അധ്യാപന വഴിയില്‍ വേറിട്ട വഴികളിലൂടെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍
ശരീഫ് ഉള്ളാടശ്ശേരി
പത്താം ക്ലാസിനപ്പുറമുള്ളൊരു പഠനം കോഡൂര്‍ ഒറ്റത്തറ പാട്ടുപാറ മൊയ്ദീന്‍ കുട്ടിയുടെ മനസിലേ ഉണ്ടായിരുന്നില്ല. എന്നിട്ടും മൊയ്തീന്‍ കുട്ടി കോളജിലെത്തി. തുടര്‍ന്നേറെ പഠിച്ചു.
അധ്യാപകനുമായി.വെറും മാഷല്ല, നാട്ടുകാരും ശിഷ്യഗണങ്ങളും ഉള്ളിലേറെ സ്‌നേഹാദരങ്ങളോടെ സ്വീകരിച്ച ‘വലിയ’ മാഷ് തന്നെ!
ജ്യേഷ്ഠനാണ് കോളജിലെ തുടര്‍പഠനത്തിന് മൊയ്തീന്‍കുട്ടിയെ പ്രേരിപ്പിച്ചുന്തി വിട്ടത്. അതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഫാറൂഖ് കോളേജില്‍ പീഡിഗ്രിക്ക് ചേര്‍ത്തതും ജ്യേഷ്ഠന്‍ തന്നെ.
ഒറ്റത്തറയില്‍ നിന്ന് കോളേജില്‍ പഠിക്കാന്‍ അവസരം ലഭിച്ച ആദ്യത്തെയാള്‍ മൊയ്ദീന്‍ കുട്ടിയാണ്. 5 കിലോമീറ്റര്‍ നടന്ന് മലപ്പുറത്തെത്തിയിട്ടാണ് പലപ്പോഴും ഫറോക്കിലേക്ക് ബസ്സ് കയറിയിരുന്നത്. ഇന്നത്തെ പോലെ ബസ് സര്‍വീസുകള്‍ വളരെ സുലഭമായിരുന്നില്ല അന്ന്.
കോളേജില്‍ ചേര്‍ന്ന ദിവസം മൊയ്തീന്‍ കുട്ടിയുടെ ശരീരപ്രകൃതി കണ്ടിട്ടാകണം ‘വലിയ വലിയ പുസ്തകങ്ങള്‍ പഠിക്കാന്‍ ഉണ്ടാകും നല്ലവണ്ണം ഭക്ഷണം കഴിക്കണം’ എന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ജലീല്‍ സാര്‍ പറഞ്ഞത് മൊയ്ദീന്‍ കുട്ടി ഇന്നും ഓര്‍ക്കുന്നു. വീട്ടില്‍നിന്ന് ആദ്യമായി മാറി നില്‍ക്കുന്നതിന്റെ പ്രയാസങ്ങള്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച കൊണ്ട് അതൊക്കെ മാറി കിട്ടി.
പ്രീഡിക്ക് ശേഷം ഡിഗ്രിയും പിജിയും അവിടെ നിന്ന് തന്നെ പൂര്‍ത്തിയാക്കി. രണ്ടാം വര്‍ഷം ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ‘What I would like to be’ എന്ന വിഷയത്തില്‍ ഉപന്യാസം എഴുതാന്‍ ഇംഗ്ലീഷ് അധ്യാപകന്‍ ആവശ്യപ്പെട്ടു. അന്നാണ് ഒരു അധ്യാപകന്‍ ആകണമെന്ന ആഗ്രഹം ആദ്യമായി മനസ്സില്‍ മുള പൊട്ടിയത്.
മാസ്റ്റേര്‍ഡസ് പഠനം കഴിഞ്ഞപ്പോള്‍ ബന്ധുവിന്റെ സുഹൃത്ത് കോട്ടക്കലില്‍ ഉള്ള ട്യൂട്ടോറിയല്‍ കോളേജില്‍ അധ്യാപകന്‍ ആകാന്‍ വീട്ടില്‍ വന്ന് ക്ഷണിച്ചു. പറഞ്ഞ ദിവസം എല്ലാ തയ്യാറെടുപ്പുകളോടും കൂടി അവിടെ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ജോലിക്ക് കയറി എന്നും ഇനി ഒഴിവില്ലെന്നും അറിയിച്ചു. അധ്യാപകന്‍ ആകാനുള്ള ആദ്യ ശ്രമം അങ്ങനെ പരാജയപ്പെട്ടു.
അധികം താമസിയാതെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആയി ജോലി കിട്ടി. അതിനിടെ കോളേജ് അധ്യാപക തസ്തികയിലേക്ക് പി. എസ്. സി. അപേക്ഷ ക്ഷണിച്ചപ്പോള്‍ അപേക്ഷിച്ചു. എഴുത്തു പരീക്ഷയും അഭിമുഖവും കഴിഞ്ഞ് ലിസ്റ്റില്‍ പേര് വന്നെങ്കിലും മാസങ്ങള്‍ക്ക് ശേഷമാണ് നിയമന ഉത്തരവ് കിട്ടുന്നത്. അങ്ങിനെ 1979 ജനുവരിയില്‍ പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍ കെമിസ്ട്രി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് മലപ്പുറം ഗവണ്‍മെന്റ് കോളേജ്, കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് ,നൈജീരിയയിലെ കാനോ സംസ്ഥാനത്ത് ഗവണ്‍മെന്റ് ടീച്ചേഴ്‌സ് കോളേജ് , ദുബായിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും അധ്യാപകനായി ജോലി ചെയ്തു. സര്‍വീസില്‍ നിന്ന് വിരമിച്ചതിനു ശേഷം വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് കോളേജിലും സേവനമനുഷ്ഠിച്ചു.
എട്ടാം ക്ലാസ് മുതല്‍ പി ജി വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട് . ഈ കാലയളവില്‍ വളരെയധികം വിദ്യാര്‍ത്ഥികളുമായി ഇടപഴകാന്‍ സാധിച്ചു. അവരില്‍ പലരെയും പലയിടത്തുനിന്നായി കണ്ടുമുട്ടുന്നു. അവരുമായി കുറച്ചുനേരം സംസാരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് മൊയ്തീന്‍ കുട്ടി ഓര്‍ക്കുന്നു.
വിദ്യര്‍ഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും
ജാതിപരവും മതപരവും ആയ പരിഗണനകള്‍ കൂടാതെ അവരോടു നിഷ്പക്ഷമായി ഇടപെട്ടു.
അത് കൊണ്ട് തന്നെ നല്ലൊരു അധ്യാപകനാവാനും സാധിച്ചു.
ഓരോ വിദ്യര്‍ത്ഥിയുടെയും വ്യക്തിത്വവ്യത്യാസത്തെ കണക്കിലെടുത്തും ആവശ്യങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിച്ചും മൊയ്തീന്‍ കുട്ടി അധ്യാപക സമൂഹത്തില്‍ വ്യത്യസ്തനായി.
ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടി ബുദ്ധിപരവും സര്‍ഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികള്‍ പുഷ്ടിപെടുത്തുന്നതിന് വിദ്യര്‍ത്ഥികളെ പ്രോല്‍സാഹിപ്പിച്ചു കൊണ്ടേയിരുന്നു. അതായിരുന്നു
അധ്യാപക ലോകത്ത് മൊയ്തീന്‍ കുട്ടിയുടെ അടയാളപ്പെടുത്തല്‍.