Breaking News

പതിമൂന്നാമത് ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ച് ഖത്തര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. പതിമൂന്നാമത് ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ച് ഖത്തര്‍. സ്വദേശികളും വിദേശികളും ഗവണ്‍മെന്റും സ്വകാര്യ മേഖലയുമൊക്കെ സജീവമായ കായിക ദിനം രാജ്യം ഉയര്‍ത്തിപിടിക്കുന്ന കായിക സംസ്‌കാരത്തിന്റെ നിദര്‍ശനമായി. ഖത്തര്‍ അമീറും രാജ കുടുംബാംഗങ്ങളും മന്ത്രിമാരുമൊക്കെ ദേശീയ കായിക ദിനത്തിന്റെ ഭാഗമായപ്പോള്‍ രാജ്യമെങ്ങും കായികാവേശം അല തല്ലി.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള ബിന്‍ ഗാനം ദ്വീപില്‍ തുഴച്ചില്‍ പരിശീലിച്ചാണ് ദേശീയ കായിക ദിനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും മറ്റു മന്ത്രിമാരുമൊക്കെ വിവിധ കായിക പരിശീലനങ്ങളില്‍ പങ്കെടുത്ത് കായിക ദിനം ധന്യമാക്കി.

വിവിധ തരത്തിലുള്ള കായിക വിനോദങ്ങള്‍ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും ശാരീരിക ക്ഷമതയില്‍ ശ്രദ്ധ ചെലുത്താന്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ഈ ദിനം സാര്‍ഥകമാക്കുന്ന വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നത്.

ഖത്തര്‍ ദേശീയ കായിക ദിനം മനുഷ്യ ജീവിതത്തില്‍ കായികരംഗത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതാണ് ഓരോ പരിപാടിയും അടയാളപ്പെടുത്തി.

ഫെബ്രുവരി രണ്ടാം വാരത്തിലെ എല്ലാ ചൊവ്വാഴ്ചയും ഖത്തര്‍ ദേശീയ കായികദിനമായിരിക്കുമെന്നും അത് ഔദ്യോഗിക അവധിയായിരിക്കുമെന്നും 2011-ലെ 80-ാം നമ്പര്‍ അമീരി തീരുമാനത്തോടെ കായികരംഗത്ത് ഒരു ദേശീയ ദിനം നിശ്ചയിക്കുന്നതിനുള്ള മുന്‍കൈയെടുത്ത് മാതൃക കാണിച്ച രാജ്യമാണ് ഖത്തര്‍.

രാജ്യത്ത് ഒരു ദേശീയ കായികദിനം പ്രഖ്യാപിച്ചത് കായികാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്തെ ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങളും ആരോഗ്യപരമായ നേട്ടങ്ങളും ഉയര്‍ത്താനും ലക്ഷ്യമിടുന്നതാണ്. ദൈനംദിന ജീവിതത്തില്‍ കായിക വിനോദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അവബോധം വളര്‍ത്താനും വര്‍ഷം മുഴുവനും അതില്‍ ഏര്‍പ്പെടാന്‍ അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഇത് ശ്രമിക്കുന്നത്.

സ്പോര്‍ട്സില്‍ ഏര്‍പ്പെടാന്‍ ചിന്തനീയമായ തീരുമാനമെടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനായി ‘ദി ചോയ്‌സ് ഈസ് യുവേഴ്സ്’ എന്ന സുപ്രധാനമായ പ്രമേയത്തോടെയാണ് ഈ വര്‍ഷം കായിക ദിനം ആഘോഷിച്ചത്. കായിക വിനോദത്തെ ഓരോരുത്തരുടേയും ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാക്കുന്നതിനും വ്യക്തികള്‍ തന്നെ ഉത്തരവാദികളാണ്.വിവേകമുളള തീരുമാനമെടുത്ത് സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന കാര്യവും അടിവരയിട്ടാണ് കായിക ദിനം കടന്നുപോയത്.

Related Articles

Back to top button
error: Content is protected !!