സജി ജേക്കബിന്റെ കവിതാസമാഹാരം ‘ ആദാമിന്റെ ഷോവനിസ്‌റ് മരണങ്ങള്‍’ പ്രകാശനം ചെയ്തു
യുവ എഴുത്തുകാരന്‍ സജി ജേക്കബിന്റെ ആദ്യത്തെ കവിതാസമാഹാരം, ‘ആദാമിന്റെ ഷോവനിസ്‌റ് മരണങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 29നു ഖത്തറിലെ കലാക്ഷേത്രയില്‍ വച്ച് നടന്നു. പ്രകാശനം പ്രമുഖ എഴുത്തുകാരി ഷീല ടോമി യുവ എഴുത്തുകാരന്‍ സുഹാസ് പാറക്കണ്ടിക്ക് കൊടുത്ത് നിര്‍വഹിച്ചു. തന്‍സീം കുറ്റ്യാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീനാഥ് ശങ്കരന്‍കുട്ടി പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. വേറിട്ട അവതരണ ശൈലികൊണ്ട് നാട്ടുകാഴ്ചകളെ വരച്ചുകാട്ടുന്ന നിറമുള്ള വായനാനുഭവമാണ് പുസ്തകത്തിന്റേതെന്ന് ശ്രീനാഥ് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. നവാസ് ഗുരുവായൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബദറുദ്ദീന്‍ മുഹമ്മദ്, ശ്രീകല പ്രകാശന്‍, സുനില്‍ പെരുമ്പാവൂര്‍ , അബ്ബാസ് ഒടമലക്കുണ്ട് , സുധീഷ് സുബ്രമണ്യന്‍ തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആശംസകളറിയിച്ചു ചടങ്ങില്‍ സന്നിഹിതരായിരുന്നു. എഴുത്തുകാരന്‍ നടന്നു തീര്‍ത്ത വഴികളിലെ നിറം മങ്ങാതെ കിടക്കുന്ന ഓര്‍മകളുടെ അടയാളപ്പെടുത്തലുകളാണ് പല കവിതകളുമെന്നു സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു.
പുസ്തകത്തിന്റെ ആദ്യകോപ്പി എഴുത്തുകാരന്റെ ജന്മനാടായ ചാലക്കുടി പോട്ടയിലെ പി വി എഫ് ലൈബ്രറിക്ക് സമര്‍പ്പിച്ചു. ആദ്യകോപ്പി പി വി എഫ് ലൈബ്രറിക്കു വേണ്ടി മുഖ്യ രക്ഷാധികാരി പൊറിഞ്ചു വെളിയത്ത് എഴുത്തുകാരന്റെ പിതാവ് ജേക്കബ് പി പി യില്‍ നിന്നും ഏറ്റുവാങ്ങി. ലിറ്റി പൊറിഞ്ചു, ബിന്‍സി സജി , ഫാദര്‍ സാന്റോ പുല്ലന്‍ , സ്റ്റാന്‍ലി പുല്ലന്‍ , ബിജിത് ബാബു എന്നിവര്‍ ആദ്യകോപ്പി സമര്‍പ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. പാരമ്പര്യ പാട്രിയാര്‍ക്കി രീതികളുടെ നേര്‍ച്ചിത്രം വരച്ചു കാട്ടുന്ന പതിനാറു കവിതകളടങ്ങുന്ന ‘ആദാമിന്റെ ഷോവനിസ്‌റ് മരണങ്ങള്‍’ യൂണികോഡ് സെല്ഫ് പബ്ലിഷിംഗ് കമ്പനിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറുപത് രൂപ വിലയുള്ള പുസ്തകത്തിന്റെ കോപ്പികള്‍ ആമസോണില്‍ ലഭ്യമാണെന്ന് പ്രസാധകര്‍ അറിയിച്ചു