പെരിങ്ങോട്ടുകര അസ്സോസിയേഷന് പുതിയ ഭാരവാഹികള്‍
പെരിങ്ങോട്ടുകര അസ്സോസിയേഷന് പുതിയ ഭാരവാഹികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം പഞ്ചായത്തു നിവാസികളുടെ കൂട്ടായ്മയായ താന്ന്യം ഗ്രാമപഞ്ചായത്ത് പെരിങ്ങോട്ടുകര അസ്സോസിയേഷന് പുതിയ ഭാരവാഹികള്‍. ദോഹയിലെ ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടന്ന അസോസിയേഷന്റെ പന്ത്രണ്ടാം വാര്‍ഷികവും കുടുംബസംഗമവുമാണ് 2022-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ വെളക്കപ്പാടി, ജനറല്‍ സെക്രട്ടറി സുബൈര്‍ കണ്ണന്‍കില്ലത്ത് , ട്രഷറര്‍ സജാദ് , മുഖ്യ രക്ഷാധികാരി അഷ്റഫ് അമ്പലത്ത്, ചീഫ് കോഡിനേറ്റര്‍ കാദിര്‍ ഫില്‍ഫില, മീഡിയ കോഡിനേറ്റര്‍ ഹബീബ് ചെമ്മാപ്പിള്ളി എന്നിവരെ കൂടാതെ 21 പേര്‍ അടങ്ങുന്ന എക്സികുട്ടീവ് മെമ്പര്‍മാരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പഞ്ചായത്തിലെ നിര്‍ദ്ധനരായ ആളുകളെ ചേര്‍ത്ത് നിര്‍ത്തി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തും, സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഖത്തറിലെ വേറിട്ട സംഘടനയാണ് പെരിങ്ങോട്ടുകര അസ്സോസ്സിയേഷന്‍ എന്ന് ഹമദ് ഹോസ്പിറ്റലിലെ കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും, സംഗീത കലാ സാഹിത്യ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യവുമായ ഡോ. റഷീദ് പട്ടത്ത് തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. തദവസരത്തില്‍ സംഘടനയുടെ സുവനീര്‍ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. സംഘടനയുടെ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഫ്ളയര്‍
നുവൈദ് നുവിയും , സംഘടന വെബ്സൈറ്റ് ജനറല്‍സെക്രട്ടറി സുബൈറും പ്രകാശനം ചെയ്തു.
ചടങ്ങില്‍ സംഘടനയുടെ പുതിയ ലോഗോയുടെ പ്രകാശനം മുഖ്യ രക്ഷാധികാരി അഷ്റഫ് അമ്പലത്തും നിര്‍വഹിച്ചു .
ദോഹയിലെ പ്രശസ്ത ഗായകരായ മുരളി മാധവന്‍,സെന്‍ജിത്, സെമി നൗഫല്‍ ,മെഹ്ദിയ മന്‍സൂര്‍ എന്നിവര്‍ നയിച്ച ഗാനമേളയും, ഫ്ളവര്‍ ടീവി ഫെയിം ഇസ്മായില്‍ നന്ദിയുടെ സ്പോട് ഡബ്ബിങ്,ശ്രീജിത്ത് നാരീക്കോടിന്റെ കോമഡി ഷോയും, മാളവിക ഉണ്ണികൃഷ്ണന്റെ സെമി ക്ളാസ്സിക്കല്‍ നൃത്തവും, പ്രണയ സമാനമായ ആത്മീയതയുടെ അതീന്ദ്രിയ ചലനങ്ങള്‍ വിസ്മയ സമാനമായി, സൂഫി നൃത്തവും കഥകും സമന്വയിപ്പിച്ചു കൊണ്ട്, ദോഹയിലെ പ്രശസ്ത കൊറിയോ ഗ്രാഫറായ മാമനി നാഗസ്വാമിയുടെ ഫ്യൂഷന്‍ ഡാന്‍സും, നാടന്‍ പാട്ടിലൂടെ ദോഹയിലെ വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന രാഹുല്‍ കല്ലിങ്ങലിന്റെ നാടന്‍ പാട്ടും, സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ആനന്ദപുളകിതരാക്കി.