ഹിഫ്‌സ് അല്‍ നെയ്മ സെന്റര്‍ 2023 ല്‍ 470,000 മിച്ചം വന്ന ഭക്ഷണങ്ങള്‍ പുനര്‍വിതരണം ചെയ്തു
ദോഹ: ഖത്തറിലെ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ സാമൂഹിക സംരംഭമായ ഹിഫ്സ് അല്‍ നെയ്മ സെന്റര്‍, റെസ്റ്റോറന്റുകളില്‍ നിന്നും വിരുന്നുകളില്‍ നിന്നും 470,000 മിച്ച ഭക്ഷണം ശേഖരിച്ച് 2023 ല്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വിതരണം ചെയ്തു.ഹിഫ്സ് അല്‍ നെയ്മ സെന്റര്‍ ഡയറക്ടര്‍ അലി അയ്ദ് അല്‍ ഖഹ്താനി ഖത്തര്‍ ടിവിയോട് പറഞ്ഞതാണ് ഈ വിവരം.
ഭക്ഷണത്തിന് പുറമേ ടണ്‍ കണക്കിന് പച്ചക്കറികള്‍, മാംസം, ടിന്നിലടച്ച ഭക്ഷണങ്ങള്‍ എന്നിവയും ശേഖരിച്ച് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു.
2018 ല്‍ സ്ഥാപിതമായ ഈ കേന്ദ്രം 15 വാഹനങ്ങളും 30 ലധികം ജീവനക്കാരുമായാണ് പ്രവര്‍ത്തിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, വിരുന്നുകള്‍ എന്നിവയിലേക്കും സമാനമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇത് അതിന്റെ സേവനം വ്യാപിപ്പിക്കുന്നു. ”അല്‍ ഖഹ്താനി പറഞ്ഞു. ”മിച്ച ഭക്ഷണം ശേഖരിക്കുന്നതിനായി ഞങ്ങള്‍ ദോഹയിലെ 36 സ്ഥലങ്ങള്‍ കവര്‍ ചെയ്യുന്നു. 254,266 കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും കഴിഞ്ഞ വര്‍ഷം കേന്ദ്രം നല്‍കിയ മിച്ച ഭക്ഷണം ലഭിച്ചു. കേന്ദ്രം അതിന്റെ ഹോട്ട്ലൈന്‍ നമ്പര്‍ 44355555 വഴി രാജ്യത്തുടനീളമുള്ള മനുഷ്യസ്നേഹികളെ സമീപിക്കുന്നു. വിരുന്ന് സംഘാടകര്‍ അതിന്റെ ഹോട്ട്ലൈന്‍ വഴി കേന്ദ്രത്തെ അറിയിച്ചാല്‍ മിച്ചമുള്ള ഭക്ഷണങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രം വാഹനങ്ങള്‍ അയയ്ക്കുകയും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യും.