ഫിഫ 2022, വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ ഇന്നവസാനിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ല്‍ വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ ഇന്നവസാനിക്കും. വ്യക്തിഗത അഭിമുഖങ്ങള്‍ ഓഗസ്റ്റ് 13-നകം പൂര്‍ത്തിയാക്കുമെന്നും സംഘാടകര്‍ അറിയിച്ചു. അഭിമുഖം പൂര്‍ത്തിയാക്കിയ നിരവധി പേര്‍ക്ക് ഇതിനകം തന്നെ റോള്‍ ഓഫര്‍ ലഭിച്ചിട്ടുണ്ട്.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിലായി നടക്കുന്ന മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യ ഫിഫ ലോകകപ്പിനായി ഫിഫയും ഖത്തറും 20,000 വളണ്ടിയര്‍മാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. 45 പ്രവര്‍ത്തന മേഖലകളെയും 30-ലധികം വ്യത്യസ്ത ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്ന വളണ്ടിയര്‍മാര്‍ ടൂര്‍ണമെന്റ് പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമായിരിക്കും.
ഈ വര്‍ഷം മാര്‍ച്ചില്‍ കത്താറ ആംഫി തിയേറ്ററില്‍ ആരംഭിച്ച ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വളണ്ടിയര്‍ പ്രോഗ്രാം ദോഹയില്‍ വോളണ്ടിയര്‍ സെന്റര്‍ ആരംഭിച്ച മെയ് പകുതി മുതല്‍ 170 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ അഭിമുഖം നടത്തി കഴിഞ്ഞു.
വളണ്ടിയര്‍മാര്‍ 2022 ഒക്ടോബര്‍ 1-നകം 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും ഇംഗ്ലീഷ് സംസാരിക്കുന്നവരും ടൂര്‍ണമെന്റിനിടെ കുറഞ്ഞത് 10 ഷിഫ്റ്റുകളിലെങ്കിലും സേവനം ചെയ്യാന്‍ സന്നദ്ധരുമായിരിക്കണം. ചില വളണ്ടിയര്‍ റോളുകള്‍ ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കും.