Uncategorized

കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ മെഡിക്കല്‍ ക്യാമ്പും രക്തദാനവും ബോധവത്കരണവും ശ്രദ്ധേയമായി

ദോഹ : കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും , രക്തദാനവും ബോധവല്‍കരണവും നടന്നു . കെഎംസിസി ഹാളില്‍ നടന്ന ക്യാമ്പ് കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ അബ്ദുസ്സമദ് ഉത്ഘാടനം നിര്‍വഹിച്ചു. പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ആരോഗ്യ കാര്യങ്ങളില്‍ അശ്രദ്ധമാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ജീവിത ശൈലി രോഗങ്ങളെ കുറിച്ചു മുന്നറിയിപ്പ് നല്‍കുവാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു . ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ 120 ഓളം പേര്‍ പങ്കാളികളായി. ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ ഹെല്‍ത്ത് ചെക്ക് അപ്പില്‍ 220 ഓളം പേര്‍ക്ക് വിവിധ ടെസ്റ്റുകള്‍ പൂര്‍ത്തീകരിച്ചു .

ഉച്ചയ്ക്ക് ശേഷം നടന്ന ബോധവല്‍കരണ ക്യാമ്പ് കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി സലിം നാലകത്ത് ഉത്ഘാടനം നിര്‍വഹിച്ചു . ജീവിതത്തിന്റെ വ്യവസ്ഥ ആരോഗ്യപരമായ ജീവിത ശൈലിയിലൂടെ മുന്‍പോട്ടു പോകണമെന്നും അതിലൂടെ മാത്രമാണ് ആരോഗ്യമുള്ള ലോകത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യാതിഥിയായിരുന്നു . സ്വന്തം ആരോഗ്യ കാര്യങ്ങളെ അശ്രദ്ധമായി കാണുന്ന പ്രവാസികള്‍ക്ക് ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ വലിയ ഉണര്‍വ്വ് പകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്തദാനം നിര്‍വഹിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. കെഎംസിസി സ്റ്റേറ്റ് ട്രഷറര്‍ പി എസ് എം ഹുസൈന്‍ , കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗം ഹംസ കുട്ടി, ഏഷ്യന്‍ മെഡിക്കല്‍സ് മാനേജര്‍ റിനു ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മാനസിക പിരിമുറുക്കങ്ങള്‍, തിരക്ക് പിടിച്ച സമയങ്ങളെ ക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യം എന്നി വിഷയങ്ങളില്‍ പ്രമുഖ റിസര്‍ച്ച് സയന്റിസ്റ്റും കൗണ്‍സിലറും ഫിസിയോ തെറാപ്പിസ്റ്റുമായ ജോര്‍ജ് ജോയും. ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് ഡോ മുഹമ്മദ് നദീമും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി . കെഎംസിസി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ .ടി നാസറിന്റെ അധ്യക്ഷതയില്‍ നടന്ന സെഷനുകളില്‍ തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് സ്വാഗതം ആശംസിച്ചു. വോളണ്ടിയര്‍ വിങ്ങിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിന് തൃശൂര്‍ ജില്ലാ , മണ്ഡലം , പഞ്ചായത്ത് പ്രതിനിധികള്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!