Local News

തൊഴിലന്വേഷകര്‍ക്ക് ദിശാബോധം പകര്‍ന്ന് നല്‍കി കരിയര്‍ വര്‍ക്ക്‌ഷോപ്പ്

ദോഹ. തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കും ദിശാബോധം പകര്‍ന്ന് നല്‍കി പ്രവാസി വെല്‍ഫെയര്‍ കരിയര്‍ വര്‍ക്ക്‌ഷോപ്പ്. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സി.ജി) ഖത്തര്‍ ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പ് ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷിച്ച് പ്രവാസ ലോകത്തെത്തുന്ന ഒരാള്‍ക്ക് ലക്ഷ്യം കൈവരിക്കാന്‍ ഇത്തരം പരിപാടികളിലൂടെ ആത്മവിശ്വാസം പകര്‍ന്ന് നല്‍കുകയും തന്റെ കുറവുകള്‍ നികത്താനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നതിലൂടെയും ഒരു കുടുംബത്തിന്റെ ജീവിത സാഹചര്യത്തെയാണ് മെച്ചപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘തൊഴില്‍ മേഖലകളിലെ വിജയത്തിനുള്ള നൈപുണ്യങ്ങള്‍’, ‘ഇന്റര്‍വ്യൂ എങ്ങനെ അഭിമുഖീകരിക്കാം’ എന്നീ വിഷയങ്ങളെ അധികരിച്ച് സി.ജി ഖത്തര്‍ സീനിയര്‍ റിസോഴ്‌സ് പേര്‍സണ്മാരായ ഹനീഫ് ഹുദവി, എഞ്ചിനിയര്‍ ഷിഹാബ് അബ്ദുല്‍ വാഹിദ് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. ബയോഡാറ്റ, ഇന്റര്‍വ്യൂ തുടങ്ങിയവയിലെ ക്യാമ്പ് അംഗങ്ങളുടെ വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി പരിശീലകര്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി. പ്രവാസി വെല്‍ഫെയര്‍ എഛ്. ആര്‍. ഡി വിങ്ങ് കണ്‍വീനര്‍ മുനീഷ് എ.സി ആമുഖഭാഷണം നടത്തി. അഫീഫ പരിപാടി നിയന്ത്രിച്ചു. പ്രവാസി വെല്‍ഫെയര്‍ എഛ്. ആര്‍. ഡി വിങ്ങ് വഴി ലഭ്യമായ വിവിധ തൊഴിലവസരങ്ങള്‍ ഷഖീബ് അബ്ദുല്‍ ജലീല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഷിബിലി മഞ്ചേരി നന്ദി പ്രകാശിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മജീദ് അലി, അനീസ് റഹ്‌മാന്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി റഷീദ് കൊല്ലം, ട്രഷറര്‍ ഷരീഫ് ചിറക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രവാസി വെല്‍ഫെയര്‍ എഛ്. ആര്‍. ഡി വിങ്ങ് അംഗങ്ങളായ സിമി അക്ബര്‍ തൃശ്ശൂര്‍, ഫഹദ് കാസറഗോഡ്, നിയാസ് കൊല്ലം, സിറാജുദ്ദീന്‍ എറണാകുളം, റാദിയ കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!