IM Special

തീവ്രമായി ആഗ്രഹിച്ചാല്‍ എന്തും നേടാനാകും :ഡോ.റസീന ഹാരിസ്

അമാനുല്ല വടക്കാങ്ങര

ജീവിതത്തില്‍ എന്തെങ്കിലും നേടിയെടുക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും അതിന്റെ സാക്ഷാല്‍ക്കാരത്തിനായി വിട്ടുവീഴ്ചയില്ലാതെ പരിശ്രമിക്കുകയും ചെയ്താല്‍ എന്തും നേടാനാകുമെന്ന് ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ഡിസ്റ്റിംഗ്വിഷ്ഡ് റിസര്‍ച്ച് അവാര്‍ഡ് നേടിയ ഡോ.റസീന ഹാരിസ് .

ഏത് മേഖലയിലും മികവ് പ്രകടിപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്യണമെങ്കില്‍ കഠിനാദ്ധ്വാനവും തുടര്‍ച്ചയായ പരിശ്രമങ്ങളും വേണം. പഠനം കുടുംബത്തോടൊപ്പം ജീവിക്കുമ്പോഴാകുമ്പോള്‍ പല തരത്തിലുള്ള വെല്ലുവിളികളുമുണ്ടാകാം. എന്നാല്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പിന്തുണയും സഹകരണവുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളും ക്രിയാത്മകമായി മറികടക്കാനാകുമെന്നാണ് രണ്ട് ആണ്‍ കുട്ടികളുടെ മാതാവായ ഡോ.റസീന തെളിയിച്ചത്.


കൊല്ലം ജില്ലയില്‍ കരിക്കോട് സ്വദേശിനിയായ ഡോ.റസീന ഹാരിസ് തന്റെ ജീവിത യാത്ര ഇന്റര്‍നാഷണല്‍ മലയാളിയുമായി പങ്കുവെക്കുന്നു .

മഹാത്മാ ഗാന്ധി യൂണിവേര്‍സിറ്റിയില്‍ നിന്നും ജോയന്റ് രജിസ്ട്രാറായി വിരമിച്ച സി.എ. മുഹമ്മദ് കുഞ്ഞുവിന്റേയും ലൈല ബീവിയുടേയും ആറ് പെണ്‍ മക്കളില്‍ നാലാമത്തെവളായാണ് റസീന ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് മാതാപിതാക്കള്‍ നല്‍കിയത്. എല്ലാ മക്കളേയും നല്ല നിലയില്‍ പഠിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധ നല്‍കി.

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിടെകും കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എം.ടെകും കഴിഞ്ഞ റസീനക്ക് ടീച്ചിംഗിനോടായിരുന്നു കമ്പം. കുറച്ച് കാലം കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപികയായ ശേഷം കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ പ്രോഗ്രാമറുടെ ജോലിയാണ് സ്വീകരിച്ചത്. അങ്ങനെയിരിക്കെയാണ് ഖത്തറില്‍ എച്ച്.എസ് ഇ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് ഹാരിസിന്റെ പ്രേരണയില്‍ ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണത്തിന് അപേക്ഷിക്കുന്നത്.

2018 ല്‍ ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ ഗവേഷകയായി ചേര്‍ന്നു. കരിയറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റസീനക്ക് യൂണിവേര്‍സിറ്റി സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. നൂതനമായ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളും നവീകരണ പ്രക്രിയകളും ഗവേഷണം ഏറെ വെല്ലുവിളികളുള്ളതാക്കി. പഠന ഗവേഷണ രംഗങ്ങളിലെ ഓരോ വെല്ലുവിളികളും സാധ്യതകളാക്കി മാറ്റിയാണ് റസീന വിജയക്കൊടി പാറിച്ചത്.

സ്‌കോളര്‍ഷിപ്പ് കാലാവധി അവസാനിച്ചപ്പോള്‍ യൂണിവേര്‍സിറ്റിയില്‍ തന്നെ ടീച്ചിംഗ് അസിസ്റ്റന്റായി ചേര്‍ന്ന് റസീന ഗവേഷണം തുടര്‍ന്നു. സാങ്കേതിക വിദ്യയിലെ പുതിയ സംഭവ വികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത റസീന ലോക പ്രശസ്തമായ അന്താരാഷ്ട്ര ഗവേഷണ ജര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുകയും ചെയ്താണ് ഡിസ്റ്റിംഗ്വിഷ്ഡ് റിസര്‍ച്ച് അവാര്‍ഡിന് യോഗ്യത നേടിയത്. ഓണ്‍ലൈനിലും ഓഫ് ലൈനിലും ലഭ്യമായ അന്താരാഷ്ട്ര സെമിനാറുകളിലും സമ്മേളനങ്ങളിലും പങ്കെടുത്തും വിഷയമവതരിപ്പിച്ചും വൈജ്ഞാനിക രംഗത്തെ തന്റെ കുതിപ്പ് റസീന സാര്‍ഥകമാക്കി.

ഹുവാവി സംഘടിപ്പിച്ച ചൈന റീജ്യണല്‍ മല്‍സരത്തിലും മൈക്രോ സോഫ്റ്റ് സംഘടിപ്പിച്ച മല്‍സരത്തിലുമൊക്കെ സമ്മാനം നേടിയ റസീന ഗവേഷണത്തിന്റെ എല്ലാ തലങ്ങളിലും മികവ് പുലര്‍ത്തിയാണ് മുന്നേറിയത്. നിലവില്‍ താന്‍ പഠിച്ച ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ റിസര്‍ച്ച് അസിസ്റ്റന്റാണ് റസീന എന്നത് പഠനഗവേഷണ രംഗങ്ങളില്‍ അവര്‍ കൈവരിച്ച മികവിന്റേയും നേട്ടത്തിന്റേയും അടയാളപ്പെടുത്തലാണ്.

പ്രകൃതിയോടും കൃഷിയോടുമൊക്കെ ആഭിമുഖ്യമുള്ള റസീന സ്വന്തമായി ഗാര്‍ഹിക തോട്ടമൊരുക്കിയും തന്റെ സാമൂഹ്യ പ്രതിബദ്ധതയില്‍ സായൂജ്യം കണ്ടെത്തുന്നു. പ്രകൃതിയുടെ പച്ചപ്പും ജൈവകൃഷിയുടെ പ്രാധാന്യവും മനുഷ്യ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് റസീന കരുതുന്നത്.

ഭൗതിക വിദ്യാഭ്യാസം നേടിയ റസീന ആത്മീയ വിദ്യാഭ്യാസത്തിലും ഏറെ തല്‍പരയാണ്. സ്വന്തമായി പഠിച്ചെടുക്കാന്‍ കഴിയുന്നവ പഠിച്ചുമനസിലാക്കിയും വൈജ്ഞാനിക സദസ്സുകളിലും യോഗങ്ങളിലും പങ്കെടുത്തും ഖുര്‍ആനും ഇസ് ലാമിക ജീവിത പാഠങ്ങളുമൊക്കെ പഠിച്ചെടുക്കുന്നതിലും റസീന ഏറെ തല്‍പരയാണ്. ജീവിതത്തിന്റെ ആത്മീയ ഭൗതിക തലങ്ങളെ അടയാളപ്പെടുത്തുന്ന റസീന പല നിലക്കും പുതുമതലമുറക്ക് മാതൃകയാണ്.


മലപ്പുറം ജില്ലയിലെ എടപ്പാള്‍ വലിയപാലം സ്വദേശി ഹാരിസാണ് റസീനയുടെ ഭര്‍ത്താവ്. തന്റെ മാതാപിതാക്കളും കൂടെപ്പിറപ്പുകളും നല്‍കിയപോലെ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവും നല്‍കിയ പിന്തുണയും പ്രോല്‍സാഹനവുമാണ് ഈ നേട്ടത്തിന് സഹായിച്ചതെന്നാണ് റസീന പറയുന്നത്.

ഖത്തറിലെ പൊഡാര്‍ പേള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് റസാന്‍, ഇശാന്‍ ഹാരിസ് എന്നിവര്‍ മക്കളാണ്.

Related Articles

Back to top button
error: Content is protected !!