ലോക രോഗപ്രതിരോധ വാരത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ കാമ്പെയ്ന്‍ ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ: ലോക രോഗപ്രതിരോധ വാരത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ കാമ്പെയ്ന്‍ ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി), പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി), സിദ്ര മെഡിസിന്‍, സ്വകാര്യ ആരോഗ്യ മേഖല എന്നിവയുടെ സഹകരണത്തോടെയാണ് ഏപ്രില്‍ 24 മുതല്‍ 30 വരെ ലോക രോഗപ്രതിരോധ വാരം ആചരിക്കുന്നതിനുള്ള ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചത്. ‘മാനുഷികമായി സാധ്യമായത്: പ്രതിരോധ കുത്തിവയ്പ്പിലൂടെ ജീവന്‍ രക്ഷിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക രോഗപ്രതിരോധ വാര സന്ദേശം.
സമൂഹത്തിലെ അംഗങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതിരോധ കുത്തിവയ്പ്പ് എങ്ങനെ സഹായിക്കുന്നുവെന്നും വാക്സിനുകളുടെ പ്രാധാന്യവും അടയാളപ്പെടുത്തുന്നതാണ് കാമ്പെയിന്‍.
വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പോസ്റ്റ് ചെയ്യുമെന്നും നിരവധി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശകര്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.