പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് ഫെസ്റ്റിവല്‍ വിജയികളെ ആദരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് ഫെസ്റ്റിവല്‍ വിജയികളെ ആദരിച്ചു. വെള്ളിയാഴ്ച സീലൈന്‍ ഏരിയയിലെ സബ്ഖാത് മര്‍മിയില്‍ നടന്ന ചടങ്ങില്‍ മാര്‍മി 2023 രക്ഷാധികാരി ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍താനിയാണ് വിജയികളെ ആദരിച്ചത്.
ഹദ്ദാദ് അല്‍ തഹാദിയുടെ മത്സരങ്ങളുടെ ഫൈനലിന് ശേഷമാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. വിജയികളെ ആദരിക്കുന്നതിനും അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിനും പുറമെ, ഖത്തറിലെ ഫാല്‍ക്കണ്‍ പൈതൃകത്തിന് മികച്ച പിന്തുണ നല്‍കിയതിനും 2019, 20, 21, 22 വര്‍ഷങ്ങളില്‍ റാസ് ലഫാന്‍ ഫാല്‍ക്കണ്‍ ചാമ്പ്യന്‍ഷിപ്പ് സ്പോണ്സര് ചെയ്തതിനും സാദ് ഷഹീന് അല്‍ ഹുമൈദി പ്രതിനിധീകരിക്കുന്ന റാസ് ലഫാന്‍ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിനെയും ശൈഖ് ജൗആന്‍ ആദരിച്ചു.
ഹദ്ദാദ് അല്‍ തഹാദിയിലെ ഓരോ ഫൈനലിസ്റ്റുകള്‍ക്കും ടീമുകളും വ്യക്തിഗത ഫാല്ക്കണറുകളും ഉള്‍പ്പെടെ 100,000 റിയാല്‍ സമ്മാനം ലഭിച്ചു. അല്‍ തലാഅ (ഫാല്‍ക്കണുകളെ വേട്ടയാടാന്‍ വിടുക) മത്സരങ്ങളുടെ ഫൈനലിലെ ആദ്യ വിജയിക്ക് ലാന്‍ഡ് ക്രൂയിസര്‍ ജിഎക്സ്ആര്‍ വെഹിക്കിളും രണ്ടാമത്തേതിന് ലാന്‍ഡ് ക്രൂയിസര്‍ ജിഎക്സും മൂന്നാമന് 100,000 റിയാലുമാണ് ലഭിച്ചത്.
അല്‍ ദാവ് (ഫാല്‍ക്കണ്‍ സ്പീഡിംഗ്) ലോക്കല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെ വിജയികള്‍ നിരവധി സമ്മാനങ്ങളും നേടി. ആദ്യ വിജയിക്ക് ലാന്‍ഡ് ക്രൂയിസര്‍ ജിഎക്സ് വെഹിക്കിളും രണ്ടാമത്തേതിന് ടൊയോട്ട പിക്കപ്പും മൂന്നാമന് 50,000 റിയാല്‍ സമ്മാനവും ലഭിച്ചു. അല്‍ ദാവിലെ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് വിജയികള്‍ക്കും ഒരേ സമ്മാനങ്ങള്‍ ലഭിച്ചു.
അല്‍ ദാവിലെ പ്രീമിയര്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയികളെ സംബന്ധിച്ചിടത്തോളം: ആദ്യത്തേതിന് ലാന്‍ഡ് ക്രൂയിസര്‍ ജിഎക്സ്ആര്‍, രണ്ടാമത്തേതിന് ലാന്‍ഡ് ക്രൂയിസര്‍ ജിഎക്സ്, മൂന്നാമന് 100,000 റിയാല്‍ എന്നിങ്ങനെയായിരുന്നു സമ്മാനങ്ങള്‍.
സലൂക്കി ഡോഗ് റേസിലെ ആദ്യ മൂന്ന് വിജയികള്‍ക്ക് ലാന്‍ഡ് ക്രൂയിസര്‍ , പിക്കപ്പ്, 50,000 റിയാല്‍ എന്നിവ ലഭിച്ചു. പ്രോമിസിംഗ് ഫാല്‍ക്കണര്‍ വിഭാഗത്തില്‍, ആദ്യത്തെ പത്ത് വിജയികള്‍ക്ക് , ആദ്യ വിജയിക്ക് 25000 റിയാലും അവസാന വിജയിക്ക് 8000 റിയാലുമടക്കം മൊത്തം 88,000 റിയാലുകള്‍ സമ്മാനമായി ലഭിച്ചു.
മര്‍മി 2023-ന്റെ പരമോന്നത സമിതിയായ അല്‍ ഖന്നാസ് ഖത്തരി സൊസൈറ്റിയുടെ ചെയര്മാന് അലി ബിന്‍ ഖാതേം അല്‍-മെഹ്ഷാദി, ഫെസ്റ്റിവലിന്റെ പിന്തുണയ്ക്കും സ്പോണ്‍സര്‍ഷിപ്പിനും ശൈഖ് ജൗആന്‍ നന്ദി പറഞ്ഞു. ഫെസ്റ്റിവലിന്റെ ഈ പതിപ്പ് അതിന്റെ വിജയം കൂടുതല്‍ ഉറപ്പിച്ചിട്ടുണ്ടെന്നും ഖത്തറില്‍ നിന്നും ജിസിസി രാജ്യങ്ങളില്‍ നിന്നും അറബ് ലോകത്തില്‍ നിന്നുമുള്ള വിപുലമായ പങ്കാളിത്തം ആസ്വദിച്ചതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാര്‍മി 2023 കത്താറ – കള്‍ച്ചറല്‍ വില്ലേജില്‍ ഫാല്‍ക്കണ്‍ സൗന്ദര്യ മത്സരത്തോടെ ഇന്ന് സമാപിക്കും.