ഫിഫ ഇന്‍ഫ്‌ളുവന്‍സര്‍ കപ്പിലെ മലയാളി സാന്നിധ്യമായി ഹാദിയ ഹകീം
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ മുന്നോടിയായി സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സംഘടിപ്പിക്കുന്ന ഫിഫ ഇന്‍ഫ്‌ളുവന്‍സര്‍ കപ്പിലെ മലയാളി സാന്നിധ്യമായി ഹാദിയ ഹകീം . ടീം ഏഷ്യ. ടീം യൂറോപ്പ്, ടീം അമേരിക്ക, ടീം മെന എന്നിങ്ങനെ നാല് ടീമുകളായാണ് മല്‍സരം നടക്കുക. ഓരോ ടീമിലും 7 -8 അംഗങ്ങളാണുള്ളത്. നാളെയും മറ്റന്നാളുമായി ദോഹയില്‍ നടക്കുന്ന മല്‍സരത്തില്‍ ടീം ഏഷ്യയിലാണ് ഹാദിയ സ്ഥാനം പിടിച്ചിരിക്കുന്നത്.
സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ക്ഷണപ്രകാരം ഹാദിയ ഹകീം ഇന്നാണ് ഖത്തറിലെത്തിയത്. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിനിയാണ് ഹാദിയ ഹകീം.
നാട്ടിലെ ഒരു സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ ഫുട്‌ബോള്‍ ഫ്രീ സ്റ്റൈല്‍ ചെയ്താണ് ഈ മാപ്പിള പെണ്‍ കുട്ടി കാല്‍പന്തുകളിയാരാധകരുടെ ശ്രദ്ധ നേടിയത്. 2020 ജനുവരി 8 ന് നടന്ന ഹാദിയയുടെ പ്രകടനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നാല്‍പതിനായിരത്തിലധികം ഫോളോവര്‍മാരുളള ഹാദിയ ഇന്ത്യയിലെ വിവിധ ഫ്രീ സ്റ്റൈല്‍ മല്‍സരങ്ങളില്‍ മാറ്റുരച്ചിട്ടുണ്ട്. കേരള ഫ്രീ സ്റ്റൈല്‍ ഓണ്‍ ലൈന്‍ ബാറ്റില്‍ സമ്മാനം നേടിയ ഹാദിയ റെഡ് ബുള്‍ ഒപീനിയണ്‍ ലീഡറാണ് .
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ വിദ്യാര്‍ഥിനിയായ ഹാദിയ ഹകീം ഖത്തര്‍ പെട്രോളിയം ജീവനക്കാരനായിരുന്ന അബ്ദുല്‍ ഹകീമിന്റെ മകളാണ് .
ഇന്ത്യയിലെ എസി മിലാന്‍ അക്കാദമി കോച്ചായി തെരഞ്ഞെടുക്കപ്പെട്ട ഹിഷാം ഹകീം സഹോദരനാണ് .