കൈരളി കള്‍ച്ചറല്‍ ഫോറം കൃഷി മന്ത്രി പി. പ്രസാദിന് നിവേദനം നല്കി
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ കേരളാ കൃഷി കാര്യ വകുപ്പ് മന്ത്രി പി. പ്രസാദിന്, പത്തനംത്തിട്ട ജില്ലയിലെ കര്‍ഷകരുടെയും, പൊതു ജനങ്ങളുടെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കൈരളി കള്‍ച്ചറല്‍ ഫോറം നിവേദനം നല്കി.
നെല്‍കര്‍ഷകന്റെ നെല്ല് സംഭരിച്ചു കഴിഞ്ഞാല്‍ അതിന്റെ പ്രതിഫലം കാലതാമസം കൂടാതെ എത്രയുംവേഗം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളില്‍ വന്യജീവികളുടെ ആക്രമണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു, ഇതിനു പരിഹാരം ഉണ്ടാക്കാന്‍, വനം വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം. മലയോര മേഖലയിലെ പട്ടയ ഭൂമിയില്‍ ഉള്ള തേക്ക് മരങ്ങള്‍ വെട്ടിയെടുത്തു ഉപയോഗിക്കാന്‍ വസ്തുവിന്റെ ഉടമസ്ഥന് അനുവാദം നല്‍കണം, അല്ലങ്കില്‍ അതിനുള്ള നിയമം നിര്‍മിക്കുക. 2018 ഡിസംബര്‍ 27 നു നിര്‍മാണം തുടങ്ങിയ തിരുവല്ല കുമ്പഴ റോഡില്‍ കോഴന്ചേരിയില് പണിയുന്ന പാലത്തിന്റെ പണി എത്രയും വേഗം പൂര്‍ത്തികരിക്കാന്‍ ഉള്ള നടപടികള്‍ സംസ്ഥാന ഗവര്‍ന്മെന്റിനെ കൊണ്ട് നടപ്പിലാക്കുക. തിരുവല്ലാ താലൂക്കിന്റെ പടിഞ്ഞാറന്‍ ഭാഗമായ അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം, കുറ്റൂര്‍ പഞ്ചായതുകളില്‍ അടിക്കടിയുണ്ടാകുന്ന പ്രളയത്തിനു ശാശ്വത പരിഹാരത്തിന് കേരള സംസ്ഥാന ഗവര്മെന്റില് നിന്നു നടപടി ഉണ്ടാക്കുക, തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങള്‍.
കൈരളി കള്‍ച്ചറല്‍ ഫോറത്തിന് വേണ്ടി തോമസ് കുര്യന് നെടുംത്തറയില്‍, ബെന്നി ജോര്‍ജ് താമരശേരില്‍, മിജു ജോര്‍ജ് ജേക്കബ്, രാജു വര്‍ഗിസ് പാട്ടത്തില്‍, ജീമോന്‍ കെ. മാത്യു, ബിജോ ഫിലിപ്പ്, തോമസ് എബ്രഹാം എന്നിവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.