നാല്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വിപുലമായ ലീഗല്‍ സെല്‍ പാനല്‍ പ്രഖ്യാപിച്ച് ഐ.സി.ബി.എഫ്

അമാനുല്ല വടക്കാങ്ങര
ദോഹ. നാല് പതിറ്റാണ്ട് നീണ്ട സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ഒരേട് കൂടി എഴുതിച്ചേര്‍ത്തു കൊണ്ട്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ. സി. ബി.എഫ്) ലീഗല്‍ സെല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ അഭിഭാഷക പാനല്‍ പ്രഖ്യാപിച്ചു. ഖത്തറിലെ ഇന്ത്യന്‍ അഭിഭാഷകരുടെ കൂട്ടായ്മയായ ‘ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം, ഖത്തറുമായി സഹകരിച്ചാണ് വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ 9 പേരടങ്ങുന്ന അഭിഭാഷക പാനല്‍ ഐ.സി. ബി.എഫ് പ്രഖ്യാപിച്ചത്.
ഖത്തറിലെ ഇന്ത്യക്കാര്‍ക്ക്, അവരുടെ നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് സൗജന്യമായി നിയമോപദേശം നല്‍കുവാന്‍ ലക്ഷ്യമാക്കിയുള്ള ഐ.സി. ബി.എഫ് ലീഗല്‍ സെല്‍, എല്ലാ ഞായറാഴ്കളിലും ബുധനാഴ്ചകളിലും വൈകിട്ട് 6.30 മുതല്‍ തുമാമയിലുള്ള ഐ.സി.ബി.എഫ് ഓഫീസില്‍ വച്ചാണ് നടക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്ത് ഇതില്‍ പങ്കെടുക്കാവുന്നതാണ്.
ഐ. സി. ബി.എഫ് കാഞ്ചാനി ഹാളില്‍, ഖത്തറിലെ ഇന്ത്യന്‍ അംബാസ്സഡര്‍ വിപുല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍, ഐ.സി. ബി.എഫ് കോര്‍ഡിറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെയും സന്നിഹിതനായിരുന്നു.
പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് സാധാരണക്കാരായവര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതുവഴി, അവരുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിലും, അവരുടെ ഉന്നമനത്തിനും വളര്‍ച്ചക്കും ഏറെ സഹായകരമാകുമെന്നും, ഇക്കാര്യത്തില്‍ ഐ.സി.ബി.എഫ് നിര്‍വഹിക്കുന്നത് വേറിട്ട പ്രവര്‍ത്തനമാണെന്നും അംബാസ്സഡര്‍ എടുത്തു പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ വിവിധങ്ങളായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യന്‍ എംബസിക്ക് ഐ.സി.ബി.എഫ് നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഷാനവാസ് ബാവ അദ്ധ്യക്ഷനായിരുന്നു. ഖത്തറിലെ എല്ലാ വിഭാഗത്തിലും പെട്ട ഇന്ത്യന്‍ സമൂഹത്തിന് വിവിധ മേഖലകളില്‍ സഹായം എത്തിക്കുന്നതിനുള്ള ഐ.സി. ബി.എഫിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തു പറഞ്ഞു.
ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കിടയില്‍ നടന്ന മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഐ.സി. ബി.എഫ് 40-ാം വാര്‍ഷിക ലോഗോയും ടാഗ്ലൈനും അംബാസ്സഡര്‍ വിപുല്‍ അനാച്ഛാദനം ചെയ്തു. ലോഗോ മത്സര വിധികര്‍ത്താക്കളെയും അദ്ദേഹം ചടങ്ങില്‍ അനുമോദിച്ചു. മത്സര വിജയികളായ അഹമ്മദ് നൗഷാദ് (ലോഗോ), എ ഹാജാ മൊഹിദീന്‍ (ടാഗ്ലൈന്‍) എന്നിവരെ പിന്നീട് നടക്കുന്ന ചടങ്ങില്‍ ആദരിക്കും.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി ലീഗല്‍ സെല്‍ പാനല്‍ അംഗങ്ങളെ പരിചയപ്പെടുത്തി. ഇന്ത്യന്‍ ലോയേഴ്‌സ് ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് അഡ്വ. ഹബീബ് റഹ്‌മാന്‍ പി. ടി, ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. എം. ജാഫര്‍ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
‘ ഖത്തര്‍, ഇന്ത്യന്‍ നിയമവ്യവസ്ഥകള്‍ – ഒരു താരതമ്യം’ എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. അനീസ് കരീം സംസാരിച്ചു.
ഐ.സി.സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ എസ്.എ.എം ബഷീര്‍, അംഗം ഹരീഷ് കാഞ്ചാനി, ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റുമാരായ പി എന്‍ ബാബുരാജന്‍, സിയാദ് ഉസ്മാന്‍, മറ്റ് അപെക്‌സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ അടക്കം ഒട്ടനവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതവും സറീന അഹദ് നന്ദിയും പറഞ്ഞു.
ഐ.സി. ബി.എഫ് ട്രഷറര്‍ കുല്‍ദീപ് കൗര്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, ശങ്കര്‍ ഗൗഡ്, കുല്‍വീന്ദര്‍ സിംഗ്, സമീര്‍ അഹമ്മദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.