനും അലങ്കാരത്തിനും അനുയോജ്യമായ പദങ്ങളേ ഉപയോഗിക്കാവു . അതാകട്ടെ മര്‍മ്മസ്ഥാനങ്ങളില്‍ വരികയും വേണം . ഇനി എന്തെഴുതിയാലും ഈണവും സംഗീതവും ചേരുമ്പോള്‍ കേള്‍ക്കാന്‍ ഇമ്പം ഉണ്ടായെന്ന് വരാം . പക്ഷെ ഈണത്തിന്റെയും മ്യൂസിക്കിന്റെയും ആടയാഭരണങ്ങള്‍ അഴിച്ച്മാറ്റിയാല്‍ അതിനകത്ത് മറ്റൊന്നുമുണ്ടാവില്ല . ചന്തമോ ചൈതന്യമോ തൊട്ട്തീണ്ടാത്ത പേടിപ്പെടുത്തുന്ന രൂപങ്ങളാണ് ഇന്നത്തെ മാപ്പിള പ്പാട്ടുകളെന്ന് കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകുന്നുവെങ്കില്‍ കവികളുടെ സൗന്ദര്യ രാഹിത്യത്തെയാണ് അത്ചൂണ്ടുന്നത് . അത്‌കൊണ്ട് തന്നെ പുതിയ പാട്ടുകള്‍ പലതും പത്രവാര്‍ത്തകളായി അല്‍പായുസ്സിലൊടുങ്ങുന്നു . വാര്‍ത്തകളെ കവിതയാക്കാനുള്ള സര്‍ഗ്ഗ സിദ്ധിയാണുണ്ടാകേണ്ടത് . യുവജനോത്സ ങ്ങള്‍ക്ക് വേണ്ടി തട്ടിക്കൂട്ടുന്ന ഗാനങ്ങളധികവും മാപ്പിളപ്പാട്ടിന്റെ ലേബി ളൊട്ടിച്ച വ്യാജ സൃഷ്ടികളാണ് . എഴുതിയവര്‍ക്കോ പാടുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ , എന്തിനധികം പറയുന്നു വിധികര്‍ത്താക്കള്‍ക്ക് പോലും മനസ്സിലാകുന്നില്ലെങ്കില്‍ പാട്ടിന്റെ പേരിലുളള ഈ ശബ്ദകോലാഹലം ആര്‍ക്ക് വേണ്ടിയാണ് ?
പൂര്‍വ്വികളുടെ രചനകളില്‍ ശില്‍പഭദ്രതയുടെ ഉദാഹരണങ്ങള്‍ എത്രയും കാണും .
‘താമരപൂക്കും മുഖത്തെക്കണ്ടാല്‍ … ‘ എന്ന് വൈദ്യരും
‘ തനതൊറ്റ നോട്ടത്തില്‍ കാണ്മത് സത്യമെന്നെങ്ങനെയോര്‍ക്കുന്നു – തെളിനീര്‍
തഞ്ചും കുളത്തിങ്കല്‍ ചേറുണ്ട് ചേറ്റിലോ താമരപൊങ്ങുന്നു …’ എന്ന് ടി. ഉബൈദും
‘ ചേറില്‍നിന്ന് വളര്‍ന്ന് പൊന്തിയ ഹൂറി …’ എന്ന് പി .ഭാസ്‌കരനും താമരപ്പൂവിനെ ബിംബവല്‍ക്കരിച്ച് വിടര്‍ത്തുന്ന ഭാവനയുടെ മനോഹാരിത ഏത് ഹൃദയത്തെയാണ് തരളിതമാക്കാതിരിക്കുക ?
‘കവിതക്കസവണിഞ്ഞ മാപ്പിളപ്പാട്ടുകള്‍ ‘
എന്ന് വൈലോപ്പിള്ളി പ്രശംസിച്ച കവിക്ക് പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത് ?
കവികളാണ് ലോകത്തിലെ വലിയ മെജീഷ്യന്മാരെന്ന് പറയാറുണ്ട് . കാരണം കരിക്കട്ടയെ വൈരക്കല്ലാക്കാനും വേനലിനെ വസന്തമാക്കിമാറ്റാനും വാക്കുകളെ നക്ഷത്രമാക്കാനും അവര്‍ക്ക് സാധിക്കുന്നു . മാനത്ത് വിരിയുന്ന മാരിവില്ലിനെ മനസ്സിലേക്ക് പകര്‍ത്തിവെക്കാന്‍ സര്‍ഗ്ഗ സിദ്ധിയുള്ളവരത്രെ കവികള്‍ . മാനവികതയുടെ ഉണര്‍ത്തുപാട്ടുകാരാണവര്‍ . പൊള്ളുന്ന വര്‍ത്തമാനത്തെ അവര്‍ തൊട്ടറിയുന്നു . ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ അവര്‍ക്ക് കഴിയും . മനസ്സിലെ പൂട്ടിനെ അക്ഷരമാകുന്ന താക്കാല്‍കൊണ്ട് തുറക്കുന്ന മഹാ മാന്ത്രികരാണവര്‍ . സൃഷ്ടിയുടെ സമസ്ത ഭാവങ്ങളും അവര്‍ തിരിച്ചറിയുന്നു . ഇരയും വേട്ടക്കാരും നേര്‍ക്ക്‌നേര്‍ നില്‍ക്കുമ്പോള്‍ ഇരകളെ ചേര്‍ത്ത് പിടിക്കാന്‍ എത്തുന്നവരാണ് യഥാര്‍ത്ഥ കവികള്‍ . മനുഷ്യരുടെ പക്ഷത്ത് , അതെ അവരുടെ ഹൃദയപക്ഷത്ത് അവരെന്നുമുണ്ടാകും . തെറ്റിനെ തെറ്റ് എന്ന് പറയാനാകാതെ വരുമ്പോഴാണ് കവിയുടെ മരണം സംഭവിക്കുന്നത് . ഭാഷ കൊണ്ട് ചെയ്യാവുന്ന ഏറ്റവും മേത്തരം പണി ഒന്നേയുള്ളൂ . അത് കവിതമാത്രം . അത്‌കൊണ്ടാണ് സര്‍ഗ്ഗാത്മകമായ ഏതൊരു നല്ല സൃഷ്ടിയെയും നാം
‘ ഹാ , കവിതപോലെ ‘ എന്ന് അതിശയിക്കുന്നത് .
ഞാനടക്കമുള്ള എഴുത്തുകാര്‍ ഈ പരമാര്‍ത്ഥങ്ങളെ ഉള്‍ക്കൊണ്ടാല്‍ മാത്രമേ മാപ്പിളപ്പാട്ടിന് പുതിയൊരാകാശം
എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകൂ .
ഏറ്റവും ഒടുവില്‍ ഖത്തറിലെ ഒരു വേദിയില്‍ വെച്ചെഴുതി താങ്കള്‍ തന്നെ ചൊല്ലിയ ‘ ഒറ്റച്ചിറകുള്ള ഫലസ്തീനിക്കുരുവി….’ പാട്ടായും കവിതയായും പരസ്പരം പരിരംഭണം ചെയ്യുന്നതിന്റെ രചനാ രസതന്ത്രം ഒന്ന് വിവരിക്കാമോ ?
അത് ബോധപൂര്‍വം ചെയ്യുന്ന ഒന്നല്ല . അത് ഉള്ളില്‍ നിന്നും തന്നെ അറിയാതെ ഉറപൊട്ടുന്ന സര്‍ഗ്ഗ പ്രക്രിയയാണ് . ഏതൊരു കവിത രചിക്കുമ്പോഴും അന്തര്‍ധാരയായി അതിന്റെ സംഗീതവും പിറവികൊള്ളും . അത് പോലെ തിരിച്ചും ഗാനം രചിക്കുമ്പോള്‍ കാവ്യാത്മകതയും മഴവില്ലാടുത്ത് പുറത്ത് വരും . മൗനം ആത്മാവിലേക്ക് അരിച്ചിറങ്ങുകയും ആത്മാവിലെ മൗനം വാചാലമാവുകയും ചെയ്യുമ്പോള്‍ പാട്ടും കവിതയുമുണ്ടാകുന്നു .
പിന്നെ വിഷയം ഫലസ്തീന്‍ എന്നത് ഏതൊരു സഹൃദയന്റെ ഉള്ളിലെയും അണയാത്ത നെരിപ്പോടാണ് . കവികളുടെ കാര്യം പിന്നെ പറയാനെന്തിരിക്കുന്നു. വാക്കുകള്‍ അഗ്‌നിച്ചിറകുമായി വന്ന് ‘ ഞങ്ങളെ സ്വീകരിക്കൂ ‘ എന്ന് പറഞ്ഞ് നൃത്തമാടും . അതൊന്ന് ക്രമപ്പെടുത്തുകയേ വേണ്ടൂ .
പി എസ്സിന്റെ ആ മനോഹര രചനയില്‍ നിന്നും ഏതാനും വരികളിതാ –
‘ ബൈത്തുല്‍ മുഖദ്ദസ്സില്‍ നിന്നും പറന്നുള്ള /
ബുറാഖിന്‍ ചിറകടി മുഴങ്ങും ഫലസ്തീനില്‍ /
ബൈഡന്റെ കോപത്തിന്‍ ബോംബിന്‍ പേമാരിക്കും /
ഭയപ്പെടാതോടിക്കളിക്കുന്നു പൈതങ്ങള്‍ /
സൈത്തൂണ്‍ മരച്ചോട്ടില്‍
ഒറ്റച്ചിറകുമായ് /
ബൈത്തിന്‍ മണിനാദം
മീട്ടും കുരുവിക്ക് /
കത്തിയമര്‍ന്നുള്ള കിനാവും കിളിവീടും /
ഓര്‍ത്ത് സങ്കടക്ക
ണ്ണീരൊട്ടും ചോര്‍ന്നില്ല /
ഹൃത്തിലെ സൂര്യപ്രഭാവം
കെടുത്തുവാന്‍ /
ശക്തിയുളേളാരാരു
മില്ലെന്നീ മണ്‍തരികള്‍ /
നിത്യത തന്‍ചിപ്പി
ക്കുള്ളില്‍ വിരിയുന്ന /
മുത്ത്മണികളെത്ത
ലോടുന്നീ രാപ്പകല്‍ /
ഗസ്സതന്‍ മണ്ണില്‍
വിടരും പനിനീരിന്‍ /
ഗന്ധം സുബര്‍ക്കത്തിന്‍
തോപ്പിന്നലങ്കാരം /
ഗന്ധര്‍വ്വ നാദങ്ങള്‍
പോലും ഫലസ്തീനില്‍ /
ഗസലായ് മുഴങ്ങും
ഫിര്‍ദൗസിന്‍ പൊന്‍തീരം…..! ‘
ഇങ്ങനെ 36 വരികളിലായി ജീവനുള്ള വാക്കുകളില്‍ കൃതഹസ്തനായ കവി ഫലസ്തീന്‍ എന്ന സ്വപ്ന രാജ്യത്തിന്റെ ഭൂത – വര്‍ത്തമാന – ഭാവികാലങ്ങളെ അയാളപ്പെടുത്തുന്ന ദീപ്തമായ വാങ്മയ ചിത്രമാണ്
‘ ഒറ്റച്ചിറകുള്ള ഫലസ്തീനിക്കുരുവി ‘
യിലൂടെ വരച്ചിടുന്നത് .
താഹിറയാണ് ഭാര്യ. ശബ്‌നം, ശിബിലി, സന എന്നിവലരാണ് മക്കള്‍.