റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഹൃദയാഘാതമുള്ള രോഗികള്‍ക്ക് ചികിത്സ വാഗ്ദാനം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്പറേഷന്
അമാനുല്ല വടക്കാങ്ങര
ദോഹ: റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഹൃദയാഘാതമുള്ള രോഗികള്‍ക്ക് ചികിത്സ വാഗ്ദാനം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഹാര്‍ട്ട് ഹോസ്പിറ്റല്‍. ഹൃദയാഘാതം ബാധിച്ച രോഗി ഹാര്‍ട്ട് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത് മുതല്‍ ശരാശരി 46 മിനിറ്റിനുള്ളില്‍ കത്തീറ്ററൈസേഷന്‍ വഴി അടഞ്ഞ ധമനികള്‍ തുറക്കുന്നുവെന്നതാണ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ നല്കുന്ന മികച്ച പരിചരണം. ഈ ചികിത്സാ നടപടിക്രമത്തിന്റെ ആഗോള നിലവാരം 90 മിനിറ്റാണ്.
ഹൃദയാഘാത കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അടിയന്തിരമായ മെഡിക്കല്‍ ഇടപെടല്‍ രോഗികളുടെ ജീവന് രക്ഷിക്കുന്നതില്‍ നിര്‍ണായകമാണെന്ന് എച്ച്എംസി ഹാര്‍ട്ട് ഹോസ്പിറ്റല്‍ സിഇഒയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. നിദാല്‍ അസദ് പറഞ്ഞു.’ഹൃദയാഘാതത്തിന് ശേഷം എത്ര വേഗത്തില്‍ ചികിത്സ നല്കുന്നുവോ അത്രയും വേഗത്തില്‍ രോഗിയുടെ ജീവന് രക്ഷിക്കാനായേക്കും. ഹൃദയാഘാതവും മെഡിക്കല്‍ ഇടപെടലും തമ്മിലുള്ള സമയദൈര്‍ഘ്യം, സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കൂട്ടുകയും ഇത് മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുമെന്ന് ‘ ഡോ നിദാല്‍ വിശദീകരിച്ചു.
‘ഹൃദയത്തിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുന്നതുമൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്, ഹൃദയപേശികള്‍ തകരാറിലാകുകയോ ദുര്‍ബലമാവുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അടിയന്തിരമായ കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ രോഗിയുടെ ജീവന് രക്ഷിക്കാന്‍ സഹായകമാകും.