Breaking News

ഫിഫ ലോക കപ്പ് ഖത്തര്‍ 2022 ടിക്കറ്റ് ബുക്കിംഗിന് വന്‍ പ്രതികരണം, ആദ്യ 24 മണിക്കൂറില്‍ 12 ലക്ഷം അപേക്ഷകള്‍

റഷാദ് മുബാറക്

ദോഹ. കാല്‍പന്തുകളിയാരാധകരുടെ ആവേശമുയര്‍ത്തി ചരിത്രത്തിലാദ്യമായി അറബ് ലോകത്ത് നടക്കുന്ന ഫിഫ ലോക കപ്പ് ഖത്തര്‍ 2022 വിനുളള ടിക്കറ്റ് ബുക്കിംഗിന് വന്‍ പ്രതികരണം. ആദ്യ 24 മണിക്കൂറില്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 ലക്ഷം പേരാണ് ടിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചത്. ഫിഫ ലോക കപ്പില്‍ കഴിഞ്ഞ 32 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

ആതിഥേയ രാജ്യമായ ഖത്തറില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് അപേക്ഷകള്‍. ഖത്തറില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകളുണ്ട്. എന്നാല്‍ എത്ര ശതമാനം പേര്‍ക്ക്് ടിക്കറ്റ് ലഭിക്കുമെന്ന് പറയാനാവില്ല. ഫെബ്രുവരി 8 വരെ ലഭിക്കുന്ന
റാന്‍ഡം നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടിക്കറ്റ്് ലഭിക്കുക. ഖത്തര്‍ കഴിഞ്ഞാല്‍
അര്‍ജന്റീന, മെക്‌സിക്കോ, യുഎസ്എ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ലഭിച്ചത്.

2022 ഡിസംബര്‍ 18-ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തിനായി 140,000 ത്തിലധികം ടിക്കറ്റുകള്‍ക്കുള്ള അപേക്ഷകളാണ് ആദ്യ 24 മണിക്കൂറില്‍ ലഭിച്ചത്. നവംബര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തിനുള്ള ടിക്കറ്റിന് 80,000-ത്തിലധികം ആളുകള്‍ അപേക്ഷ സമര്‍പ്പിച്ചു.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനുള്ള ഏക ഔദ്യോഗികവും നിയമാനുസൃതവുമായ വെബ്‌സൈറ്റ് FIFA.com/tickets ആണെന്ന് എല്ലാ ഫുട്‌ബോള്‍ ആരാധകരെയും ഫിഫ ഓര്‍മ്മിപ്പിച്ചു.

2022 ഫെബ്രുവരി 8-ന് ദോഹ സമയം 13:00-ന് അവസാനിക്കുന്ന ഈ ആദ്യ വില്‍പ്പന കാലയളവില്‍, ആരാധകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ടിക്കറ്റ് അപേക്ഷ സമര്‍പ്പിക്കാനാകും. ഈ പ്രാരംഭ ഘട്ടത്തില്‍, ടിക്കറ്റ് അപേക്ഷാ കാലയളവ് അവസാനിച്ചതിന് ശേഷം മാത്രമേ ടിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുകയുള്ളൂവെന്നതിനാല്‍, ആദ്യ ദിവസമോ അവസാന ദിവസമോ അതിനിടയിലുള്ള ഏത് സമയമോ അപേക്ഷകള്‍ സമര്‍പ്പിച്ചാലും വ്യത്യാസമില്ല.

ടിക്കറ്റ് അപേക്ഷകളുടെ ഫലമറിയാന്‍ ് 8 മാര്‍ച്ച് 2022 ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

Related Articles

Back to top button
error: Content is protected !!