ഖത്തറില്‍ ഹോം ക്വാറന്റൈന് ലംഘിച്ച 7 പേര് അറസ്റ്റില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന് ലംഘിച്ച 7 പേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹോം ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.
അബ്ദുള്‍ മുഹ്സിന് അലി മിസ്ഫര്‍ മുഹമ്മദ് അല്‍ ജര്ബൂയി, മുബാറക് അലി ഖുവൈതര് ഹൈഷ് അല്‍ ഹാഷമി, അഭിജിത് അനില്‍കുമാര്‍, മുഹമ്മദ് സോബി, മുഹമ്മദ് ഖാന്, വെനോട്ട് ദര്ശന് മുട്ടു മുത്തുകുമാര്‍, സാഹിദ് അബ്ദുല്‍ ജബ്ബാര്‍ ഷാഹുല്‍ ഹമീദ് എന്നിവരാണ് അസ്റ്റിലായത്.
വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷമാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ 2004ലെ പീനല്‍ കോഡ് നമ്പര്‍ (11) ലെ ആര്‍ട്ടിക്കിള്‍ (253), പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് 1990 ലെ ആര്‍ട്ടിക്കിള്‍ (17), 2002 ലെ സമൂഹത്തിന്റെ സുരക്ഷ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 17 എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കും.
സ്വദേശികളും വിദേശികളും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സഹകരിക്കുകയും മഹാമാരിയെ പ്രതിരോധിക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.