ശൈഖ് അബ്ദുല്‍ റഹ്മാന് ബിന്‍ ഫഹദ് ബിന്‍ ഫൈസല്‍ ബിന്‍ താനി , ദോഹ ബാങ്ക് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
ദോഹ. ഖത്തറിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ദോഹ ബാങ്ക് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ശൈഖ് അബ്ദുല്‍ റഹ്മാന് ബിന്‍ ഫഹദ് ബിന്‍ ഫൈസല്‍ ബിന്‍ താനി നിയമിച്ചതായി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തിനും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ദോഹ ബാങ്ക് ആവശ്യമായ എല്ലാ അനുമതികളും നേടിയതിനുശേഷമാണ് നിയമന പ്രഖ്യാപനം.
ദോഹ ബാങ്ക് ചരിത്രത്തില്‍ ഒരു പുതിയ അധ്യായമെന്നാണ് ഈ നിയമനത്തെ വിലയിരുത്തപ്പെടുന്നത്. ഖത്തറി ബാങ്കിംഗ് വ്യവസായത്തില്‍ 15 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള
ശൈഖ് അബ്ദുല്‍ റഹ്മാന് ബിന്‍ ഫഹദ് ബിന്‍ ഫൈസല്‍ ബിന്‍ താനി ദുഖാന് ബാങ്കിലും ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്കിലുമായി റീട്ടെയില്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ്, കൂടാതെ അന്താരാഷ്ട്ര, സര്‍ക്കാര്‍ ബന്ധങ്ങള്‍ എന്നിവയിലുടനീളമുള്ള വിവിധ പോര്‍ട്ട്ഫോളിയോകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് നോര്‍തുംബ്രിയ യുകെയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്.
ദോഹ ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ ആയി ശൈഖ് അബ്ദുല്‍ റഹ്മാന് ബിന്‍ ഫഹദ് ബിന്‍ ഫൈസല്‍ ബിന്‍ താനിയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് നിയമനത്തെക്കുറിച്ച് ദോഹ ബാങ്ക് ചെയര്മാന് ശൈഖ് ഫഹദ് മുഹമ്മദ് ബിന്‍ ജാബര്‍ അല്‍ താനി പറഞ്ഞു.