കിവിഗാര്‍ഡന്‍ കോക്കനട്ട് യോഗര്‍ട്ട് ഡ്രോപ്‌സ് ഉല്‍പന്നങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പിന്‍വലിച്ചു
ദോഹ: കിവിഗാര്‍ഡന്‍ കോക്കനട്ട് യോഗര്‍ട്ട് ഡ്രോപ്‌സ് ഉല്‍പന്നങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പിന്‍വലിച്ചു. പാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡയറി രഹിത കിവിഗാര്‍ഡന്‍ കോക്കനട്ട് യോഗര്‍ട്ട് ഡ്രോപ്‌സ് ഉല്‍പ്പന്നത്തിന്റെ പ്രത്യേക ബാച്ചുകള്‍ പൊതുജനാരോഗ്യ മന്ത്രാലയം പിന്‍വലിച്ചത്.
കിവിഗാര്‍ഡന്‍ ഉല്‍പ്പന്നത്തില്‍ പാലിന്റെ അംശം ഉണ്ടെന്ന് സംശയിക്കുന്നതായി ഇന്റര്‍നാഷണല്‍ ഫുഡ് സേഫ്റ്റി അതോറിറ്റി നെറ്റ്വര്‍ക്കില്‍ (ഇന്‍ഫോസാന്‍) നിന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
ബാധിച്ച ബാച്ചുകള്‍ 6237111, 6237163 എന്നിവയാണ്, അവ യഥാക്രമം മെയ് 9, ജൂണ്‍ 9, 2025 തീയതികളില്‍ കാലഹരണപ്പെടുന്ന ഉല്‍പന്നങ്ങളാണ്.
ഉല്‍പന്നത്തില്‍ അലര്‍ജിയുണ്ടാക്കുന്ന പാലിന്റെ അംശം ഉണ്ടെന്ന് സംശയിക്കുന്നതായി അറിയിപ്പ് വ്യക്തമാക്കുന്നു, അതേസമയം ഉല്‍പ്പന്ന ലേബല്‍ ഇത് പാലുല്‍പ്പന്ന രഹിത ഉല്‍പ്പന്നമാണെന്ന് കാണിക്കുന്നു,” മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയം ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുകയും വിതരണക്കാര്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും രാജ്യത്തെ എല്ലാ പ്രസക്തമായ ഔട്ട്ലെറ്റുകള്‍ക്കും ഉല്‍പ്പന്നം വിപണിയില്‍ നിന്ന് ഉടനടി പിന്‍വലിക്കാന്‍ സര്‍ക്കുലര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ മുന്‍കരുതല്‍ നടപടിയായി വില്‍പ്പന കേന്ദ്രങ്ങള്‍ ഉല്‍പ്പന്നം ഇല്ലാത്തതാണെന്ന് ഉറപ്പാക്കാനും ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അലര്‍ജിയുള്ള ഉപഭോക്താക്കളോട് സൂചിപ്പിച്ച ബാച്ച് നമ്പറുകളിലോ കാലഹരണപ്പെടുന്ന തീയതികളിലോ ഉള്ള സാധനങ്ങള്‍ വാങ്ങിയവര്‍ ഔട്ട്ലെറ്റുകളില്‍ തിരികെ നല്‍കാനും മന്ത്രാലയം ആവശ്യപ്പെട്ടു.