Breaking News

സംസ്‌കൃതി ഖത്തര്‍ സി വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം ഫര്‍സാനയുടെ ‘ഇസ്തിഗ്ഫാറി’ ന്

ദോഹ : സംസ്‌കൃതി ഖത്തര്‍ പതിനൊന്നാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ഫര്‍സാനക്ക്. ‘ഇസ്തിഗ്ഫാര്‍’ എന്ന ചെറുകഥയാണ് ഫര്‍സാനയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. 50,000 രൂപയും സി വി ശ്രീരാമന്‍ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

2009 മുതല്‍ ചൈനയില്‍ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫര്‍സാന ‘എല്‍മ’ എന്ന നോവലും ‘വേട്ടാള’ എന്ന കഥാസമാഹാരവും ‘ഖയാല്‍’ എന്ന ചൈനീസ് ഓര്‍മ്മക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ്: അലി. കുട്ടികള്‍: ഷാദി, ആരോഷ്.

2014 മുതല്‍ സംസ്‌കൃതി – സി വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളില്‍ നിന്നും ലഭിക്കുന്ന അപ്രകാശിത ചെറുകഥകളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ചെറുകഥയ്ക്ക് നല്‍കിപ്പോരുന്നു.

പ്രശസ്ത കവിയും നോവലിസ്റ്റും ഈ വര്‍ഷത്തെ സരസ്വതിസമ്മാന്‍ ജേതാവുമായ ശ്രീ പ്രഭാവര്‍മ്മ ചെയര്‍മാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ വി ഷിനിലാലും എസ് സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

ജപ്പാന്‍, ചൈന, ആസ്‌ത്രേലിയ, ന്യൂസിലന്റ്, ഫിലിപ്പീന്‍സ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫുനാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളി എഴുത്തുകാരില്‍നിന്ന് ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വര്‍ഷം പുരസ്‌കാരത്തിനായി മത്സരിച്ചത്.

2024 നവംബര്‍ 22 വെള്ളിയാഴ്ച വൈകിട്ട് ദോഹയില്‍ വച്ചു നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പുരസ്‌കാരസമര്‍പ്പണവും സംസ്‌കാരിക സമ്മേളനവും നടക്കുമെന്ന് ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീര്‍, ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, പ്രവാസിക്ഷേമബോര്‍ഡ് ഡയറക്ടറും മുന്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറിയുമായ ഇ എം സുധീര്‍, സാഹിത്യ പുരസ്‌കാരസമിതി കണ്‍വീനര്‍ ശ്രീനാഥ് ശങ്കരന്‍കുട്ടി, മറ്റു സംസ്‌കൃതി ഭാരവാഹികള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!