Breaking NewsUncategorized

എക്‌സ്‌പോ 2023 ദോഹ ഇതിനകം 25 ലക്ഷം പേര്‍ സന്ദര്‍ശിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഖത്തറില്‍ നടക്കുന്ന എക്‌സ്‌പോ 2023 ദോഹ സംഘാടകരുടെ പ്രതീക്ഷകള്‍ക്കപ്പുറം ജനങ്ങളെ ആകര്‍ഷിച്ചതായും ഇതിനകം 25 ലക്ഷം പേര്‍ എക്‌സ്‌പോ സന്ദര്‍ശിച്ചതായും എക്സ്പോ 2023 ദോഹ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൂരി പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച എക്‌സ്‌പോ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30
ലക്ഷം പേര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം പ്രതീക്ഷക്കപ്പുറമെത്തുമെന്നാണ് വിലയിരുത്തുന്നത്.
സുഖകരമായ കാലാവസ്ഥയും ഖത്തറിലെ ടൂറിസം സാധ്യതകളും നിത്യവും നിരവധി പേരെയാണ് എക്‌സ്‌പോയിലേക്കാകര്‍ഷിക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകളും കലാ സാംസ്‌കാരിക പരിപാടികളും എക്‌സ്‌പോയെ കൂടുതല്‍ സജീവമാക്കിയിരിക്കുന്നു. ഖത്തറില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളും എക്‌സ്‌പോക്ക് മാറ്റു കൂട്ടിയിട്ടുണ്ട്.

കാര്‍ഷിക, പരിസ്ഥിതി മേഖലകളില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകള്‍ പ്രദര്‍ശിപ്പിക്കുന്ന വ്യത്യസ്ത സംസ്‌കാരങ്ങളും അനുഭവങ്ങളും സന്ദര്‍ശിക്കാനും വിശകലനം ചെയ്യാനും അവസരം നലല്‍കുന്ന് എക്‌സ്‌പോ 2023 ദോഹ മെച്ചപ്പെട്ട ലോകം സംബന്ധിച്ച സ്പ്‌നങ്ങളും ആശയങ്ങളുമാണ് പങ്കുവെക്കുന്നത്.

എക്സ്പോ 2023-നായി ലോകമെമ്പാടുമുള്ള വിവിധ കാലാവസ്ഥകളില്‍ നിന്നും പരിസ്ഥിതി വ്യവസ്ഥയില്‍ നിന്നും വൈവിധ്യമാര്‍ന്ന സസ്യങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. ഇവ പ്രത്യേകം ഹരിതഗൃഹങ്ങളിലേക്ക് മാറ്റും. എക്‌സ്‌പോയുടെ പാരമ്പര്യമായി അവയുടെ സുസ്ഥിരത ഉറപ്പാക്കുമെന്ന് അല്‍ ഖൂരി പറഞ്ഞു.

എക്സ്പോ 2023 ദോഹയുടെ മേല്‍ക്കൂരയില്‍ ചെടികളുള്ള പ്രധാന കെട്ടിടം അടുക്കളത്തോട്ടത്തിനും വീട്ടുമുറ്റത്തെ ലാന്‍ഡ്സ്‌കേപ്പിംഗിനും പ്രചോദനമാണെന്ന് എക്സ്പോ ഹൗസിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.പ്രധാന കെട്ടിടം 4,031 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച ലോകത്തിലെ ‘ഏറ്റവും വലിയ ഗ്രീന്‍ റൂഫ്’ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു.

ഈ ആശയം സ്വീകരിക്കാന്‍ വീടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാമ്പെയ്ന്‍ ആരംഭിച്ചതായും ഒരു കൂട്ടം കുടുംബങ്ങള്‍ ഇതിനകം തന്നെ അവരുടെ മേല്‍ക്കൂരയില്‍ ലാന്‍ഡ്സ്‌കേപ്പ് ഉണ്ടാക്കിയതായും അല്‍ ഖൂരി പറഞ്ഞു.

ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് റൂഫ്ടോപ്പ് ഗാര്‍ഡനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്, മേല്‍ക്കൂരയിലെ പൂന്തോട്ടം കണക്കിലെടുത്ത് പദ്ധതി രൂപകല്‍പ്പന ചെയ്യാന്‍ ഡെവലപ്പര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്.

എക്സ്പോ 2023-ല്‍ നടക്കാനിരിക്കുന്ന പ്രധാന പരിപാടികളെക്കുറിച്ച് സംസാരിക്കവെ, അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനം, അഗ്രിടെക് ഖ്യൂ 2024ഫെബ്രുവരിയില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.കാര്‍ഷിക, പരിസ്ഥിതി മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര വാര്‍ഷിക പ്രദര്‍ശനമാണിത്.

Related Articles

Back to top button
error: Content is protected !!