Uncategorized

കരിപ്പൂര്‍ സ്ഥലമെടുപ്പ്; ആശങ്ക അകറ്റണം. ഗപാഖ്

ദോഹ. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുകയും പരിസ്ഥതി ആഘാത റിപ്പോര്‍ട്ട് അടക്കമുള്ള നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തീകരിച്ച് വികസനം സാദ്ധ്യമാക്കണമെന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാറിനോടും ബന്ധപ്പെട്ട എം.പിമാരോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

നേരത്തെ 2023 മാര്‍ച്ച് 31 നകം ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നായിരുന്നു കേന്ദ്രം നിര്‍ദേശിച്ചത്.
സ്ഥലം ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറച്ച് 2023 ആഗസ്റ്റ് ഒന്നോടെ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ ) ക്കായി സ്ഥലം കണ്ടെത്തേണ്ടതായി വരുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത് സ്ഥലം ലഭ്യമാക്കിയില്ലെങ്കില്‍ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള സാധ്യത ഇല്ലാതെയാവുകയും പ്രവാസികള്‍ അടക്കമുള്ളവര്‍ക്കും ഇപ്പോള്‍ ലഭിച്ച ഹജ്ജ് എംബാര്‍ക്കേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാതായി പ്രയാസത്തില്‍ ആവുമെന്നും സംഘടന ആശങ്ക അറിയിച്ചു.

2015 മുതല്‍ വിവിധ കാരണങ്ങളാല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാതിരിക്കുകയാണ്. നേരത്തെ നൂറ് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ചുരുങ്ങിയത് 14.5 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയാല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ കാര്യങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ഗപാഖ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന: ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുസ്തഫ ഏലത്തൂര്‍, ഗഫൂര്‍ കോഴിക്കോട്, പി.പി. സുബൈര്‍, അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, അന്‍വര്‍ സാദത്ത് ടി.എം.സി, കോയ കൊണ്ടോട്ടി, അന്‍വര്‍ ബാബു, ഷാഫി മൂഴിക്കല്‍, അബ്ദുല്‍ കരീം ഹാജി മേമുണ്ട, മശ്ഹൂദ് വി.സി, അമീന്‍ കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!