സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി മുവാസ്വലാത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ. സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി മുവാസ്വലാത്ത്. ഫിഫ 2022 ലോകകപ്പിനെത്തുന്ന ആരാധകരുടെ ഗതാഗത്തിനായി സജ്ജമാക്കിയ 2300 ലോകോത്തര ബസ്സുകളാണ് 80 റൂട്ടുകളിലായി പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ പ്രത്യേക ബ്രാന്‍ഡിംഗുകളുള്ള ബസ്സുകളുടെ നീണ്ട നിരകള്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കൗതുകകരമായ കാഴ്ചയൊരുക്കി.
സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും ഗതാഗതത്തിരക്കുണ്ടായേക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നേരത്തെം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ കാര്യമായ ഗതാഗതക്കുരുക്കുകളൊന്നുമില്ലാതെയാണ് ബസ്സുകള്‍ രണ്ട് ദിവസത്തെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്.
ടൂര്‍ണമെന്റ് ബസ് സര്‍വീസുകള്‍ക്കായി പ്രത്യേകം പരിശീലിപ്പിച്ച ഡ്രൈവര്‍മാരുടെ മേല്‍നോട്ടത്തിലാണ് പരീക്ഷണ ഓട്ടം നടന്നത്. രാജ്യത്തെ 25 പ്രധാന ബസ് ഡിപ്പോകളും ഓപ്പറേഷന്‍ ഹബ്ബുകളും ബന്ധിപ്പിച്ച പരീക്ഷണഓട്ടം സൂഖ് വാഖിഫ്,
ഫാന്‍ സോണുകള്‍, വെസ്റ്റ് ബേ, ഉമ്മു ബെഷര്‍, ബര്‍വ മദീനത്‌ന, ബരാഹത്ത് അല്‍ ജനൂബ് തുടങ്ങിയ കേന്ദ്രങ്ങളിലുടെ കടന്നുപോയി .
ആഭ്യന്തര മന്ത്രാലയവും അശ്ഗാലുമായി സഹകരിച്ചാണ് മുവാസലാത്ത് ബസ്സുകളുടെ പരീക്ഷണ ഓട്ടം നടത്തിയത്.