ഡോ. എം.പി ഷാഫി ഹാജി , പ്രവാസത്തിന്റെ ധന്യമായ 62 സംവല്‍സരങ്ങള്‍
അമാനുല്ല വടക്കാങ്ങര
ആറ് പതിറ്റാണ്ടിലേറെ കാലം പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളില്‍ നിറഞ്ഞുനില്‍ക്കാന്‍ സാധിക്കുകയെന്നത് മഹാഭാഗ്യമാണ് . കാസര്‍ഗോഡ് ജില്ലയിലെ തളങ്കര സ്വദേശി ഡോ. എം.പി ഷാഫി ഹാജി , പ്രവാസത്തിന്റെ ധന്യമായ 62 സംവല്‍സരങ്ങിലൂടെ ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ഗള്‍ഫ് മലയാളികള്‍ക്ക് തന്നെ മഹിതമായ മാതൃകയാണ് സമ്മാനിക്കുന്നത്. ഒരു മികച്ച സംരംഭകന്‍ എന്നതിലേറെ സമര്‍പ്പിതനായ പൊതുപ്രവര്‍ത്തകനും സാംസ്‌കാരിക നായകനുമായാണ് ഷാഫി ഹാജി ജനഹൃദയങ്ങള്‍ കീഴടക്കുന്നത്.
നാട്ടില്‍ നിന്നും ഖത്തറിലെത്തുന്ന ഒട്ടുമിക്ക നേതാക്കളും ഷാഫി ഹാജിയുടെ ആതിഥ്യം അനുഭവിക്കുവാന്‍ ഭാഗ്യം ലഭിക്കുന്നവരാണ് . ഒരു പക്ഷേ ഗള്‍ഫിലെത്തുന്നതിന് മുമ്പ് തന്നെ ഷാഫി ഹാജിയുടെ ജീവിതം ഗള്‍ഫുമായി ബന്ധപ്പെട്ടിരുന്നു.
കാസര്‍ഗോഡ് ജില്ലയിലെ തളങ്കര മീത്തല്‍ പുര എം.പി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും മീത്തല്‍ സൈനബയുടേയും ഏഴ് മക്കളില്‍ രണ്ടാമത്തവനായി 1944ലാണ് ജനനം. അക്കാലത്ത് തന്നെ കേരളത്തിലെ ഈ ചെറുഗ്രാമം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രശസ്തമായിരുന്നു. അറബികളുടെ തലപ്പാവ് നിര്‍മ്മാണത്തിലൂടെയാണ് തളങ്കര പ്രശസ്തമായത്. തളങ്കര തൊപ്പി നിര്‍മ്മാണത്തിന്റെ കുത്തക നിലനിര്‍ത്തിയ എം.പി. അബ്ദുല്‍ഖാദര്‍ ഹാജി മാനുഫാക്ച്ചറിംഗ് എന്ന സ്ഥാപനം പിതാവിന്റേതായിരുന്നു. 1950കളില്‍ നൂറോളം തൊഴിലാളികള്‍ ഈ സ്ഥാപനത്തില്‍ ജീവനക്കാരായി ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് ഷാഫി ഹാജിയുടെ കുടുംബത്തിന്റെ പ്രതാപം നമുക്ക് ബോദ്ധ്യമാവുക.
മഹാകവി ടി. ഉബൈദിന്റെ ശിഷ്യനായി അഞ്ചാം തരം വരെ പഠിച്ച ഷാഫിഹാജി തുടര്‍ന്ന് ഒമ്പതാം ക്ലാസ് വരെ പഠിച്ചത് ഗവണ്‍മെന്റ് മുസ്ലിം ഹൈസ്‌ക്കൂളിലാണ്. പത്താം ക്ലാസ് പഠിക്കാതെ ഉഴപ്പിയതോടെ പിതാവിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. അങ്ങനെ ചെറു പ്രായത്തില്‍ തന്നെ കടല്‍ കടന്ന ഷാഫി ഹാജി ഖത്തറില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
ഖത്തറിലേക്ക് മരം കൊണ്ടുപോവുന്ന ധാരാളം പത്തേമാരികള്‍ അന്ന് മംഗലാപുരത്തുണ്ടകുായിരുന്നു. അത്തരമൊരു പത്തേമാരിയില്‍ കയറി പതിനെട്ടാമത്തെ വയസ്സില്‍ ഷാഫി ഹാജി ഖത്തറിലെത്തി. പിതാവിന്റെ അടുത്ത് നിന്ന് തൊപ്പി വാങ്ങുന്നവരുടെ ഖത്തറിലെ വിലാസം കൈയ്യിലുണ്ടായിരുന്നതിനാല്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. പെട്ടെന്ന് തന്നെ ഹോട്ടലില്‍ ജോലി കിട്ടി. അതോടെ ഭക്ഷണവും താമസവുമെന്ന പ്രശ്നത്തിന് പരിഹാരമായി. സ്ഥിരമായി ഹോട്ടലില്‍ പച്ചക്കറിയും പഴങ്ങളും വിതരണം ചെയ്തിരുന്ന തളങ്കരക്കാരന്‍ മമ്മിച്ചയുമായി പരിചയപ്പെട്ടതോടെ അയാള്‍ക്കൊപ്പം കൂടി.
ആയിടെയാണ് ഇന്നത്തെ ഉരീദുവിന്റെ പഴയ രൂപമായ കേബിള്‍ ആന്റ് വയര്‍ലെസ് എന്ന കമ്പനിയില്‍ ഹെല്‍പ്പറായി നിയമനം ലഭിച്ചത്. അക്കാലത്ത് നാട്ടിലേക്ക് ഫോണ്‍ വിളിക്കാനൊന്നും സൗകര്യമില്ലായിരുന്നു. ട്രങ്ക് കാള്‍ ബുക്ക് ചെയ്ത് മണിക്കൂറുകളും ദിവസങ്ങളും കാത്തിരിക്കണമായിരുന്നു. പലരും കമ്പിയടിക്കുകയായിരുന്നു പതിവ്. ഇങ്ങിനെയുള്ള ആവശ്യത്തിന് വരുന്ന നിരവധി ആളുകളുമായി ഉണ്ടാക്കിയ പരിചയമാണ് മറ്റൊരു വഴിത്തിരിവായി മാറിയത്.
ഒരിക്കല്‍ പാടൂര്‍ ഹംസക്ക എന്ന ഇറാനി സൂഖി ലെ അത്തര്‍ വ്യാപാരി വന്ന് പറഞ്ഞു.”ഞാന്‍ വ്യാപാരം അവസാനിപ്പിച്ച് നാട്ടില്‍ പോവുകയാണ്. നീ വേണമെങ്കില്‍ കച്ചവടം എടുത്തോ”എന്ന്” അതിന്ന് എന്റെ കൈയ്യില്‍ കാശൊന്നുമില്ലെന്ന്”പറഞ്ഞപ്പോള്‍ ഹംസക്കാ പറഞ്ഞു.”കാശ് വേണ്ട.ഈ സാധനങ്ങളൊക്കെ സൗദിയില്‍ നിന്നുള്ള മഹ്രികളുടേതാണ്. അവര്‍ എല്ലാ ആഴ്ച്ചയിലും സാധനങ്ങളുമായി വരും.അപ്പോള്‍ വിറ്റവയുടെ പണം കൊടുത്താല്‍ മതി.”അങ്ങിനെയെങ്കില്‍ ഒരു കൈ നോക്കാമെന്ന് പറഞ്ഞ് ടെലിഫോണ്‍ എക്സ് ചേഞ്ചിലെ പണിയുപേക്ഷിച്ച് കച്ചവടം ഏറ്റെടുത്തു. ഇറാനി സൂഖിലെ ചെറിയൊരു കൗണ്ടറാണ് വ്യാപാര കേന്ദ്രം. അക്കാലത്ത് ബിസ്മില്ലാ ഹോട്ടലും അതിന്റെ പരിസരവുമായിരുന്നു പ്രധാന വ്യാപാര മേഖല. അവിചാരിതമായി സംഭവിച്ച ശ ക്തമായ മഴയില്‍ സാധനങ്ങളെല്ലാം കുതിര്‍ന്ന് നശിച്ചതോടെ വ്യാപാരസ്ഥാപനത്തിന് അന്ത്യം കുറിച്ചു.
വീണ്ടും വ്യാപാര രംഗത്ത് വന്നത് അല്‍ജസറയില്‍ ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്ത് കൊണ്ടാണ്. ഒരു വര്‍ഷത്തോളം വ്യാപാരം നടന്നെങ്കിലും വേണ്ടത്ര മിച്ചം കിട്ടാത്തതിനാല്‍ അതുപേക്ഷിച്ചു. തുടര്‍ന്നാണ് അല്‍ദക്കീറ എന്ന സ്ഥലത്തെ ഷാബ് അല്‍ദക്കീറ എന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയത്. അനുജനേയും ജ്യേഷ്ഠനെയും കൊണ്ടുവരുന്നത് ഈസ്ഥാപനത്തിലേക്കാണ്. വ്യാപാരം അഭിവൃദ്ധിപ്പെടുകയും നോക്കിനടത്താന്‍ സഹോദരന്മാര്‍ ഉള്ളതിനാലും 1965ല്‍ നാട്ടിലേക്ക് തിരിച്ചു.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിഞ്ഞ് ഖത്തറിലേക്ക് തന്നെ തിരിച്ചുപോന്നു. ശേഷം നടന്നതൊക്കെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നതിലും വേഗത്തിലുള്ള നേട്ടങ്ങളായിരുന്നു.1968ല്‍ ദോഹയില്‍ ടെക്സ്റ്റയില്‍സ്, ഇലക്ട്രോണിക്സ്, സ്ഥാപനവും 1973ല്‍ എം.പി.ട്രേഡേഴ്സ് എന്ന ഇലക്ട്രോണിക്സ് ഷോപ്പും ആരംഭിച്ചു. ഖത്തറിലെ പ്രശസ്തമായ ദീനാര്‍ ഷോപ്പുകൂടി ആരംഭിച്ചതോടെ ഷാഫി ഹാജി ഖത്തറിലെ മുന്‍നിര വ്യാപാരിയായി മാറി. ഫുഡ്സ്റ്റഫ്, അലീ ഇബിന്‍ ഹസ്സന്‍ ടെക്സ്റ്റയില്‍, അല്‍ മെഹബൂബ് സെലക്ഷന്‍ സെന്റര്‍, ഗ്രാന്റ് ബസാര്‍, അല്‍നൂരി ടെക്സ്റ്റയില്‍ എന്ന് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. ഒരു കാലത്ത് ഖത്തറിലെ ടെക്സ്റ്റയില്‍, ഇലക്ട്രോണിക് വ്യാപാരത്തിന്റെ കുത്തക ഷാഫി ഹാജിക്കായിരുന്നു.
ഖത്തറിലെ രാഷ്ട്രീയ,സാമൂഹ്യ സേവന മേഖലയില്‍ ഷാഫി ഹാജി ഇല്ലാത്ത ഒരു ചടങ്ങും നടക്കാറില്ല. കെ.എം.സി.സി രൂപീകരണം ഖത്തറില്‍ നടന്നത് ഹാജിയുടെ വീട്ടില്‍വെച്ചാണ്. കെ.എം.സി.സിയുടെ വിവിധ ഉത്തരവാദിത്തങ്ങള്‍ ഹാജി അലങ്കരിച്ചിട്ടുകുണ്ട്. ദീര്‍ഘകാലമായി കാസര്‍ഗോ ഡ് മുസ്ലിം ജമാഅത്ത് പ്രസിഡണ്ടാണ്. ഖത്തര്‍ പ്രവാസത്തിന്റെ ആദ്യ ഘട്ടത്തില്‍ റോഡപകടങ്ങളും മറ്റും കൂടുതലായിരുന്നു. മയ്യിത്ത് പരിപാലന രംഗത്തും ശ്രദ്ധേയമായ സേവന പ്രവര്‍ത്തനങ്ങളില്‍ ഷാഫി ഹാജി സജീവമായിരുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഖത്തറിലെത്തിയ ആളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് രൂപം കൊടുത്ത കാസര്‍ഗോഡ് കൂട്ടായ്മ (ക്യൂടെക്) ഇന്ന് ഖത്തറിലെ ശ്രദ്ധേയമായ കൂട്ടായ്മയാണ്.
വ്യാപാര സ്ഥാപനങ്ങളെല്ലാം അതേല്‍പ്പിച്ചവര്‍ നടത്തി കൊള്ളും. കുറേ കാലമായില്ലെ കഠിനാദ്ധ്വാനം ചെയ്യുന്നു. ഇനി മുഴുവന്‍ സമയവും സാമൂഹ്യപ്രവര്‍ത്തനം എന്നാണ് ഷാഫി ഹാജിയുടെ ഭാഷ്യം.’ മിക്കവാറും സംരംഭങ്ങളൊക്കെ മകന്‍ ഷഹീന്‍ നന്നായി നടത്തുന്നുണ്ട്. ഷാഫി ഹാജിയുടെ പൂര്‍ണ പിന്തുണയും പ്രാര്‍ഥനയുമാണ് യുവ സംരംഭകനായ ഷഹീനിന്റെ ഏറ്റവും വലിയ കരുത്ത്.
കേരളത്തിലും ഖത്തറിലും നിരവധി ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ഷാഫി ഹാജിയുടെ സജീവ സാന്നിധ്യമുണ്ട്. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളുടെ ഭാഗമായ ഷാഫി ഹാജി കാസര്‍ഗോഡ് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനാണ് .
വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനാണ് ഹാജി ഏറെ വില നല്‍കുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി ഷാഫി ഹാജിക്കുള്ള ബന്ധം ഏവര്‍ക്കും സുപരിചിതമാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കിടപ്പുമുറി ഒരുക്കിയാലും ശിഹാബ് തങ്ങള്‍ ഷാഫി ഹാജിയുടെ ഖത്തറിലെ വീട്ടിലാണ് സുഖ നിദ്ര കണ്ടെത്താറുണ്ടായിരുന്നത്. തങ്ങള്‍ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ഒരു വിലപ്പെട്ട സമ്മാനം തളങ്കരയിലെ ഷാഫി ഹാജിയുടെ വീട്ടിലേക്ക് പാണക്കാട് നിന്നുമെത്തി. തങ്ങള്‍ യാത്ര ചെയ്തിരുന്ന മെഴ്സിഡസ് ബെന്‍സ് കാറിന്റെ താക്കോല്‍ ഡ്രൈവര്‍ ഷാഫി ഹാജിയുടെ കൈയ്യില്‍ കൊടുത്തു. ബാക്കി തങ്ങള്‍ പറയുമെന്ന് പറഞ്ഞു. ഉടനെ ഹാജി തങ്ങളെ ഫോണില്‍ വിളിച്ച് എന്താണ് ഇതൊക്കെ എന്ന് ചോദിച്ചപ്പോള്‍ ഫോണിന്റെ മറുതലക്കല്‍ നിന്ന് തെളിവാര്‍ന്ന വാക്കുകള്‍. ”ഷാഫി ഇതെന്റെ സമ്മാനം. ആ വാഹനം ഇനി നിനക്കുള്ളതാണ്.പേപ്പറുകള്‍ ബഷീറിനെ ഏല്‍പ്പിച്ചിട്ടുണ്ട്.’ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞുപോയി ആ നിമിഷത്തില്‍.
രാഷ്ട്രീയ-മത-രംഗത്തെ മുഴുവന്‍ നേതൃത്വവുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഹാജി വിവിധ ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സേവന രംഗത്തും കലാകായിക രംഗങ്ങളിലുമൊക്കെ ഷാഫി ഹാജിയും എം.പി. ട്രേഡേര്‍സും സജീവമാണ് .
എണ്‍പത്തി ഒന്നാമത്തെ വയസ്സിലും ചുറുചുറുക്കോടെ ജീവിക്കുന്ന ഹാജി സ്വപ്നലോകത്തല്ല നാം ജീവിക്കേണ്ടതെന്നും യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി പൊരുതുമ്പോഴേ ജീവിതം വിജയിക്കുകയുള്ളുവെന്നുമാണ് വിശ്വസിക്കുന്നത്. ഖത്തറിലെ വ്യാപാര മേഖലയില്‍ സത്യസന്ധത കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നതിനാലാണ് ഇന്നും അഭിവൃദ്ധി മാത്രം കൈവരുന്നതെന്ന് ഹാജി വിലയിരുത്തുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്നത് അശരണരുടെ അകമഴിഞ്ഞ പ്രാര്‍ത്ഥനയാണെന്നും ആ പ്രാര്‍ത്ഥനയുടെ പുണ്യമാണ് തന്റെ ജീവിതാഭിവൃദ്ധിക്ക് കാരണമെന്നും ഹാജി കണ്ടെുത്തുന്നു. മകന്‍ ഷഹീനാണ് ഇപ്പോള്‍ വ്യാപാര സ്ഥാപനങ്ങളെല്ലാം നോക്കി നടത്തുന്നത്. ആയിഷ, നൗഷ, ഫരീഷ, നൂരിഷ, ആരിഷ എന്നിവര്‍ മക്കളാണ്.
മുസ്ലിം ലീഗിന്റെ ശക്തിസ്രോതസ്സായ കെ.എം.സി.സി.യെ ഖത്തറില്‍ വളര്‍ത്തി വലുതാക്കുന്നതില്‍ ഷാഫി ഹാജി വഹിച്ച പങ്ക് ഒരുകാലത്തും വിസ്മരിക്കാനാവില്ല. തന്റെ സമ്പത്തും സൗകര്യങ്ങളും ദൈവം തന്ന അനുഗ്രഹമാണെന്നും അത് അര്‍ഹര്‍ക്ക് ദാനം നല്‍കി ശുദ്ധീകരിക്കുന്നതിനാലാണ് ജീവിത വിജയങ്ങളെല്ലാം ഉണ്ടകുാവുന്നതെന്നും ആര്‍ജ്ജവത്തോടെ പറയുന്ന ഷാഫിഹാജി പോയ കാലത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകളില്‍ സന്തോഷത്തോടെ ജീവിച്ചാണ് ജീവിതം അടയാളപ്പെടുത്തുന്നത്.
ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഷാഫി ഹാജിയെത്തേടിയെത്തിയത് സ്വാഭാവികം മാത്രം. മീഡിയ പ്‌ളസ് നല്‍കിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം പുരസ്‌കാരം, ഡോ.ബിആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ബാബാ സാഹബ് സ്റ്റേറ്റ് അവാര്‍ഡ് തുടങ്ങിയവ പുരസ്‌കാരങ്ങളില്‍ ചിലത് മാത്രമാണ് .