Local News

വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്കൊപ്പം നോമ്പുതുറ സംഘടിപ്പിച്ച് ഐ.സി. ബി.എഫ്

ദോഹ. ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) സരായാ കോര്‍ണിഷ് ഹോട്ടലില്‍ വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം അവിസ്മരണീയമായി. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്ന ഏതാണ്ട് 60 ഓളം സ്ത്രീ തൊഴിലാളികള്‍ പങ്കെടുത്ത സംഗമത്തില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇത്തരമൊരു സംഗമത്തിന്റെ പശ്ചാത്തലം സൂചിപ്പിച്ചു കൊണ്ട്, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ ട്രഷറര്‍ കുല്‍ദീപ് കൗര്‍ ബഹല്‍ സ്വാഗതം പറഞ്ഞു.
ഐ.സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് സംഘടിപ്പിച്ചു വരുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള പ്രതിബദ്ധതയും എടുത്തു പറഞ്ഞു.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ത്യന്‍ എംബസ്സിയുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. വൈഭവ് തണ്ടാലെ പറഞ്ഞു.

ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി,ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗം സത്യനാരായണ മാലിറെഡ്ഡി, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗങ്ങളായ ശശിധര്‍ ഹെബ്ബാള്‍ , ജോണ്‍സണ്‍ ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഐ.സി.ബി.എഫിന്റെ ഇത്തരം മാനുഷിക ഇടപെടലുകളെ അവര്‍ അഭിനന്ദിച്ചു. ഇഫ്താര്‍ സംഗമത്തില്‍ ക്ഷണിക്കപ്പെട്ടവരില്‍ ഒരാളായ ബസരിയ, ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച ഐ.സി.ബി.എഫിന് നന്ദി പറഞ്ഞു. എപ്പോഴും വീട്ടുജോലിക്കാരായി മാത്രം കഴിഞ്ഞിരുന്ന തങ്ങള്‍ക്ക് ഇത്തരം പരിപാടികള്‍ അന്യമായിരുന്നു എന്നും, ഇതില്‍ പങ്കെടുക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു. കൂടാതെ, തന്റെ ഖത്തര്‍ ഐ.ഡി പുതുക്കുന്നതിന് ഐ.സി.ബി.എഫ് നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി പറയുകയും ചെയ്തു. പങ്കെടുത്ത മറ്റൊരു തൊഴിലാളിയായ നസീമ, നാട്ടിലെ കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പങ്കുവെക്കുകയും, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതി, തങ്ങളെപ്പോലെ സമാനമായ സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ക്ക് വലിയ പ്രയോജനം ചെയ്യുന്ന ഒരു ശ്രദ്ധേയമായ സംരംഭമാണെന്നും പറഞ്ഞു.
പരിപാടിയുടെ കോര്‍ഡിനേറ്ററും ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗവുമായ സറീന അഹദ് നന്ദി പറഞ്ഞു.

ഐ.സി. ബി. എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗം ശങ്കര്‍ ഗൗഡ് തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!