സാംസ്കാരിക നയതന്ത്രം ഖത്തറിന്റെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: സംസ്കാരമില്ലാതെ സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമല്ലെന്നും സംസ്കാരം രാഷ്ട്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുമെന്നും സഹമന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി അഭിപ്രായപ്പെട്ടു. സഹവര്‍ത്തിത്വത്തില്‍ ആഴത്തിലുള്ള സംസ്കാരം അനിവാര്യമാണ്. ലോകമെമ്പാടും നടക്കുന്ന കാര്യങ്ങളില്‍ മുമ്പെന്നത്തേക്കാളും ഇപ്പോള്‍ ഇത് വളരെ പ്രധാനമാണ്, ‘ലൈബ്രറീസ് ലീഡ്’ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക നയതന്ത്രമാണ് ഖത്തറിന്റെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്കാരം അതിന്റെ എല്ലാ തലങ്ങളിലും ജനങ്ങളെയും രാഷ്ട്രങ്ങളെയും അടുപ്പിക്കുന്നുവെന്നും ഒരു രാജ്യത്തിന്റെ സാംസ്കാരിക സ്വത്വം രൂപപ്പെടുത്തുന്നതിലും ലോകജനതകള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെയും പരിചയത്തിന്റെയും അംബാസഡര്‍മാരായി വര്‍ത്തിക്കുന്നതിലും ഔപചാരികവും അനൗപചാരികവുമായ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറബ് സംസ്കാരം, വിജ്ഞാനം, ശാസ്ത്രം, സര്‍ഗ്ഗാത്മകത എന്നിവയുടെ അംബാസഡറാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറിയെന്നും അത് അതിന്റെ സംസ്കാരം, സ്വത്വം, ഭാഷ, പൈതൃകം എന്നിവയുടെ അംബാസഡറായി തുടരുമെന്നും ലൈബ്രറിയുടെ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ട് അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു.