ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രി സഭ തീരുമാനം , ഡിസംബര്‍ 31 മുതല്‍ എല്ലാ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുകയും ഏറ്റവും പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭയുടെ വാരാന്ത യോഗം തീരുമാനിച്ചു.
ഇന്നത്തെ തീരുമാനമനുസരിച്ച് ഡിസംബര്‍ 31 മുതല്‍ എല്ലാ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കും. കളിക്കുമ്പോഴും കായിക പരിശീലനത്തിലേര്‍ലപ്പെടുമ്പോഴും മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ.
കോണ്‍ഫറന്‍സുകളും എക്‌സിബിഷനുകളും ഇവന്റുകളും തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 75% ശേഷിയിലും അടച്ച സ്ഥലങ്ങളില്‍ പരമാവധി 75% ശേഷിയിലും നടത്താം.
പങ്കെടുക്കുന്നവരില്‍ 90% പേരും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തവരാകണം. വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് അല്ലെങ്കില്‍ പിസിആര്‍ ടെസ്റ്റ് നടത്തണം.
എല്ലാ സാഹചര്യങ്ങളിലും കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍ , ഇവന്റ് എന്നിവ നടത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ണ്ണയിച്ചിട്ടുള്ള ആരോഗ്യ ആവശ്യകതകള്‍, നടപടിക്രമങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, നിയന്ത്രണങ്ങള്‍ എന്നിവ എല്ലാവരും പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും. ഇതിനായി
ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുതലായവ സഹകരിച്ച് പ്രവര്‍ത്തിക്കും.